BusinessTRENDING

ടാറ്റ ഹാരിയറിന് പുതിയ വേരിയന്റുകൾ

ടാറ്റ ഹാരിയർ എസ്‌യുവി മോഡൽ ലൈനപ്പ് രണ്ട് പുതിയ വേരിയന്റുകളോടെ വിപുലീകരിച്ചു. XMS, XMAS എന്നിങ്ങനെ രണ്ട് പുതിയ വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചത്. ഈ രണ്ട് പുതിയ മോഡലുകളും യഥാക്രമം ഹാരിയറിന്‍റെ XM, XMA വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. XE, XM വേരിയന്റുകൾക്ക് മുകളിലുള്ള XMS മാനുവൽ പതിപ്പിന് 17.20 ലക്ഷം രൂപയാണ് പ്രാരംഭ വില. XMA വേരിയന്റിന് മുകളിൽ സ്ഥാനം പിടിക്കുന്ന പുതിയ ടാറ്റ ഹാരിയർ XMAS ഓട്ടോമാറ്റിക്കിന് 18.50 ലക്ഷം രൂപ മുതലാണ് വില. മേൽപ്പറഞ്ഞ വിലകൾ പ്രാരംഭ എക്സ്-ഷോറൂം വിലകള്‍ ആണ്.

XM, XMA എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ടാറ്റ ഹാരിയർ XMS, XMAS വേരിയന്റുകൾക്ക് ഏകദേശം 1.11 ലക്ഷം രൂപ വില കൂടുതലാണ്. സാധാരണ ഫിറ്റ്‌മെന്റായി പനോരമിക് സൺറൂഫ് വരുന്നു. നേരത്തെ, ഇത് XT+, XTA+, XZ+, XZA+, XZS, XZAS എന്നീ വേരിയന്റുകളിൽ മാത്രമാണ് ഇത് ലഭ്യമായിരുന്നത്. ഫീച്ചർ ലിസ്റ്റിൽ എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക്കലി ഫോൾഡബിൾ ORVM, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ എന്നിവയും ഉൾപ്പെടുന്നു.

പുതിയ ടാറ്റ ഹാരിയർ XMS, XMAS വേരിയന്റുകൾക്ക് XM, XMA മോഡലുകളിൽ വാഗ്ദാനം ചെയ്യുന്ന സെൻട്രൽ ലോക്കിംഗ് സിസ്റ്റം നഷ്‌ടപ്പെടുന്നു എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. 170 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും നൽകുന്ന അതേ 2.0 എൽ ടർബോ ഡീസൽ എഞ്ചിൻ തന്നെയാണ് പുതിയ വേരിയന്റുകളിലും ഉപയോഗിച്ചിരിക്കുന്നത്. XMS വേരിയന്റിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമാണുള്ളത്, XMAS വേരിയന്റിന് 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭ്യമാണ്.

അതേസമയം ടാറ്റാ മോട്ടോഴസ് അടുത്തിടെ 2022 ഓഗസ്റ്റിലെ വിൽപ്പന കണക്കുകള്‍ പുറത്തുവിട്ടിരുന്നു. യാത്രാ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും നിർമ്മിക്കുന്ന ഈ ജനപ്രിയ ഇന്ത്യൻ കാർ നിർമ്മാതാവ് കഴിഞ്ഞ മാസം ആകെ 78,843 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി എന്നാണ് കണക്കുകള്‍. ഇതിൽ 47,166 യൂണിറ്റുകളാണ് യാത്രാ വാഹനങ്ങൾ.

ഇതില്‍ 43,321 ഐസിഇ വാഹനങ്ങളും 3,845 ഇലക്ട്രിക്ക് വാഹനങ്ങളും ഉൾപ്പെടുന്നു. വാർഷിക വില്‍പ്പന കണക്കുകള്‍ അനുസരിച്ച് യാത്രാ വാഹനങ്ങളുടെ വിൽപ്പന 68 ശതമാനം വർധിച്ചു. അതേസമയം, കാർ നിർമ്മാതാവിന്റെ ഇലക്ട്രിക്ക് വാഹന പോർട്ട്‌ഫോളിയോയിൽ ടിഗോര്‍ ഇവി, ടാറ്റാ നെക്സോണ്‍ ഇവി പ്രൈം, ടാറ്റാ നെക്സോണ്‍ ഇവി മാക്സ് എന്നിവ ഉൾപ്പെടുന്നു .

Back to top button
error: