NEWS

പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായി നാളെ കൂടിക്കാഴ്ച നടത്തും

ബംഗളൂരു :സില്‍വര്‍ ലൈന്‍, നിലമ്ബൂര്‍ നഞ്ചന്‍കോട് പാത ഉള്‍പ്പെടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായി നാളെ കൂടിക്കാഴ്ച നടത്തും.

നാളെ രാവിലെ 9.30ന് ബെംഗളുരുവിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. സില്‍വര്‍ലൈന്‍ പാത മംഗളുരു വരെ നീട്ടുന്നത് ഉള്‍പ്പെടെ ഇരുവരും ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഇത് കൂടാതെ ബാഗെപ്പള്ളിയില്‍ സി.പി.എം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും പിണറായി വിജയന്‍ പങ്കെടുക്കും.

തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ യോഗത്തില്‍ സില്‍വര്‍ ലൈന്‍ മംഗളുരു വരെ നീട്ടാന്‍ കേരളം കര്‍ണാടകയുടെ പിന്തുണ തേടിയിരുന്നു. മുഖ്യമന്ത്രിമാര്‍ തമ്മില്‍ സില്‍വര്‍ലൈന്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിന് കൗണ്‍സിലില്‍ ധാരണയായിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് നാളത്തെ ചര്‍ച്ച.

 

 

ഡി.പി.ആര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിവരങ്ങള്‍ കേരളം കര്‍ണാടകയ്ക്ക് കൈമാറും. തലശേരി മൈസൂരു, നിലമ്ബൂര്‍ നഞ്ചന്‍കോട് റെയില്‍പാതകളുടെ കാര്യത്തിലും ചര്‍ച്ച നടക്കും.

Back to top button
error: