ചീറ്റക്കൂട്ടത്തെ ചരിത്രത്തിലേക്ക് തുറന്നുവിട്ട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: നമീബിയയില്‍ നിന്നും എത്തിയ ചീറ്റകളെ കുനോ ദേശീയോദ്യാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടു. എട്ട് ചീറ്റകളെയാണ് ക്വാറന്റീനായി തുറന്നുവിട്ടത്. തുറന്നുവിട്ടശേഷം പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയെടുത്തു. മൂന്ന് ചീറ്റകളെയാണ് പ്രധാനമന്ത്രി ആദ്യം തുറന്ന് വിട്ടത്. ബാക്കിയുള്ളവയെ വനം വകുപ്പ് ഉദ്യോഗസ്ഥരും. കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകള്‍ ഇന്ത്യയിലെത്തിയതോടെ 13 വര്‍ഷത്തെ പ്രയത്‌നമാണ് സാക്ഷാത്കരിച്ചത്. പ്രധാനമന്ത്രിയുടെ പിറന്നാള്‍ കൂടിയാണ് ഇന്ന്. ചീറ്റകളെ നല്‍കിയതിന് നമീബിയയ്ക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, ഇത് ഇന്ത്യയ്ക്ക് ചരിത്രനിമിഷമാണെന്നും പറഞ്ഞു.
2009 ല്‍ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. 7 പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്കു വംശനാശം വന്നത്. കടുവയുടെ ചിത്രം പതിപ്പിച്ച മുന്‍ഭാഗമുള്ള ബോയിങ് 747 കാര്‍ഗോ വിമാനത്തിലാണ് പ്രത്യേക കൂടുകളില്‍ 8 ചീറ്റകളെ നമീബിയയിലെ വിന്‍ഡ്ഹോക് വിമാനത്താവളത്തില്‍ നിന്ന് രാവിലെ മധ്യപ്രദേശിലെ ഗ്വാളിയര്‍ വിമാനത്താവളത്തിലിറക്കിയത്.തുടര്‍ന്ന് സംസ്ഥാനത്തു തന്നെയുള്ള കുനോ ദേശീയോദ്യാനത്തിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിക്കുകയായിരുന്നു.
6 ആഴ്ചയ്ക്കുള്ളില്‍ ആണ്‍മൃഗങ്ങളെയും 4 ആഴ്ചയ്ക്കുള്ളില്‍ പെണ്‍മൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നുവിടും. വന്യജീവി, മൃഗാരോഗ്യ വിദഗ്ധര്‍, നമീബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ തുടങ്ങിയവരും വിമാനത്തിലുണ്ട്. 5 വര്‍ഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാന്‍ ‘പ്രോജക്ട് ചീറ്റ’ ലക്ഷ്യമിടുന്നു
കൊണ്ടുവന്ന ചീറ്റകളില്‍ 5 പെണ്ണും 3 ആണുമുണ്ട്. പെണ്‍ ചീറ്റകള്‍ക്ക് 2.5 വയസും ആണ്‍ ചീറ്റകള്‍ക്ക് 4.5- 5.5 വയസുമാണ് പ്രായം. സഞ്ചാരപഥം മനസിലാക്കുന്നതിന് ജി.പി.എസ്. സംവിധാനമുള്ള റേഡിയോ കോളറുകള്‍ ഇവയുടെ കഴുത്തിലണിയിക്കും. ഓരോന്നിന്റെയും നിരീക്ഷണം പ്രത്യേക സംഘങ്ങള്‍ക്കായിരിക്കും.