KeralaNEWS

ഓണസദ്യ മാലിന്യ കുപ്പയില്‍ തള്ളിയ സംഭവം; ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി പിന്‍വലിച്ചു

തിരുവനന്തപുരം: ഓണസദ്യ മാലിന്യ കുപ്പയില്‍ തള്ളിയ സംഭവത്തില്‍ ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി പിന്‍വലിച്ചു. ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻന്‍റ് ചെയ്ത നടപടിയും നാല് താൽക്കാലിക തൊഴിലാളികളെ പുറത്താക്കിയ നടപടിയുമാണ് പിൻവലിച്ചത്. തൊഴിലാളികളുടെ വിശദീകരണം കേട്ട ശേഷമാണ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്‍റെ തീരുമാനം.

ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയതിന്റെ പേരിൽ ശുചീകരണ തൊഴിലാളികൾക്കെതിരെ എടുത്ത നടപടി പിൻവലിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടിരുന്നു.  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കത്ത് നൽകുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വിരുദ്ധാഭിപ്രായങ്ങൾ പറഞ്ഞിരുന്നു. പ്രതിഷേധിക്കുന്നവരെ ജോലിയിൽ നിന്ന് പുറത്താക്കുന്ന പാർട്ടിയല്ല സിപിഎം എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്. അതേസമയം എന്തിന്‍റെ പേരിലായാലും ഭക്ഷണം വലിച്ചറിഞ്ഞത് അവിവേകമാണെന്നായിരുന്നു സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞത്.

Signature-ad

ജോലിയെല്ലാം നേരത്തെ തീർത്തിട്ടും ഓണാഘോഷത്തിന് തൊട്ടു മുമ്പ് അറവുമാലിന്യം പെറുക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആവശ്യപ്പെട്ടതിനെതിരെയായിരുന്നു ശനിയാഴ്ച സിഐടിയു തൊഴിലാളികൾ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിഷേധിച്ചത്. ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം പേർക്ക് കഴിക്കാനുള്ള ആഹാരമാണ് നശിപ്പിച്ചത്. ഓണാഘോഷം തടയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നായിരുന്നു ന്യായീകരണം. എന്നാല്‍, യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള ചേരിപ്പോരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഒരുവിഭാഗം അഭിപ്രായപ്പെട്ടത്. സംഭവത്തിൽ നഗരസഭ ജീവനക്കാർ കുറ്റക്കാരാണെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. ജീവനക്കാർ ഓണസദ്യ എയറോബിക് ബിന്നിലേക്ക് തട്ടി കളയുന്നതിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഹെൽത്ത് സൂപ്പർവൈസറോട് ആവശ്യപ്പെടുകയായിരുന്നു.

Back to top button
error: