ഇടുക്കി: കെഎസ് ഇ ബി യുടെ ട്രാൻസ് ഫോർമർ പൊളിച്ചു കോയിൽ കടത്തിയ കേസിൽ മൂന്നു പേരെ മുരിക്കാശ്ശേരി പൊലീസ് പിടികൂടി . ഇടുക്കി തോപ്രാംകുടി സ്വദേശികളായ സെബിൻ, സജി, ബിനു എന്നിവരാണ് പിടിയിലായത്.
തോപ്രാംകുടി അമല നഗർ ഭാഗത്ത് കെഎസ്ഇബി സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറിനുള്ളിലെ കോയിലാണ് മൂന്നംഗ സംഘം കവർന്നത്. സമീപത്തെ മെറ്റൽ ക്രഷറിലേക്ക് വൈദ്യുതി എത്തിക്കാനാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്നത്. ഗാഡ്ഗിൽ – കസ്തൂരി രംഗൻ റിപ്പോർട്ടിനെ തുടർന്ന് ക്രഷർ വർഷങ്ങൾക്കു മുമ്പ് അടച്ചു പൂട്ടി, എന്നാൽ ട്രാൻസ്ഫോർമാർ മാറ്റിയിരുന്നില്ല.
അടുത്തയിടെ ഇത് കാണാതായതോടെ പ്രദേശവാസികൾ സംഭവം കെ എസ് ഇ ബി യെ അറിയിച്ചു. ഇവർ നടത്തിയ പരിശോധനയിൽ ട്രാൻസ്ഫോർമർ നിലത്തിറക്കി പൊളിച്ച് കോയിൽ മോഷ്ടിച്ചതായി കണ്ടെത്തി. തുടർന്ന് മുരിക്കാശ്ശേരി പൊലീസിൽ പരാതി നൽകി. പോലീസ് അന്വേഷത്തിലാണ് മോഷ്ട്ടാക്കൾ പിടിയിലായത്. ദൈവമ്മേട് പുന്നമറ്റത്തിൽ സെബിൻ, കൊന്നയ്ക്കാമാലി കാരിക്കുന്നേൽ സജി, മറ്റപ്പള്ളിയിൽ ബിനു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച സാധനങ്ങൾ ഒന്നാംപ്രതിയായ സെബിൻറെ വീട്ടിൽ നിന്നു കസ്റ്റഡിയിൽ എടുത്തു. ട്രാൻസ്ഫോർമർ നിലത്തിറക്കാൻ ഉപയോഗിച്ച കപ്പിയുടെ ഭാഗം സംഭവ സ്ഥലത്തു നിന്നും പൊലീസിന് കിട്ടിയിരുന്നു. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച പിക്കപ് വാനും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.