IndiaNEWS

‘വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിക്കരുത്’, ജോലി ചെയ്യുന്ന കടയില്‍നിന്ന് മോഷ്ടിച്ച വിഗ്രഹങ്ങള്‍ അതേ കടയുടമയ്ക്ക് വില്‍പന നടത്തിയ 56കാരന്‍ വിലപിക്കുന്നു

ജോലി ചെയ്യുന്ന കടയില്‍നിന്ന് ലോഹ വിഗ്രഹങ്ങള്‍ മോഷ്ടിച്ച് അതേ കടയുടമയ്ക്ക് വില്‍പന നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. ചെന്നൈയില്‍ വിഗ്രഹങ്ങളും പൂജാസാധനങ്ങളും വില്‍ക്കുന്ന കടയിലെ ജീവനക്കാരനായ റാണിപ്പേട്ട സ്വദേശി ഷണ്‍മുഖം (56) ആണ് പിടിയിലായത്.

സംഭവത്തെ കുറിച്ച് മൈലാപ്പൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ചെന്നൈ മൈലാപ്പൂരിലെ നോര്‍ത് മാതാ റോഡിലെ സി.പി കോവില്‍ സ്ട്രീറ്റില്‍ ലോഹ വിഗ്രഹങ്ങളും പൂജാ സാധനങ്ങളും വില്‍ക്കുന്ന ബിഎല്‍ടി സ്റ്റോറിലാണ് സംഭവം. 10 വര്‍ഷത്തിലേറെയായി മൈലാപ്പൂര്‍ സ്വദേശി ത്യാഗരാജന്‍ (55) ഇവിടെ കട നടത്തി വരികയാണ്.

ഷണ്‍മുഖം അഞ്ചുവര്‍ഷത്തിലേറെയായി ഈ കടയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുന്നു. രണ്ട് ദിവസം മുമ്പ് കടയുടമ യാദൃശ്ചികമായി ഷണ്‍മുഖന്റെ മുറിയിൽ കടന്നു ചെന്നപ്പോള്‍ അവിടെ ഒന്‍പത് വിഗ്രഹങ്ങള്‍ ഇരിക്കുന്നു…! ത്യാഗരാജന്‍ ഇത് കണ്ട് ഞെട്ടി. ഷണ്‍മുഖനെ ചോദ്യം ചെയ്തപ്പോള്‍ പിടിച്ചെടുത്ത വിഗ്രഹങ്ങളെല്ലാം കടയില്‍ നിന്ന് മോഷണം പോയതാണെന്ന് വ്യക്തമായി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷണ്‍മുഖം ഇതേ രീതിയില്‍ തന്നെ കബളിപ്പിക്കുകയായിരുന്നു  എന്നും ഇവയുടെ ആകെ മൂല്യം 30 ലക്ഷത്തിലേറെ രൂപയാണെന്നും കടയുടമ ത്യാഗരാജന്‍  പറയുന്നു.

തുടര്‍ന്ന് സംഭവത്തെക്കുറിച്ച് ത്യാഗരാജന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതിയെ തുടര്‍ന്ന് ഷണ്‍മുഖനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. കടയുടെ മാനേജരായ ഷണ്‍മുഖം കടയിലേക്കാവശ്യമായ ലോഹ വിഗ്രഹങ്ങള്‍ വാങ്ങാന്‍ പോകാറുണ്ടെന്നും അങ്ങനെ ചെയ്യുന്നതിനിടെ അര കിലോയുടെയും ഒരു കിലോയുടെയും വിഗ്രഹങ്ങള്‍ മോഷ്ടിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

വിഗ്രഹങ്ങള്‍ നഗരത്തിലെ ‘പാരീസി’ല്‍ നിന്ന് വാങ്ങിയെന്ന് പറഞ്ഞ് ഒരു വിഗ്രഹത്തിന് 2000-5000 രൂപയ്ക്ക് കടയുടമ ത്യാഗരാജന് വിറ്റിരുന്നു. കടയുടെ മാനേജരായ ഷണ്‍മുഖം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കടയുടമയായ ത്യാഗരാജന് സമാനമായ 15ലധികം വിഗ്രഹങ്ങള്‍ വിൽപ്പന നടത്തി. കൂടാതെ, കടയില്‍ ശമ്പളമായി നല്‍കുന്ന 15,000 രൂപ കുടുംബം പോറ്റാന്‍ തികയുന്നില്ലെന്നും താൻ സ്ഥിരം കള്ളനല്ലെന്നും ഷണ്‍മുഖം പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഷണ്‍മുഖത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി പൊലീസ് അറിയിച്ചു.

Back to top button
error: