KeralaNEWS

ഭീഷണി കാരണം പലരും പാര്‍ട്ടിവിടുന്നു, പി. ശശിക്കെതിരേ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം; ഭാര്യയുടെയും സഹോദരപുത്രന്റെയും നിയമനങ്ങളും ക്രമക്കേടുകളും പരിശോധിക്കണമെന്ന് പരാതി

പാലക്കാട്: പി.കെ. ശശിക്ക് എതിരേ സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയെക്കൂടി വിവാദത്തിലാക്കുന്ന ആരോപണങ്ങള്‍ ശശിക്കെതിരേ വീണ്ടും ഉയര്‍ന്നതോടെയാണ് വിമര്‍ശനങ്ങളുമായി അംഗങ്ങള്‍ രംഗത്തെത്തിയത്.

കെ.ടി.ഡി.സി. ചെയര്‍മാനും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ശശി പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍ അനധികൃത നിയമനങ്ങള്‍ നടത്തി ലക്ഷങ്ങള്‍ പിരിച്ചെടുത്തെന്ന് ലോക്കല്‍കമ്മിറ്റി അംഗം നല്‍കിയ പരാതി പുറത്തുവന്നതോടെയാണ് വിവാദമുണ്ടായിരിക്കുന്നത്. സഹോദരീപുത്രനെയും ഭാര്യയെയും അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റിയിലും റൂറല്‍ബാങ്കിലും നിയമിച്ചത് പാര്‍ട്ടിയുടെ ഒരു കമ്മിറ്റിയില്‍പ്പോലും ചര്‍ച്ചചെയ്യാതെയാണെന്നും പരാതിയിലുണ്ട്.

Signature-ad

മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറും സി.പി.എം. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. മന്‍സൂര്‍ ജില്ലാ കമ്മിറ്റിക്ക് രണ്ടുമാസംമുമ്പ് നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റൂറല്‍ബാങ്ക്, കുമരംപുത്തൂരിലെ സഹകരണബാങ്ക്, ഹൗസിങ് സൊസൈറ്റി തുടങ്ങി പാര്‍ട്ടിനിയന്ത്രണത്തിലുള്ള വിവിധ സഹകരണസ്ഥാപനങ്ങളിലെ നിയമനങ്ങളാണ് മന്‍സൂര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

പാര്‍ട്ടിയുടെ അനുമതിയില്ലാതെ സ്വാശ്രയകോളേജ് തുടങ്ങി. കോളേജിനായി 10 ഏക്കറോളം ഭൂമിവാങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നും ഇതിനുപിന്നില്‍ വലിയ സാമ്പത്തിക താത്പര്യം പി.കെ. ശശിക്കുണ്ടെന്നും പരാതിയില്‍ പറയുന്നു. മണ്ണാര്‍ക്കാട്ടെ ഏരിയാ കമ്മിറ്റി ഓഫീസായ നായനാര്‍ മന്ദിരത്തിന്റെ നിര്‍മാണഫണ്ടിലെ ബാക്കിയുള്ള തുക സ്വന്തംപേരിലുള്ള അക്കൗണ്ടില്‍ റൂറല്‍ബാങ്കില്‍ നിക്ഷേപിച്ചതായും പി.കെ. ശശിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെ പാര്‍ട്ടിശത്രുക്കളായി ചിത്രീകരിക്കുന്നതായും ആരോപണമുണ്ട്.

പി.കെ. ശശിയുടെ ഭീഷണി കാരണം പലരും പാര്‍ട്ടിയുമായി അകലുന്നു എന്നതടക്കം രൂക്ഷമായ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളുമുള്ള മന്‍സൂറിന്റെ പരാതിയിലെ ആരോപണങ്ങള്‍ പരിശോധിക്കണം എന്നാണ് ഭൂരിഭാഗം അംഗങ്ങളും ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എന്‍.എന്‍. കൃഷ്ണദാസും വി.ക. ചന്ദ്രനും ശശിയെ പ്രതിരോധിക്കാനാണ് തുനിഞ്ഞത്. വിഷയം ഗൗരവതരം എന്ന നിലപാട് എടുത്ത ജില്ലാ സെക്രട്ടേറിയറ്റ്, മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയില്‍ പരാതി ചര്‍ച്ച ചെയ്യണം എന്ന് നിര്‍ദേശിച്ചു. അടുത്ത ദിവസം ജില്ലാ സെക്രട്ടറി കൂടി പങ്കെടുക്കുന്ന എല്‍സി യോഗത്തില്‍ മന്‍സൂറിന്റെ പരാതി ചര്‍ച്ച ചെയ്യും. അതിനു ശേഷം ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ലോക്കല്‍ കമ്മിറ്റിയിലെ ചര്‍ച്ചയുടെ ഉള്ളടക്കം അറിയിക്കും. പിന്നീടാകും തുടര്‍നടപടികളിലെ തീരുമാനം.

മുമ്പ് എം.എല്‍.എ. ആയിരുന്ന സമയത്ത് ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയെത്തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയ ശശിയെ ഏതാനും വര്‍ഷം മുമ്പാണ് തിരിച്ചെടുക്കുകയും ജില്ലാക്കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്.

Back to top button
error: