ഓൺലൈൻ ഓട്ടോ-ടാക്സി സേവനങ്ങൾക്കായി കേരള സംസ്ഥാന സർക്കാരിന്റെ പുതിയ സംരംഭമായ കേരള സവാരിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സഹകരിക്കുന്നു.
ഊബർ, ഒല തുടങ്ങിയ കോർപ്പറേറ്റ് ടാക്സി സേവന പ്ലാറ്റ്‌ഫോമുകൾക്ക് ബദലായി കേരള സംസ്ഥാന സർക്കാർ തദ്ദേശീയമായി രൂപം കൊടുത്ത ഓൺലൈൻ ഓട്ടോറിക്ഷ, കാർ ടാക്‌സി സർവീസ് സേവനമായ കേരള സവാരി ഓഗസ്റ്റ് 17 മുതൽ ആരംഭിക്കുന്നു. സംസ്ഥാനത്ത് നിലവിലുള്ള മിതമായ നിരക്കിൽ തന്നെ പൊതുജനങ്ങൾക്ക് സുരക്ഷിതവും, സൗകര്യപ്രദവും, തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്ത് ഇത്തരം ഒരു സംവിധാനം ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ഒരുപക്ഷെ ലോകത്ത് തന്നെ സർക്കാർ മേഖലയിലെ തന്നെ ആദ്യത്തെ സംവിധാനമായും കേരള സവാരിയെ കണക്കാക്കപ്പെടുന്നു.
പാലക്കാട് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസുമായി (ഐ.ടി.ഐ) സഹകരിച്ച് കേരള മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളി ക്ഷേമനിധി ബോർഡാണ് പദ്ധതി നടപ്പാക്കുന്നത്. ജനപ്രിയ ഡിജിറ്റൽ ബാങ്കിംഗ് സംരംഭങ്ങളുമായി എന്നും മുൻനിരയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ സേവനത്തിന് ശക്തി പകരാനായി കൈകോർക്കുകയാണ്. യാത്രികർക്ക് അവരുടെ സ്മാർട്ട് ഫോണിലൂടെ വാഹനം ബുക്ക് ചെയ്യുവാനുള്ള സൗകര്യം ലഭിക്കും. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, യുപിഐ, ഓൺലൈൻ ബാങ്കിംഗ്, ക്യാഷ് പേയ്മെന്റ് എന്നിവയുൾപ്പെടെ ഒന്നിലധികം പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാകും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി കോർപ്പറേഷൻ പരിധിയിൽ ആയിരിക്കും സർവീസ് ആരംഭിക്കുക. നിലവിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ അഞ്ഞൂറോളം ഓട്ടോ-ടാക്‌സി ഡ്രൈവർമാർ പദ്ധതിയിൽ അംഗങ്ങളാണ്.