കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ എല്ലാ കേസുകളും മാറാട് സ്‌പെഷല്‍ കോടതിയിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. സ്വത്തുക്കള്‍ തട്ടിയെടുക്കാനായി 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒന്നാം പ്രതി ജോളി ജോസഫ് ആറു പേരെയാണ് കൊലപ്പെടുത്തിയത്. 14 വര്‍ഷത്തിനിടെയായിരുന്നു ഈ കൊലപാതകങ്ങള്‍.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്. കേസില്‍ നിലവില്‍ നാല് പ്രതികളാണുള്ളത്.
കുടുംബാംഗങ്ങളെ അതിവിദഗ്ധമായി കൊലപ്പെടുത്തിയ ജോളിയുടെ ചെയ്തികള്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്.
പ്ലസ്ടു യോഗ്യത മാത്രമുള്ള ജോളി എന്‍.ഐ.ടി. പ്രൊഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം പ്രഫഷണല്‍ കൊലയാളികളെപ്പോലും തോല്‍പ്പിക്കും ആസൂത്രണത്തികവോടെയായിരുന്നു. കേസില്‍ 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി അറസ്റ്റിലായത്.
ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകന്‍ റോജോ തോമസ് 2019 ജൂലൈയില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. എന്നാല്‍ സ്വത്തുതര്‍ക്കമെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ടുപോയില്ല. ഇതിനിടെ കെ.ജി. സൈമണ്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തു. പരാതി വീണ്ടും അദ്ദേഹത്തിന്റെ മുന്നിലെത്തി. സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.
ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു ജീവന്‍ ജോര്‍ജിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി. ആര്‍. ഹരിദാസന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെ കല്ലറ തുറന്ന് ഉള്‍പ്പെടെ പരിശോധന നടത്തിയാണ് ജോളിയുടെ കൊലപാതകങ്ങള്‍ തെളിയിച്ചത്.
കൊല്ലപ്പെട്ട സിലിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്നു ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. സയനൈഡ് ഉള്ളില്‍ ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മറ്റ് അഞ്ച് കൊലപാതകങ്ങളിലും ജോളി തന്റെ സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ സംസ്‌കരിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.
ജോളിക്ക് പിന്നാലെ ഇവര്‍ക്കു സയനൈഡ് എത്തിച്ചു നല്‍കിയ ബന്ധു മഞ്ചാടിയില്‍ എം.എസ്. മാത്യു, സ്വര്‍ണപ്പണിക്കാരനായ പ്രജികുമാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ച സി.പി.എം. കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി ഇ. മനോജ്കുമാര്‍, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഡ്വ. സി. വിജയകുമാര്‍ എന്നിവരെ പിന്നീട് റോയ് തോമസ് വധക്കേസില്‍ പ്രതി ചേര്‍ത്തു. ഇതില്‍ അഡ്വ. സി. വിജയകുമാറിനെ പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.കേസിലെ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളിയിരുന്നു.