IndiaNEWS

രാജ്യത്ത് ഈ വര്‍ഷം ഏറ്റവും അധികം കടുവകളുടെ മരണമുണ്ടായിരിക്കുന്നത് ‘ടൈഗര്‍ സ്‌റ്റേറ്റി’ല്‍

ടൈ​ഗർ സ്റ്റേറ്റ്’ അഥവാ ‘കടുവകളുടെ സംസ്ഥാനം’ എന്നാണ് മധ്യപ്രദേശ് അറിയപ്പെടുന്നത്. എന്നാൽ, ഈ വർഷം ഏറ്റവും അധികം കടുവകൾ മരണപ്പെട്ടിരിക്കുന്നതും മധ്യപ്രദേശിലാണ് എന്ന് കണക്കുകൾ പറയുന്നു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ‌ടി‌സി‌എ) -യാണ് അതിന്റെ വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിച്ചത്. ഇത് പ്രകാരം, ഈ വർഷം ജൂലൈ 15 വരെ, രാജ്യത്ത് രജിസ്റ്റർ ചെയ്ത മൊത്തം 74 കടുവകളുടെ മരണത്തിൽ, 27 എണ്ണവും മധ്യപ്രദേശിലാണ് എന്ന് പറയുന്നു. ഇത് ഏത് സംസ്ഥാനത്തേക്കാളും കൂടുതലാണ്.

മഹാരാഷ്ട്രയാണ് തൊട്ടു പിന്നിൽ. 15 മരണങ്ങളാണ് ഈ കാലയളവിൽ ഉണ്ടായിരിക്കുന്നത്. 11 മരണങ്ങളുമായി കർണാടക അതിന് പിന്നിൽ തന്നെ ഉണ്ട്, അസമിൽ അഞ്ചും, കേരളം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നാലും, ഉത്തർപ്രദേശിൽ മൂന്നും, ആന്ധ്രാപ്രദേശിൽ രണ്ടും, ബിഹാർ, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഒന്ന് വീതവും എന്നാണ് കണക്കുകളെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Signature-ad

മറ്റ് വന്യജീവികളുമായുള്ള പോരാട്ടം, വാർധക്യം, അസുഖങ്ങൾ, വേട്ടയാടൽ, വൈദ്യുതാഘാതം എന്നിവയാണ് മിക്ക കടുവകളുടേയും മരണകാരണം എന്നും റിപ്പോർട്ടിൽ പറയുന്നു. 2018 -ലെ സെൻസസ് പ്രകാരമാണ് മധ്യ പ്രദേശിനെ കടുവകളുടെ സംസ്ഥാനമായി സ്ഥിരീകരിച്ചത്. 2018 -ലെ ആൾ ഇന്ത്യ ടൈ​ഗർ എസ്റ്റിമേഷൻ റിപ്പോർട്ട് പ്രകാരം മധ്യപ്രദേശിൽ 526 കടുവകളാണുള്ളത്. കന്ഹ, ബാന്ധവ്ഗഡ്, പെഞ്ച്, സത്പുര, പന്ന, സഞ്ജയ് ദുബ്രി എന്നിങ്ങനെ ആറ് കടുവാ സങ്കേതങ്ങളാണ് ഈ സംസ്ഥാനത്തുള്ളത്.

ഈ വർഷം മരണപ്പെട്ട 27 കടുവകളിൽ ഒമ്പതെണ്ണം ആണും എട്ടെണ്ണം പെണ്ണുമാണ്. ബാക്കിയുള്ളവയെ കുറിച്ച് രേഖകളിലൊന്നും പറഞ്ഞിട്ടില്ല. മരണപ്പെട്ടവയിൽ കുഞ്ഞും, മുതിർന്നവയും എല്ലാം പെടുന്നു.

Back to top button
error: