പത്തനംതിട്ട: കുമ്പനാട്ട് പണം വച്ചുളള ചീട്ടുകളിക്കിടെ പിടിയിലായ പൊലീസുകാര്‍ക്കെതിരെ നടപടിയുമായി ജില്ലാപോലീസ് മേധാവിമാര്‍. നാഷണല്‍ ക്ലബില്‍ പണംവെച്ച് ചീട്ടുകളിച്ച കേസില്‍ അറസ്റ്റിലായ പത്തനംതിട്ട എ.ആര്. ക്യാമ്പിലെ എസ്.ഐ. എസ്.കെ. അനില്‍, പാലക്കാട് എ.ആര്. ക്യാമ്പിലെ സി.പി.ഒ. അനൂപ് കൃഷ്ണന് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച കുമ്പനാട് നാഷണല്‍ ക്ലബില്‍ പത്തനംതിട്ട എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ സി.പി.ഒ. അനൂപ് കൃഷ്ണന് അടക്കം 12 പേരെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. പത്തുലക്ഷത്തോളം രൂപയും ക്ലബില്‍നിന്ന് പിടിച്ചെടുത്തു. പോലീസ് സംഘം റെയ്ഡിന് വരുന്നത് കണ്ട് എസ്.ഐ.യായ അനില്‍ മതില്‍ചാടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഇയാള്‍ പിടിയിലായി.
ചൂതാട്ടത്തില്‍ പോലീസുകാര്‍ അടക്കം പങ്കെടുത്തതിനാല്‍ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട എസ്.പി. കോയിപ്രം ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി സ്വീകരിച്ചത്. എസ്.ഐ. അനിലിനെതിരേ പത്തനംതിട്ട എസ്.പി.യും അനൂപ് കൃഷ്ണനെതിരേ പാലക്കാട് എസ്.പി.യുമാണ് നടപടിയെടുത്തിരിക്കുന്നത്.