BusinessTRENDING

ടെലികോം രംഗത്തേക്കുള്ള ചുവട് വെയ്പ് വെളിപ്പെടുത്തി; അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു

മുംബൈ : ഓഹരിവിപണിയിൽ ഇന്ന് സൂചികകൾ താഴേക്ക് പതിച്ചിട്ടും അദാനി ഗ്രൂപ്പ് ഓഹരികൾ ഉയർന്നു. ടെലികോം രംഗത്തേക്കുള്ള ചുവട് വെയ്പ് അറിയിച്ചതിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വിപണിയിൽ മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും  2 ശതമാനം മുതൽ 15 ശതമാനം വരെ ഉയർന്നാണ് ഇന്ന് വ്യയപരം അവസാനിപ്പിച്ചത്.

5 ജി സ്പെക്ട്രം ലേലത്തിൽ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്ന് ഇന്നലെയാണ് സ്ഥിരീകരണമുണ്ടായത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിനം അദാനി ഗ്രൂപ് അപേക്ഷ സമർപ്പിച്ചുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇന്നലെയാണ് അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ തുടങ്ങിയവയുമായായിരിക്കും അദാനി ഗ്രൂപ് ഏറ്റുമുട്ടുക.

ഓഹരി വിപണിയിൽ അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ ഡിമാൻഡ് കൂടിയപ്പോൾ അദാനി പവറും അദാനി വിൽമറും 5 ശതമാനം ഉയർന്നു. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട് എന്നിവയും നേട്ടമുണ്ടാക്കി.

ബിഎസ്ഇയിൽ, അദാനി ഗ്രീൻ എനർജി ഓഹരികൾ ഇന്ന് 15.04 ശതമാനം ഉയർന്നു. അതായത് 288.90 രൂപ ഉയർന്ന് 2,209.80 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വിലയിൽ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 3,50,039.50 കോടി രൂപയാണ്. അതേസമയം, അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ ഓരോന്നിനും 172.80 രൂപ അഥവാ 6.80 ശതമാനം ഉയർന്ന് 2,714.15 രൂപയിലെത്തി. അദാനി ട്രാൻസ്മിഷൻ 151.15 രൂപ അല്ലെങ്കിൽ 5.94 ശതമാനം ഉയർന്ന് 2,697.40 രൂപയിലെത്തി. അദാനി പവർ ഓഹരികൾ 5 ശതമാനം ഉയർന്നു.  ഏകദേശം 1,09,903.48 കോടി രൂപയാണ് അദാനി പവറിന്റെ വിപണി മൂല്യം. അദാനി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസ് ഓഹരികൾ, 78.50 രൂപ അഥവാ 3.42 ശതമാനം ഉയർന്ന് 2,371.55 രൂപയിൽ അവസാനിച്ചു.

Back to top button
error: