CrimeNEWS

പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്ന്; ഹോട്ടല്‍ ഉടമയുടെ തലയടിച്ച് പൊട്ടിച്ച് നാലംഗ സംഘം

തിരുവനന്തപുരം: പൊറോട്ടയുടെ വില കൂടിയെന്ന് ആരോപിച്ച് നാലംഗ സംഘം ഹോട്ടല്‍ ഉടമയുടെ തല അടിച്ചു പൊട്ടിച്ചതായി പരാതി. തലയ്ക്ക് ഗുരുതര പരുക്കേറ്റ ആറ്റിങ്ങല്‍ മൂന്നുമുക്ക് ബി.എല്‍ നിവാസില്‍ ഡിജോയ് ( 34 ) യെ വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത ആറ്റിങ്ങല്‍ പൊലീസ് കാര്‍ നമ്പര്‍ പരിശോധിച്ച് അന്വേഷണം തുടങ്ങി. അക്രമികള്‍ വെമ്പായം നെടുമങ്ങാട് ഭാഗത്തുള്ളവരാണെന്നാണ് സൂചന.

ഇന്നലെ പുലര്‍ച്ചെ 12.45 ഓടെ ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ജൂസ് സ്റ്റാന്റ് ഹോട്ടലില്‍ ആണ് സംഭവം. ഇന്നോവ കാറിലും ബുള്ളറ്റിലുമായി എത്തിയ നാലുപേര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിരുന്നു. ശേഷം ബില്‍ തുക നല്‍കി പോയ സംഘം വീണ്ടും മടങ്ങിയെത്തി പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്നു പറഞ്ഞ് അസഭ്യം പറഞ്ഞു. ഹോട്ടല്‍ ഉടമ ഡിജോയ് ഇവരോട് കടയ്ക്കു പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.

ഇതേ തുടര്‍ന്ന് വാക്കേറ്റവും ഉന്തും തള്ളുമായി. പൊലീസിനെ വിളിക്കാന്‍ ഡിജോയ് ശ്രമിക്കവെ സംഘം ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. ഇതിനിടെ ഒരാള്‍ കടയുടെ മുന്നിലിരുന്ന പാല്‍കൊണ്ടുവരുന്ന ട്രേയുമായി പിന്നിലൂടെ വന്ന് ഡിജോയിയുടെ തലയ്ക്കടിച്ചു വീഴ്ത്തി.

നിലത്തിട്ടു ചവിട്ടി. അതിനു ശേഷം അക്രമി സംഘം വാഹനങ്ങളില്‍ രക്ഷപ്പെടുകയുമായിരുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: