KeralaNEWS

പീഡന പരാതി വൈകിയതിന്റെ പേരില്‍ കേസ് ഇല്ലാതാകുന്നില്ല, അതിന്‍െ്‌റ പേരില്‍ അന്വേഷണം വൈകരുതെന്ന് ഹൈക്കോടതി

കൊച്ചി: പരാതി വൈകിയതിന്റെ പേരില്‍ മറ്റും കേസുകളെയും ലൈംഗികാതിക്രമ കേസുകളെയും ഒരേ തട്ടില്‍ വച്ച് അളക്കാനാകില്ലെന്നും പരാതി നല്‍കാന്‍ വൈകിയാലും ലൈംഗികാതിക്രമ കേസുകളില്‍ അന്വേഷണം വൈകരുതെന്നും ഹൈക്കോടതി.

പരാതി വൈകി എന്നതിന്റെ പേരില്‍ കേസ് ഇല്ലാതാകുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഇരയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങള്‍ ഇതില്‍ പരിഗണിക്കേണ്ടതുണ്ടെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പോക്‌സോ കേസിലെ കീഴ്‌ക്കോടതി ഉത്തരവിനെതിരെ പത്തനാപുരം സ്വദേശി നല്‍കിയ അപ്പീലാണ് കോടതിയുടെ നിരീക്ഷണം.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കാനുള്ള കാലതാമസത്തെ കേസന്വേഷിക്കുന്നതിന് ഒരു കുറവായി കാണരുത്. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന വ്യക്തി പരാതിപ്പെടാനുണ്ടാകുന്ന കാലതാമസത്തിന് നിരവധി കാരണങ്ങളുണ്ട്. ഇരയുടെ മാനസികാവസ്ഥ, കുടുംബം, സാമൂഹികാവസ്ഥ എന്നിവയൊക്കെ പരിഗണിക്കേണ്ടതുണ്ട്. കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍ ഇത്തരം പരാതികള്‍ നല്‍കാന്‍ പരിമിതികളുണ്ട്. ഇതിനെ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി.

പരാതിയുടെ വസ്തുതകളിലോ യാഥാര്‍ത്ഥ്യങ്ങളിലോ ദുരൂഹത ഉണ്ടെങ്കില്‍ മാത്രമേ കാലതാമസം എന്നത് പരിഗണിക്കേണ്ടതുള്ളൂ എന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിരീക്ഷിച്ചു. പതിനേഴുകാരിയായ മകളെ പീഡിപ്പിക്കാന്‍ അച്ഛന്‍ ശ്രമിച്ചു എന്നാരോപിച്ച് അമ്മ നല്‍കിയ പരാതിയാണ് കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് കുറ്റപത്രവും നല്‍കി. കൊല്ലം സെഷന്‍സ് കോടതി വിധിച്ച അഞ്ച് വര്‍ഷം ശിക്ഷയ്‌ക്കെതിരെ പ്രതി നല്‍കിയ അപ്പീലിലാണ് ഈ നിരീക്ഷണങ്ങള്‍. കീഴ്‌ക്കോടതി വിധിച്ച അഞ്ച് വര്‍ഷം കഠിന തടവ് ഹൈക്കോടതി മൂന്ന് വര്‍ഷമായി കുറച്ചു.

 

Back to top button
error: