KeralaNEWS

സില്‍വര്‍ലൈന്‍ വേഗത്തിലാക്കണം, ഗവര്‍ണര്‍ കേന്ദ്രത്തിനയച്ച കത്ത് പുറത്ത്; ചട്ടവിരുദ്ധമെങ്കിലേ എതിര്‍ക്കാന്‍ കഴിയൂവെന്നു വിശദീകരണം

തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരായ വിവാദങ്ങള്‍ നിയമസഭയിലും സംസ്ഥാനമെമ്പാടും തുടരുന്നതിനിടെ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്രത്തിനയച്ച കത്ത് പുറത്ത്. 2021 ഓഗസ്റ്റ് 16നാണ് ഗവര്‍ണര്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് ഗവര്‍ണര്‍ കത്തെഴുതിയത്.

കേരളത്തിന്റെ വികസന അജണ്ടകള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി കഴിഞ്ഞ ശനിയാഴ്ച വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ ഈ കത്തും ഉള്‍പ്പെടുത്തിയിരുന്നു. പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും, ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചാണ് ഗവര്‍ണറുടെ കത്ത്. പദ്ധതിയുടെ അനുമതിക്കായി മന്ത്രി ഇടപെടണമെന്നാണ് കത്തിലെ അഭ്യര്‍ത്ഥന. ഇതിന് മുമ്പ് 2020 ഡിസംബര്‍ 24നും ഗവര്‍ണര്‍ അന്ന് റെയില്‍വേ മന്ത്രിയായിരുന്ന പീയുഷ് ഗോയലിനും ഇതേ ആവശ്യമുന്നയിച്ച് കത്തയച്ചിരുന്നു.

Signature-ad

എന്നാല്‍, കെ റെയിലിനെ അനുകൂലിച്ച് കത്തെഴുതിയ കാര്യം ഓര്‍ക്കുന്നില്ലെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. വിവാദങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കൊണ്ട് എഴുതിയ കത്താണ്. ഒരു വര്‍ഷം മുന്‍പ് രാജ് ഭവനില്‍ വച്ച് പദ്ധതിയെ കുറിച്ചു വിശദീകരിച്ചതിന് ശേഷം സര്‍ക്കാര്‍ കത്തയ്ക്കാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വികസന പദ്ധതികളെ ഗവര്‍ണറായി ഇരിക്കുമ്പോള്‍ എതിര്‍ക്കാനാവില്ല. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും ഉണ്ടായാല്‍ മാത്രമേ എതിര്‍ക്കാന്‍ കഴിയൂവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സില്‍വര്‍ലൈനിനെതിരായ പ്രതിഷേധങ്ങളും പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും എതിര്‍പ്പും കേന്ദ്രത്തിന്റെ താത്പര്യമില്ലായ്മയും തുടരുന്നതിനിടെ പദ്ധതിക്കായി ഗവര്‍ണര്‍ തന്നെ അയച്ച കത്ത് പുറത്തുവരുന്നത് സര്‍ക്കാരിന് നേട്ടവും ബി.ജെ.പിക്കും ഗവര്‍ണര്‍ക്കും കോട്ടവുമായി.

 

Back to top button
error: