KeralaNEWS

സ്‌കൂള്‍ബസ് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ട അഞ്ചാംക്ലാസുകാരനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു; തുടയില്‍ ആഴത്തില്‍ മുറിവ്

തിരുവനന്തപുരം: സ്‌കൂള്‍ബസ് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ട അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു. പള്ളിപ്പുറം ടെക്‌നോസിറ്റിക്കു സമീപത്താണ് സംഭവം. നജീബിന്റെയും സബീനാബീവിയുടെയും മകന്‍ നാദിര്‍ നജീബി ( 10 ) നാണ് തുടയില്‍ ആഴത്തില്‍ കടിയേറ്റത്.

ഇന്നലെ വൈകുന്നേരം നാലര മണിയോടെ മംഗലപുരം കാരമൂട് സിആര്‍പിഎഫ് റോഡില്‍ ടെക്‌നോസിറ്റിക്കു പിന്നിലുള്ള സ്ഥലത്താണു സംഭവം. പോത്തന്‍കോട് ഗവ.യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് നാദിര്‍. വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകാന്‍ രക്ഷകര്‍ത്താവിനെ കാത്തുനില്‍ക്കവേ തെരുവുനായ ഓടിച്ചിട്ടു കടിക്കുകയായിരുന്നു.

വീടിനു സമീപത്തിറക്കാതെ ടെക്‌നോ സിറ്റിക്കടുത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് കുട്ടിയെ ഇറക്കിവിട്ടതെന്ന് മാതാവ് സബീനാ ബീവി ആരോപിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ട രക്ഷിതാക്കളാണ് നായ്ക്കളെ ഓടിച്ചു വിട്ടശേഷം കടിയേറ്റ കുട്ടിയെ രക്ഷിച്ചത്. തുടയില്‍ ആഴത്തില്‍ മുറിവേറ്റ നാദിറിനെ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

Back to top button
error: