അതിവേഗം കുതിക്കുന്ന ലോകം. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന മനുഷ്യർ. എല്ലാവർക്കും തങ്ങളുടെ ജോലി രാജിവെച്ച് യാതൊരു ടെൻഷനുമില്ലാതെ എവിടെയെങ്കിലും ചെന്നിരിക്കാൻ ആഗ്രഹം കാണും. ഇതാണ് ആൻഡ്രൂ ഫോമിക്കയെന്ന മനുഷ്യന്റെ തീരുമാനം ലോകത്ത് പലരിലും അസൂയയുളവാക്കുന്നത്. ജൂപിറ്റർ ഫണ്ട് മാനേജ്മെന്റ് എന്ന 68 ബില്യൺ ഡോളർ കമ്പനിയുടെ, അതും ആഗോള തലത്തിൽ അറിയപ്പെടുന്ന ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ സിഇഒ സ്ഥാനം പുല്ല് പോലെ രാജിവെച്ചാണ് ഈ മനുഷ്യൻ കടൽത്തീരത്തേക്ക് പോകുന്നത്.
തന്റെ രാജി എന്തിനായിരുന്നുവെന്ന് ആൻഡ്രൂ തന്നെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇനിയെനിക്ക് ഏതെങ്കിലും ബീച്ചിൽ പോയിരിക്കണം, ഒന്നും ചെയ്യാതെ വെറുതെയിരിക്കണം… സിഇഒയുടെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ തന്നെ ജൂപിറ്റർ കമ്പനി വാർത്തകളിൽ നിറഞ്ഞതോടെയാണ് സിഇഒ തന്നെ രാജിയുടെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയത്.
അമേരിക്കൻ കമ്പനിയാണ് ജൂപിറ്റർ. ഇതിന്റെ ഇന്നത്തെ മൂല്യം 67.9 ബില്യൺ ഡോളർ വരും. മാതാപിതാക്കൾക്കൊപ്പം സമയം ചിലവഴിക്കാനും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടുമാണ് രാജിയെന്നാണ് അൻഡ്രൂ പറയുന്നത്. ഓസ്ട്രേലിയയിൽ വേനൽക്കാലത്ത് അവിടുത്തെ ബീച്ചിൽ പോയി വെറുതെ ഇരിക്കാൻ താൻ അതിയായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 51കാരനാണ് ആൻഡ്രൂ. ഒക്ടോബർ ഒന്നിനാണ് അദ്ദേഹം ജോലിയിൽ നിന്ന് ഔദ്യോഗികമായി ഒഴിയുക. നിലവിൽ കമ്പനിയുടെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറായ മാത്യു ബീസ്ലിയാവും ഇനി ജൂപിറ്റർ കമ്പനിയുടെ സിഇഒ.