KeralaNEWS

ഇടവേള ബാബു ദുബായിൽ പോയത് വിജയ് ബാബുവിന് ഒത്താശ ചെയ്യാനോ…? സത്യം പറയണമെന്ന് നിർദ്ദേശം. അമ്മയിൽ അടി മുറുകുന്നു

കൊച്ചി: അമ്മ ആൺമക്കൾക്കൊപ്പമോ പെൺമക്കൾക്കൊപ്പമോ എന്ന തർക്കത്തിൽ തീരുമാനമായി. അമ്മ ആൺമക്കൾക്കൊപ്പം തന്നെ എന്ന് വ്യക്തമായി. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വിജയ് ബാബുവിൻ്റെ സ്വന്തം ആളാണെന്ന് അറിയാത്തവരായി ആരുമില്ല. ഇത് സംബന്ധിച്ച ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ‘അമ്മയിലെ’ എക്സിക്യുട്ടീവ് അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത. ഗണേഷ് കുമാറിന്റെ ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്ന് ഭാരവാഹികളിൽ ചിലർ ആവശ്യപ്പെട്ടു.

ഇടവേള ബാബുവിനെതിരെ ഗണേഷ് കുമാർ ഉന്നയിച്ച കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് ഭാരവാഹികളുടെ ആവശ്യം. ഇടവേള ബാബു ദുബായിൽ പോയതെന്തിന് എന്നതിൽ വ്യക്തത വരുത്തണം, ബലാത്സംഗക്കേസ് അന്വേഷണം തുടരവെ വിജയ് ബാബുവിനെ ദുബായിൽ വെച്ച് കണ്ടതെന്തിനാണ് എന്നതിലും വിശദീകരണം വേണം. എല്ലാവരേയും സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

Signature-ad

‘അമ്മ’യിലെ ചില ഭാരവാഹികൾ വിജയ് ബാബുവിനോട് പണം കൈപ്പറ്റി സഹായങ്ങൾ നൽകി എന്ന ആരോപണം അത്യന്തം ഗുരുതരമാണ്. അമ്മ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും എത്രയും വേഗം എക്സിക്യൂട്ടീവ് യോഗം ചേരുകയോ വാർത്താസമ്മേളനം നടത്തുകയോ വേണമെന്നും അവർ ആവശ്യപ്പെടുന്നു. വിജയ് ബാബുവിനെ ജനറൽ ബോഡിയിലെത്തിച്ചതിന് പിന്നിൽ ചിലരുടെ പ്രത്യേക താൽപര്യമുണ്ടെന്നാണ് വിമർശനം. വിജയ് ബാബുവിനെ എത്തിച്ച ഭാരവാഹികളോട് ‘അമ്മ’ വിശദീകരണം തേടണം. നിർമ്മാതാവ് കൂടിയായ വിജയ് ബാബുവിനെ യോഗത്തിൽ നേരിട്ടെത്തിച്ചത് എതിർപ്പ് കുറയ്ക്കാനുള്ള തന്ത്രമാണെന്ന ആരോപണവും ഭാരവാഹികളിൽ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിന് ശേഷം ഇടവേള ബാബു മാധ്യമങ്ങളെ കണ്ടിരുന്നു. താരസംഘടനയായ ‘അമ്മ’ ക്ലബ്ബ് ആണെന്നായിരുന്നു ഇടവേള ബാബു അപ്പോൾ പറഞ്ഞത്. ഇതിനതെിരെ ​ഗണേശ്കുമാർ രം​ഗത്ത് എത്തിയിരുന്നു.

‘അമ്മ’ സംഘടന ക്ലബ്ബ് ആണെങ്കിൽ അതിൽ അംഗമാകാനില്ലെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനയിൽ മറുപടിയുമായി ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു ഇന്ന് രംഗത്തു വന്നു. ക്ലബ്ബ് എന്നത് മോശം വാക്കല്ലെന്നും മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു അർഥം കണ്ടെത്തി ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി അതിനെ വ്യാഖ്യാനിക്കുന്നത് ജനങ്ങൾക്കിടയിൽ സംഘടനയ്ക്ക്‌ വലിയ അവമതിപ്പ് ഉണ്ടാക്കുമെന്നും ഇടവേള ബാബു പറഞ്ഞു.

താരസംഘടന ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അമ്മ ക്ലബ്ബ് ആണെങ്കിൽ അതിൽ താൻ അംഗമാകാനില്ലെന്നുമായിരുന്നു ഗണേഷ് കുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

Back to top button
error: