NEWS

എന്താണ് നിയോ ബാങ്കുകൾ (Neo Banking ); നിയോ ബാങ്കിങ്ങിന്റെ ഗുണങ്ങൾ അറിയാം

ബാങ്കിങ് സേവനങ്ങൾ പൂർണമായും ഓൺലൈനായി (അതായത് ഡിജിറ്റലായി) മാത്രം നടത്തുന്ന വെർച്വൽ ബാങ്കുകളാണ് നിയോ ബാങ്കുകൾ. എന്നാൽ, നിയോ ബാങ്കിനെ ബാങ്കിങ് നിയമപ്രകാരമുള്ള ബാങ്കായി പരിഗണിക്കാനാവില്ല. കാരണം, നിയോ ബാങ്കുകൾക്ക് ബാങ്കിങ് ലൈസൻസ് ലഭിച്ചിട്ടില്ല. അതിനാൽ ബാങ്കിങ് ലൈസൻസുള്ള ബാങ്കുകളുമായി സഹകരിച്ച്, ഇന്റർനെറ്റിനെയും സാമ്പത്തിക സേവന രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ബാങ്കിങ്-സാമ്പത്തിക സേവനങ്ങൾ, ഓഫീസ് സമയങ്ങളുടെ പരിമിതികളില്ലാതെ ഇവർ സാധ്യമാക്കുന്നു. സാമ്പത്തിക രംഗത്തെ ടെക്നോളജിയുമായി ബന്ധിപ്പിച്ചുള്ള ഫിൻ ടെക് (FinTech) വ്യവസായത്തിന്റെ ഭാഗമാണ് നിയോ ബാങ്കുകൾ.
നിയോ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങാനും മറ്റു ബാങ്കിങ് ഇടപാടുകൾ നടത്താനും മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ വഴി സാധ്യമാണ്. പ്രവർത്തിക്കാൻ കെട്ടിടമോ , സ്ഥലമോ ഇല്ലാത്തതിനാൽ പ്രവർത്തന ചെലവുകളിലുണ്ടാകുന്ന ഭീമമായ കുറവിന്റെ ഗുണങ്ങൾ ഇടപാടുകാരുമായി പങ്കിടുന്നതിനാൽ നിയോ ബാങ്കുകളിൽ ഇടപാടുകൾക്കുള്ള സേവന നിരക്കുകൾ പരമ്പരാഗത ബാങ്കുകൾ ഈടാക്കുന്നതിനെക്കാൾ കുറവാണ്. അതിനാൽ തന്നെ തങ്ങളുടെ പുതുമയാർന്ന ബാങ്കിങ് സേവനങ്ങൾ വളരെ വേഗത്തിലും എന്നാൽ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെയും ഇടപാടുകാർക്ക് ലഭ്യമാക്കാൻ അവർക്ക് കഴിയുന്നു.
വിദേശ രാജ്യങ്ങളിൽ ബാങ്കിങ് ലൈസൻസോടെ പ്രവർത്തിക്കുന്ന നിയോ ബാങ്കുകളും , ലൈസൻസുള്ള മറ്റൊരു ബാങ്കിന്റെ സഹകരണത്തോടെയോ പങ്കാളിത്തത്തോടെയോ പ്രവർത്തിക്കുന്ന നിയോ ബാങ്കുകളും നിലവിലുണ്ട്. എന്നാൽ, ഇന്ത്യയിൽ മറ്റു ബാങ്കുകളുടെ സഹകരണത്തോടെ അല്ലെങ്കിൽ പങ്കാളിത്തത്തോടെ പ്രവർത്തിക്കാനുള്ള അനുമതിയാണ് നിയോ ബാങ്കുകൾക്കുള്ളത്‌. അതായത്, റിസർവ് ബാങ്കിന്റെ ബാങ്കിങ് ലൈസൻസുള്ള ബാങ്കുമായുള്ള പങ്കാളിത്തത്തോടെ മാത്രമേ നിയോ ബാങ്കുകൾക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളു.
പരമ്പരാഗത ബാങ്കുകൾ നൽകുന്ന ഒട്ടുമിക്ക സേവനങ്ങളും നിയോ ബാങ്കുകൾ ലഭ്യമാക്കുന്നുണ്ട്. അവർ സഹകരിച്ചു പ്രവർത്തിക്കുന്ന ബാങ്കുകളുടെ പിന്തുണയോടെയാണ് അത്. എന്നാൽ, ഇടപാടുകാർക്ക് പുതുമ തോന്നുക അവരുടെ മൊബൈൽ ആപ്പിന്റെ പ്രവർത്തനമാണ്. പരമ്പരാഗത ബാങ്കുകളുടെ മൊബൈൽ ആപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉപയോഗിക്കാൻ എളുപ്പമാണെന്നതിനു പുറമേ ചെലവുകളെ ഓരോരോ വിഭാഗങ്ങളായി തരം തിരിച്ച് ലഭ്യമാക്കുന്നതിലൂടെ, ഒരു അക്കൗണ്ടന്റിന്റെ സേവനവും ഇതിൽ ഇണക്കിച്ചേർത്തിരിക്കുന്നു. കൂടാതെ, ഫ്രിയോസേവ് (freosave) പോലുള്ള നിയോ ബാങ്കുകളിലെ സേവിങ് അക്കൗണ്ടുകളിൽ സാധാരണ ബാങ്കുകൾ നൽകുന്നതിനെക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു.
⚡രാജ്യത്തെ ഏറ്റവും വലിയ നിയോ ബാങ്കുകളിലൊന്ന് മലയാളികളുടെ നേതൃത്വത്തിലുള്ള ഓപ്പൺ (open money) ആണ്.സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യാപാരികൾക്കും സംരംഭങ്ങൾക്കുമുള്ള ബാങ്കിങ് സേവനങ്ങളാണ് ഓപ്പൺ ഒരുക്കുന്നത്.
⚡ജൂപ്പിറ്റർ (jupiter money),
⚡ഫൈ മണി (fi money) എന്നിവ ഫെഡറൽ ബാങ്കുമായി സഹകരിച്ചു പ്രവർത്തിക്കുന്ന നിയോ ബാങ്കുകളാണ്. വ്യക്തിഗത ഇടപാടുകാരെയാണ് ഇവ ലക്ഷ്യമിടുന്നത്. കൂടാതെ,
⚡ഫ്രിയോ (freo money),
⚡നിയോ (goniyo com),
⚡ഇൻസ്റ്റ പേ തുടങ്ങി ഒട്ടേറെ നിയോ ബാങ്കുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.
പരമ്പരാഗത ബാങ്കുകൾ ഡെബിറ്റ് കാർഡുകളിന്മേൽ ഈടാക്കുന്ന വാർഷിക ചാർജുകൾ മിക്ക നിയോ ബാങ്കുകളും ഈടാക്കുന്നില്ല. ഈടാക്കുന്ന മറ്റു ചാർജുകൾ പോലും പരമ്പരാഗത ബാങ്കുകൾ ഈടാക്കുന്നതിനെക്കാൾ കുറവുമാണ്. സാധാരണയിൽനിന്നു തികച്ചും വ്യത്യസ്തവും ആകർഷകവുമായ നിയോ ബാങ്കിന്റെ ഡെബിറ്റ് കാർഡുകൾ വെർച്വൽ രൂപത്തിലും ലഭ്യമാണ്. നാം ചെലവാക്കുന്ന തുകകൾ എന്തിനൊക്കെ ചെലവഴിച്ചുവെന്നറിയാൻ ഒരു സാധാരണ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിലൂടെ സാധ്യമല്ല.
 എന്നാൽ, നിയോ ബാങ്കിങ് സംവിധാനത്തിൽ, ചെലവുകളെ പല വിഭാഗങ്ങളാക്കി തരംതിരിച്ചു ലഭ്യമാക്കുന്നതിനാൽ ഒരു അക്കൗണ്ടന്റിന്റെ സേവനം കൂടി നാമറിയാതെ ലഭ്യമാകുന്നു എന്ന സൗകര്യവുമുണ്ട്. അതായത്, പലചരക്ക്, മരുന്ന്, ഗ്യാസ് ബില്ലുകൾ എന്നിങ്ങനെ തരംതിരിക്കുന്നു. ഇതിനെല്ലാം പുറമെ, കാർഡിനെ ‘ഉറക്കാനും’ (Sleeping), നിശ്ചിത കാലയളവിലേക്ക് ഉപയോഗം നിർത്തി വെക്കാനും(Freezing) മൊബൈൽ ആപ്പിൽ എളുപ്പത്തിൽ ക്രമീകരിക്കാനാകും. ഉദാഹരണത്തിന്, കാർഡിന്റെ സുരക്ഷയ്ക്കായി കുറച്ചുസമയത്തേക്ക് മാത്രം കാർഡ് ഉപയോഗം നിർത്തിവെക്കാനും അതുമല്ലെങ്കിൽ എല്ലാ ദിവസവും അർധരാത്രി മുതൽ വെളുപ്പിനു വരെ കാർഡ് ഉപയോഗം നിർത്തി വെക്കാനും സാധിക്കുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസുള്ള ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാൽ, നിലവിൽ ബാങ്കുകൾക്കുള്ള അതേ സുരക്ഷിതത്വം, അഞ്ചുലക്ഷം വരെയുള്ള നിക്ഷേപ ഇൻഷുറൻസ് അടക്കം നിയോ ബാങ്കുകളിലും ലഭിക്കുന്നുണ്ട്. ഭാവിയിൽ നിയോ ബാങ്കുകൾക്ക് സ്വതന്ത്രമായ ബാങ്കിങ് ലൈസൻസ് ലഭിക്കാനുള്ള സാധ്യതയുണ്ടെങ്കിലും നിലവിൽ ഇവർ നേരിട്ട് റിസർവ് ബാങ്കിന്റെ കീഴിൽ വരുന്നില്ല.
 പുത്തൻ ബാങ്ക് സങ്കൽപങ്ങളുമായി കടന്നു വന്ന നിയോ (neo) ബാങ്കുകൾ ആധുനിക ബാങ്കിങ് രംഗത്ത് ഒരു ഡിജിറ്റൽ വിപ്ലവം തന്നെ സൃഷ്ടിച്ചു കൊണ്ടിരിക്കയാണിപ്പോൾ.
പരമ്പരാഗത ബാങ്കിങ് സേവനങ്ങളെ കടത്തി വെട്ടി അതിവേഗ സേവനങ്ങളുമായി കടന്നുവന്ന നിയോ ബാങ്കുകളുടെ സേവനം ഒരു മൊബൈൽ ഫോണുണ്ടെങ്കിൽ ആർക്കും പ്രയോജനപ്പെടുത്താം. അതിന് ഒരു മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ മാത്രം മതിയാകും.
ബാങ്കിൽ പോകാതെ തന്നെ എല്ലാ ബാങ്കിടപാടുകളും സേവനങ്ങളും ഈ ആപ്ലിക്കേഷൻ വഴി ഓൺലൈനായി ചെയ്യാം. അക്കൗണ്ട് തുറക്കുക, പണമിടപാടുകൾ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ലഭ്യമാക്കുക, ഡെപ്പോസിറ്റ്, വായ്പകൾ തുടങ്ങിയ സേവനങ്ങൾ ഡിജിറ്റലായി എവിടെയിരുന്നു കൊണ്ടും ലഭ്യമാക്കാം.
ഇന്ത്യയിൽ 27 നിയോ ബാങ്കുകൾ ഇപ്പോഴുണ്ട്. പുതുതായി 75 നിയോ ബാങ്കുകൾക്കു കൂടി അനുമതി കൊടുക്കാൻ തയ്യാറാവുന്നുണ്ട്.
ലോകത്താകമാനം 250 നിയോ ബാങ്കുകൾ ഉണ്ട്. കാനറാ ബാങ്കും കോട്ടക് ബാങ്കുമെല്ലാം നിയോ ബാങ്കുമായി വരികയാണ്. 262 പുത്തൻ ഫീച്ചറുകളോടെ 1000 കോടി രൂപ മുടക്കി നിയോ ബാങ്കിങ് സംവിധാനം സ്ഥാപിക്കാൻ ആണ് കാനറാ ബാങ്ക് പ്ലാൻ ചെയ്യുന്നത്.
സാധാരണ ബാങ്കുകളെ പോലെ ശാഖകളുടെ ആവശ്യം വരുന്നില്ല നിയോ ബാങ്കുകൾക്ക്. നടത്തിപ്പു ചെലവും വളരെ കുറവ് ആണ്. അതുകൊണ്ട് സാധാരണ ബാങ്കുകളേക്കാളും സർവീസ് ചാർജ് കുറവാണ്.ലളിതമായ നടപടിക്രമങ്ങളിലൂടെ വളരെ വേഗത്തിൽ സേവനങ്ങൾ നൽകാൻ കഴിയുന്നതാണ് നിയോ ബാങ്കുകളുടെ സ്വീകാര്യത വർധിക്കാൻ കാരണം.ആധാർ കാർഡ് മാത്രം വച്ച് അക്കൗണ്ട് തുടങ്ങാൻ പറ്റും. അക്കൗണ്ട് തുടങ്ങി ഒരു വർഷം തികയും മുമ്പ് കെ വൈ സി നടപടികൾ പൂർത്തിയാക്കിയാൽ മതി. അതുവരെ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകളേ നടത്താൻ പറ്റൂ. മൂന്നു മിനിറ്റ് നീളുന്ന വിഡിയോ കോളിലൂടെ കെവൈസി പൂർത്തിയാക്കിയാൽ സാധാരണ പോലെ ഇടപാടുകൾ നടത്താം.ഒരു വർഷത്തിനകം കെ.വൈ.സി നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും.
നിയോ ബാങ്കുകളെ ആർ.ബി.ഐ നേരിട്ട് നിയന്ത്രിക്കുന്നില്ല.എന്നിരുന്നാലും നിയോ ബാങ്കുകൾ റിസർവ് ബാങ്കിന്റെ നിരീക്ഷണത്തിലാണ്. ഉപഭോക്താക്കളുടെ വ്യത്യസ്തമായ ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ട് ആകർഷകമായ സേവനങ്ങളും ഒപ്പം സമ്മാനങ്ങളുമായാണ് നിയോ ബാങ്കുകൾ വിപണി കീഴടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: