KeralaNEWS

‘ധനരാജിന്റെ കടം പാർട്ടി വീട്ടും, ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ല’: സിപിഎം

കണ്ണൂർ: അച്ചടക്ക നടപടി പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ പയ്യന്നൂരിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകൻ ധനരാജിന്റെ കടം പാർട്ടി വീട്ടുമെന്ന് സി പി എം. വിശദീകരണക്കുറിപ്പ് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഇറക്കിയത്. പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിലെ ധനരാജിന്റെ  കടം പാര്‍ട്ടി വീട്ടുമെന്ന് ഇതിൽ പറയുന്നു. അതേസമയം ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പറയുന്നു. ധനരാജിന്റെ ബന്ധുക്കള്‍ക്ക് ഫണ്ട് നല്‍കിയതും, വീട് നിര്‍മ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം സി പി എമ്മിനില്ല. ശവം തീനിയും അഴിമതിക്കാരനും കെ സുധാകരനാണ്. കോൺഗ്രസ് രക്തസാക്ഷികളുടെ ഫണ്ട് തട്ടുന്നത് സുധാകരനാണെന്നും സി പി എം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.

ഫണ്ട് വിവാദത്തില്‍ സിപിഎം പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞിക‍ൃഷ്ണനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കം പാളി. കുഞ്ഞികൃഷ്ണനുമായി ചര്‍ച്ചക്ക് പി.ജയരാജനെയാണ് പാര്‍ട്ടി നിയോഗിച്ചിരുന്നത്.പയ്യന്നൂർ ഖാദി സെന്ററിലെ പി ജയരാജന്‍റെ  ഓഫീസിലെ ചര്‍ച്ച  പത്ത് മിനിട്ട് മാത്രമാണ് നീണ്ടു നിന്നത്. പൊതു പ്രവർത്തനം അവസാനിപ്പിച്ചെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണൻ അറിയിച്ചു. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം സ്ഥരീകരിച്ചു. ടി ഐ മധുസൂധനൻ എം എൽ എ യ്ക്കെതിരെ ശക്തമായ നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം കണ്ണൂ‍ര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പി.ജയരാജൻ അനുനയനീക്കം നടത്തിയത്. രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നതായി പരാതിപ്പെടുകയും പാര്‍ട്ടിയെ തെളിവ് സഹിതം അക്കാര്യം ബോധിപ്പിക്കുകയും ചെയ്ത തന്നെ സ്ഥാനത്ത് നിന്നും മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണൻ. തിരിമറിയിൽ ആരോപണം നേരിടുന്ന പയ്യന്നൂര്‍ എംഎൽഎ ടിഐ മധുസൂദനനെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി പര്യാപ്തമല്ലെന്നും കൂടുതൽ ശക്തമായ നടപടി മധുസൂദനനെതിരെ വേണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.

കുഞ്ഞികൃഷ്ണനെതിരായ അച്ചടക്ക നടപടിക്ക് പിന്നാലെ പയ്യന്നൂരിലെ പാ‍ര്‍ട്ടിയിൽ അമ‍ര്‍ഷം രൂക്ഷമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും കൂട്ടത്തോടെ ആളുകൾ ലെഫ്റ്റ് അടിക്കുന്ന സാഹചര്യമുണ്ടായി. പലരും പ്രൊഫൈൽ ഫോട്ടോയായി കുഞ്ഞികൃഷ്ണൻ്റെ ചിത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. വിഷയം പയ്യന്നൂരിൽ പാര്‍ട്ടിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ്  പി.ജയരാജനെ നിയോഗിച്ച്  അനുനയ നീക്കത്തിന് ജില്ലാ നേതൃത്വം തുടക്കമിട്ടത്.

പയ്യന്നൂരിലെ ഫണ്ട് തിരിമറിയിൽ പാർട്ടിക്ക് പണം നഷ്ടപ്പെട്ടിട്ടില്ല എന്ന് ആണയിടുന്ന സിപിഎം പക്ഷെ മൂന്ന് ഫണ്ടുകളിലായി ഒരുകോടിയോളം രൂപ അപഹരിച്ചു എന്ന തെളിവ് സഹിതമുള്ള പരാതിക്ക് മറുപടി നൽകുന്നില്ല. ധൻരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം നേതാക്കൾ പിൻവലിച്ചതിന് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപെടെ തെളിവ് സമർപ്പിച്ചിട്ടും ഒരു അന്വേഷണം നടത്താൻ പോലും സിപിഎം ഇതുവരെ തയ്യാറായിട്ടില്ല. ഫണ്ട് മോഷ്ടിച്ച ടിഐ മധുസൂധനനെ എംഎൽഎ സ്ഥാനത്ത് നിന്ന് പാർട്ടി രാജി വയ്പ്പിച്ചില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

2011 ജൂലൈ 16നാണ് പയ്യന്നൂരിലെ സജീവ സിപിഎം പ്രവർത്തകനായ സി.വി.ധൻരാജ് കൊല്ലപ്പെടുന്നത്. ധൻരാജിൻ്റെ കടങ്ങൾ വീട്ടാനും വീട് വച്ച് നൽകാനും പാർട്ടി രക്തസാക്ഷി ഫണ്ട് ശേഖരണം നടത്തി. ധനരാജിന് പയ്യന്നൂരിലെ പാർട്ടിക്കാർക്കിടയിലുണ്ടായിരുന്ന ജനപ്രീതി കാരണം എൻപത്തിയ‌‌ഞ്ച് ലക്ഷത്തിലധികമാണ് ഫണ്ട് കിട്ടിയത്. 25 ലക്ഷം രൂപയ്ക്ക് ധൻരാജിന്റെ കുടുംബത്തിന് വീട് വച്ചുനൽകി. ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിൽ 5 ലക്ഷവീതവും അമ്മയുടെ പേരിൽ 3 ലക്ഷവും സഹകരണബാങ്കിൽ സ്ഥിര നിക്ഷേപം ഇട്ടു. ബാക്കി വന്ന 42 ലക്ഷം പയ്യന്നൂരിലെ രണ്ടു നേതാക്കളുടെ ജോയിൻ്റ് അക്കൗണ്ടിൽ സ്ഥിര നിക്ഷേപമാക്കി.

ധൻരാജിന് ഉണ്ടായിരുന്ന 15 ലക്ഷത്തിൻ്റെ കടംവീട്ടാതെയായിരുന്നു ഈ നിക്ഷേപം. ധൻരാജിൻ്റെ ഭാര്യയ്ക്ക് സഹകരണ സ്ഥാപനത്തിൽ ജോലിയുണ്ടെന്നും ആ വരുമാനത്തിൽ നിന്നും കടം വീടട്ടെ എന്നും പറഞ്ഞായിരുന്നു ഇത്. 42 ലക്ഷം സ്ഥിരനിക്ഷേപത്തിൽനിന്നും ലഭിച്ച 5 ലക്ഷത്തിന്റെ പലിശ രണ്ടു നേതാക്കളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റി. താമസീയാതെ 42 ലക്ഷവും പിൻവലിക്കപ്പെട്ടു. ഇതിനൊക്കെ ബാങ്ക് സ്റ്റേറ്റ് മെന്റ് ഉൾപെടെ തെളിവുമായാണ് വി.കുഞ്ഞികൃഷ്ണൻ ജില്ലാ നേതൃത്വത്തെ സമീപിച്ചത്.

ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ടിലേക്ക് ഈ പണം ഉപയോഗിച്ചു എന്ന് ആരോപണ വിധേയർ വിശദീകരിച്ചെങ്കിലും അങ്ങനെ ഒരു തീരുമാനം എടുത്തതിന് ഏരിയ കമ്മറ്റിയുടെ മിനിറ്റ്സിൽ തെളിവില്ല. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനൻ ആരോപണം നേരിടുമ്പോഴും ജാഗ്രതക്കുറവ് മാത്രമാണുണ്ടായതെന്നും പണം നഷ്ടമായിട്ടില്ല എന്ന് മാത്രം സിപിഎം വിശദീകരിക്കുന്നു. എങ്കിൽ ആ 42 ലക്ഷം എവിടെ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ സിപിഎം തയ്യാറാകുന്നുമില്ല. അതേസമയം എംഎൽഎ ഉൾപെട്ട സാമ്പത്തിക തിരിമറിയിൽ നിയമപരമായ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: