ഇടുക്കി: തൊടുപുഴയില്‍ മദ്യലഹരിയില്‍ അഭിഭാഷകന്‍ ഓടിച്ച കാറിടിച്ച് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. അമിത വേഗതയിലെത്തിയ കാര്‍ ആറ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. വാഹനമോടിച്ച വാഴക്കുളം സ്വദേശിയായ അഭിഭാഷകനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് നിരവധി പേരുടെ ജീവന്‍ അപകടത്തിലാക്കി അഭിഭാഷകന്‍ അമിത വേഗതയില്‍ കാറുമായി പാഞ്ഞത്. ഇയാളുടെ കാറിടിച്ച മുഴുവന്‍ വാഹനങ്ങള്‍ക്കും വലിയ രീതിയിലുള്ള കേടുപാടുകള് സംഭവിച്ചിട്ടുണ്ട്.
പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന അഭിഭാഷകന്റെ കാര്‍ മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാറിലാണ് ആദ്യമിടിച്ചത്. അപകടം നടന്നിട്ടും വാഹനം നിര്‍ത്താന്‍ തയാറാകാതിരുന്ന ഇയാള് റോഡിലെ ഡിവൈഡറില്‍ ഇടിച്ച ശേഷം ശേഷം മൂന്ന് കാറുകളെയും പിക്കപ്പ് വാനിനെയും ലോറിയിലും ഇടിച്ച ശേഷം ഓടിച്ച് പോവുകയായിരുന്നു.
വെങ്ങല്ലൂര്-കോലാനി ബൈപാസ് റോഡില് പെട്രോള് പമ്പിന് സമീപത്തുവച്ചും നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. എന്നാല്‍ കോലാനിക്ക് സമീപമുള്ള പാലത്തിലെത്തിയപ്പോള്‍ ടയര്‍ പഞ്ചറായി വാഹനം നിന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അഭിഭാഷകനെ പിടികൂടിയ ശേഷം പോലീസിനെ വിളിച്ചറിയിച്ചു.
അപകടത്തില് ആര്‍ക്കും പരിക്കിക്കേറ്റില്ല. തൊടുപുഴ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ഇയാളെ വൈദ്യ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.