കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ്.നായര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് മാത്രമേ നല്‍കാനാവൂ എന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നെങ്കിലും അതും തള്ളുകയായിരുന്നു.
സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയില്‍ തനിക്കെതിരേ പരാമര്‍ശമുണ്ടെന്നും അതിനാല്‍ മൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു സരിത ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളിയപ്പോള്‍ പറഞ്ഞ അതേകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കോടതി സരിതയുടെയും ഹര്‍ജി തള്ളിയത്. അതേസമയം, കീഴ്ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത അറിയിച്ചു.
കഴിഞ്ഞദിവസമാണ് സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയും കോടതി തള്ളിയത്. ക്രൈംബ്രാഞ്ച് കേസിലെ അന്വേഷണ ഏജന്‍സിയല്ലെന്നും ഈ കേസിലെ അന്വേഷണ ഏജന്‍സി ഇ.ഡി.യാണെന്നും കോടതി പറഞ്ഞിരുന്നു. അതിനാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ആര്‍ക്കും പകര്‍പ്പ് നല്‍കാനാവില്ലെന്നും ഇ.ഡി.ക്ക് മാത്രമേ പകര്‍പ്പ് ലഭിക്കുവാന്‍ അവകാശമുള്ളൂവെന്നും കോടതി വ്യക്തമാക്കി.
അതേസമയം, രഹസ്യമൊഴിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞത്. കേസിലെ അന്വേഷണത്തിനായി രഹസ്യമൊഴിയുടെ പകര്‍പ്പ് അനിവാര്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.