NEWS

40 വയസ്സ് കഴിഞ്ഞവർക്ക് ‘നല്ല നടപ്പ്’

ജീവിതശൈലി രോഗങ്ങള്‍ പലതും കടന്നുവരുന്നത് ശരീരത്തിന് ആവശ്യത്തിന് വ്യായാമം ലഭിക്കാത്തതുകൊണ്ടാണ്.സ്ത്രീകളായാലും പുരുഷന്മാരായാലും വ്യായാമം ശീലമാക്കണം.ശരീരം അനങ്ങാതെയുള്ള ജോലിയും കൊഴുപ്പുകൂടിയ ഭക്ഷണവുമാണ് ഇന്നത്തെ ജീവിത രീതി.പ്രത്യേകിച്ച് നാല്‍പ്പതു കഴിഞ്ഞവര്‍ കുട്ടികള്‍, കുടുംബം അങ്ങനെ നീളുന്നു അവരുടെ ജീവിതം. ഇതിനിടെ ഒത്തിരി ദൂരം നടക്കുകയോ, ഗോവണി കയറുകയോ ചെയ്യില്ല. അത്രയും സമയം കൂടി ലാഭിക്കാന്‍ യാത്ര വാഹനത്തിലാക്കും.ഗോവണി നടന്ന് കയറി ക്ഷീണിച്ച് വിയര്‍ക്കുന്നതിന് പകരം ലിഫ്റ്റ് ഉപയോഗിക്കും. ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം കൂടിയേ തീരൂ. രോഗങ്ങള്‍ പിടിപെടുന്നത് തടയുവാനും ചികിത്സകള്‍ കൂടുതല്‍ ഫലപ്രദമാകുവാനും ശാരീരികാധ്വാനം കൂടുതല്‍ സഹായിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വ്യായാമത്തോളം ഫലപ്രദമായ മറ്റൊന്നില്ല.

സമ്പൂര്‍ണ ആരോഗ്യം പ്രദാനം ചെയ്യാന്‍ വ്യായാമത്തിന് കഴിയുന്നു. പതിവായി വ്യായാമം ചെയ്യുന്ന ഒരാളുടെ ശരീരത്തിലെ ഓരോ കോശത്തിനും ഉന്മേഷം ലഭിക്കുന്നു. കൃത്യമായ വ്യായാമം ചെയ്യുന്ന ഒരാളുടെ ഹൃദയം മിനിറ്റില്‍ 45 മുതല്‍ 55 പ്രവശ്യം സ്പന്ദിക്കും. അപ്പോള്‍ പമ്പു ചെയ്യുന്ന അതേ അളവ് രക്തം പമ്പു ചെയ്യണമെങ്കില്‍ വ്യായാമം ചെയ്യാത്ത ആളിന്റെ ഹൃദയത്തിന് 70 മുതല്‍ 75 തവണ വരെ സപ്ന്ദിക്കേണ്ടിവരും.കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദം, പൊണ്ണത്തടി, കുടവയര്‍ എന്നിവയില്‍ നിന്നും രക്ഷനേടാന്‍ വ്യായാമം വലിയൊരളവോളം സഹായിക്കുന്നു. വ്യായാമം  ശരീരത്തിന് സമ്പൂര്‍ണ ആരോഗ്യം, സൌഖ്യം, ശക്തി. ഓജസ്, മാനസിക സന്തോഷം, നല്ല ഉറക്കം എന്നിവ നൽകുന്നു

പല തരത്തിലുള്ള വ്യായാമമുറകളുണ്ട്. നീന്തല്‍, നടത്തം, ഓട്ടം, എയ്റോബിക്സ്, സൈക്കിളിംഗ്, ജിംനേഷ്യം അങ്ങനെ നീളുന്ന വ്യായാമങ്ങള്‍. ഇതില്‍ ഏതു വ്യായാമം തെരഞ്ഞെടുക്കാനും ചെറുപ്പക്കാര്‍ക്ക് സാധിക്കും. എന്നാല്‍ നാല്‍പ്പതു കഴിഞ്ഞവര്‍ വ്യായാമമുറ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായത്തിന് അനുസരിച്ചുള്ള വ്യായാമമുറ വേണം സ്വീകരിക്കാന്‍. പ്രായം മാത്രം പോരാ അവരവരുടെ ആരോഗ്യസ്ഥിതിയും അതില്‍ പ്രാധാന്യമര്‍ഹിക്കുന്നു. അതിനാല്‍ നാല്‍പ്പതിനുശേഷം വ്യായാമം ചെയ്യാന്‍ തുടങ്ങുന്നവര്‍ ഏതെങ്കിലും ഫിസിഷനെ കണ്ട് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമെ വ്യായാമം തുടങ്ങാവൂ.

വൈകിട്ടും കാലത്തുമുള്ള നടത്തമാണ് ഏറ്റവും മികച്ച വ്യായാമമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളത്. നടത്തം കൊണ്ട് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ചലിക്കുന്നു. ഇതു രക്തച്ഛംക്രമണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

എങ്ങനെ നടക്കാം

1. മസിലുപിടിക്കാതെ നടക്കണം. ശരീരം മുഴുവനായി അയച്ചിടണം. കൈകള്‍ രണ്ടും മുന്നോട്ടും പിന്നോട്ടും വീശിയാണു നടക്കേണ്ടത്. വേഗത്തില്‍ നടക്കുന്നവര്‍ 30 മിനിറ്റും സാവകാശം നടക്കുന്നവര്‍ ഒരു മണിക്കൂറും എങ്കിലും നടക്കണം.

2. കുടവയര്‍ ഉള്ളവര്‍ വയര്‍ ഉള്ളിലേക്കു പിടിച്ചാണ് നടക്കേണ്ടത്.

3. നടത്തം തുടങ്ങുന്നവര്‍ ആദ്യദിവസം തന്നെ വേഗത്തില്‍ 30 മിനിറ്റും നടക്കരുത്. സാവകാശം 10-20 മിനിറ്റ് നടന്നാല്‍ മതി.ക്രമേണ സമയവും വേഗവും കൂട്ടുക.

4. തൂക്കം പെട്ടെന്നു കുറയണമെന്ന് ആഗ്രഹിച്ചു നടക്കാനിറങ്ങുന്നവര്‍ 10-15 മിനിറ്റ് കൂടി അധികം നടക്കുക.

5. ഇയര്‍ ഫോണിലൂടെ പാട്ട് കേട്ടോ മൊബൈല്‍ ഫോണിലൂടെ സംസാരിച്ചോ നടക്കുന്നതുകൊണ്ട് ഉദ്ദേശിച്ച ഫലം ചെയ്യില്ല.

 

 

6. ട്രെഡ്മില്ലില്‍ കൂടുതല്‍ സ്പീഡ് എടുക്കുന്നത് ഓടുന്നതിനു തുല്യമാണ്.ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുമ്പോള്‍ ഇരുവശത്തുമുള്ള അഴികളില്‍ ബലമായി പിടിച്ചു കുനിഞ്ഞുനടക്കരുത്.ഇതു നടുവേദനയ്ക്കു കാരണമാവും

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: