ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മോഡൽ ഷഹാനയുടെ ഡയറി കുറിപ്പുകൾ പുറത്ത്. തന്നെ ഭർതൃവീട്ടുകാർ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നുമാണ് ഷഹാന ഡയറിയിൽ കുറിച്ചിരിക്കുന്നത്.
ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു. ചില ദിവസങ്ങളിൽ ഭക്ഷണം ഒന്നോ രണ്ടോ കഷണം ബ്രഡ് മാത്രം. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാർ മർദിച്ചു. സജാദിന്റെ വീട്ടിൽ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയാണെന്നും ഷഹാന എഴുതിയിട്ടുണ്ട്. ഷഹാനയുടെ ഡയറി അന്വേഷണ ഉദ്യോഗസ്ഥൻ എസിപി സുദർശന് കൈമാറും.
കോഴിക്കോട്ടെ വാടക വീട്ടിലാണ് ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. ഷഹാനയുടെ ഭർത്താവ് സജാദ് ലഹരിമാഫിയ കണ്ണിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഓൺലൈൻ ഭക്ഷണ വിതരണത്തിനിടെയാണ് സജാദ് ലഹരി വിൽപ്പന നടത്തിയിരുന്നത്.
സജാദും ഷഹാനയും ഒന്നര വർഷം മുൻപാണ് വിവാഹിതരായത്. ഒരു തമിഴ് സിനിമയിൽ ഷഹാന അഭിനയിച്ചിരുന്നു. രണ്ടു മാസം മുൻപാണ് പറമ്പിൽ ബസാറിനടുത്തുള്ള വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങിയത്. ഷഹാനയുടെ ജന്മദിനത്തിന്റെ അന്ന് രാത്രി ഇരുവരും വഴക്കിടുന്ന ശബ്ദം അയൽവാസികൾ കേട്ടിരുന്നു.