NEWS

ഹോൺ അത്യാവശ്യത്തിന് മാത്രം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ബ്രേക്ക് ചവിട്ടുന്നതിലും എളുപ്പം ഹോൺ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് ചിലരെങ്കിലും.  ഹോൺ നീട്ടിമുഴക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരും.ശബ്ദ മലിനീകരണത്തിന്റെ മറ്റൊരു  ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം.ഹോണടിക്കാതെയുള്ള യാത്ര ഒരു ശീലമാക്കാൻ പറ്റുമോ ? പറ്റില്ലെങ്കിൽ എന്തൊക്കെയാണ് കാരണങ്ങൾ ?
വികസിത രാജ്യങ്ങളിൽ നമ്മുടെ പിന്നിൽ വരുന്ന വാഹനം ഹോണടിക്കുക എന്നാൽ നമ്മളെന്തോ തെറ്റ് കാണിച്ചിട്ടുണ്ട് എന്നാണർത്ഥം.ആ തെറ്റ് നമ്മളെ ചൂണ്ടിക്കാണിക്കാനാണ് അവർ ഹോണടിക്കുന്നത്.അതുകൊണ്ടുതന്നെ ഹോണടി കേൾക്കുന്നത് അവർക്ക് കുറച്ചിലാണ്.ഡ്രൈവ് ചെയ്യുമ്പോൾ ട്രാഫിക്ക് നിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനമോടിക്കുന്നതുകൊണ്ട് അവർക്ക് സ്വാഭാവികമായും വല്ലപ്പോൾ മാത്രമേ ഹോണടിക്കേണ്ടി വരുന്നുള്ളൂ.പക്ഷേ, നമുക്കങ്ങനെയല്ലല്ലോ കാര്യങ്ങൾ ?!
രണ്ട് വാഹനങ്ങൾക്ക് പോകാനുള്ള വീതിയുള്ള റോഡിന്റെ നടുക്ക് കൂടെ വാഹനം ഓടിക്കുകയും എതിരെ വാഹനം വരുമ്പോൾ മാത്രം സൈഡ് കൊടുക്കുകയും ചെയ്യുന്ന സംസ്ക്കാരം ഉള്ളതുകൊണ്ടാണ് വളവിൽ നമുക്ക് ഹോണടിക്കേണ്ടി വരുന്നത്.അതേസമയം ഒരു വാഹനത്തിനുള്ള വീതി മാത്രമുള്ള റോഡിലെ വളവിൽ ഹോൺ അടിക്കുന്നത് ഒരു സുരക്ഷാനടപടി മാത്രമാണ്.
ഓവർടേക്ക് ചെയ്യുമ്പോളും ഹോണടിക്കണം.അങ്ങനെ ചെയ്തില്ലെങ്കിൽ യാതൊരു മുന്നറിയിപ്പും തരാതെ ഇടത്തേക്കോ വലത്തേക്കോ ഗതിമാറ്റാൻ സാദ്ധ്യതയുള്ള മുന്നിലെ വാഹനവുമായി നമ്മൾ കൂട്ടിയിടിക്കുമെന്ന് മൂന്നരത്തരം. ഇവിടെയാണ് ട്രാഫിക്ക് നിയമങ്ങൾ അനുസരിച്ച് വാഹനമോടിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നുവരുന്നത്. നമ്മുടെ വാഹനം ഇടത്തേക്കോ വലത്തേക്കോ ദിശമാറുന്നതിന് മുൻപ് ഇൻഡിക്കേറ്റർ പ്രകാശിപ്പിക്കുകയും മറ്റ് വാഹനങ്ങൾ പിന്നിലൂടെ അതിവേഗതയിൽ വരുന്നുണ്ടോ എന്ന് കണ്ണാടിയിലൂടെ നോക്കുകയും ചെയ്ത ശേഷമേ വാഹനത്തിന്റെ ദിശമാറ്റാൻ പാടുള്ളൂ. പിൻ‌വശം കാണാനുള്ള കണ്ണാടികൾ വാഹനം വാങ്ങുന്ന അന്ന് തന്നെ മടക്കി വെക്കുന്ന സംസ്ക്കാരമുള്ള ഇന്നാട്ടിൽ ഹോണടിച്ചുകൊണ്ടല്ലാതെ ഒരു വാഹനത്തെ ഓവർടേക്ക് ചെയ്യുക ബുദ്ധിമുട്ടാണ്.
വിദേശരാജ്യങ്ങളിൽ അമിതവേഗം എന്നത് പോലെ തന്നെ മിനിമം വേഗത എന്നൊരു കാര്യം കൂടെ തീർച്ചയായും ഉണ്ട്. ഇന്നാട്ടിൽ പക്ഷെ അങ്ങനെയൊന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോയെന്നും അങ്ങനെയൊരു നിയമം ഉണ്ടോ എന്നും സംശയമാണ്. ഒരുനുഭവം ഉദാഹരണമായി പറയാം. ഗോശ്രീ പാലത്തിലൂടെ ഇരുവശത്തേയും കാഴ്ച്ചകളൊക്കെ കണ്ടാസ്വദിച്ച് വളരെ മെല്ലെ പോകുന്ന ഒരു വാഹനം സത്യത്തിൽ അവിടെ ട്രാഫിക്ക് ബ്ലോക്ക് സൃഷ്ടിക്കുകയാണ്. പാലത്തിൽ ഓവർടേക്ക് ചെയ്യാൻ പാടില്ല എന്ന നിമയം അനുസരിക്കണമെങ്കിൽ മുന്നിലുള്ള ഈ മെല്ലെപ്പോക്ക് വാഹനത്തിന് പുറകെ എല്ലാവരും നിരങ്ങാൻ തുടങ്ങിയാൽ അവിടെ ഗതാഗതസ്തംഭനമായി. അല്ലെങ്കിൽ അയാൾ വേഗതകൂട്ടാൻ വേണ്ടി പിന്നിലൂടെ വരുന്നവർ ഹോണടിച്ചേ പറ്റൂ. പാലങ്ങളിൽ മാത്രമല്ല,ഇരുവശത്തുനിന്ന് സദാസമയവും വാഹനങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഏതൊരു റോഡിലും ഈ മെല്ലെപ്പോക്ക് ഒരു പ്രശ്നമാണ്. പിന്നിലുള്ളവർക്ക് കടന്നുപോകാൻ പറ്റാതെ വരുമ്പോൾ അവിടെ ശബ്ദമലിനീകരണത്തിന്റെ സംസ്ഥാനസമ്മേളനത്തിന് വേദിയാകുന്നു. അതല്ലാതെ വേറെന്തുണ്ട് മാർഗ്ഗം ?
മറ്റൊരു ഗുരുതരമായ പ്രശ്നം നമ്മുടെ പൊതുവാഹനങ്ങളുടെയെല്ലാം പിന്നിൽ എഴുതി വെച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? HORN OK, HORN PLEASE, SOUND HORN, BLOW HORN, എന്നൊക്കെയാണത്.ഒന്നു ഹോണടിക്കൂ പ്ലീസ് എന്ന് താണുകേണാണ് അവർ പറയുന്നത്.അങ്ങനെ എഴുതി വെച്ചിട്ടില്ലെങ്കിൽ ആ വാഹനങ്ങൾക്ക് മോട്ടോർ വെഹിക്കിൽ ഓഫീസിൽ നിന്ന് ടെസ്റ്റ് പാസ്സായി നിരത്തിലിറങ്ങാൻ പറ്റില്ല. ഈ ഒരു സംസ്ക്കാരവും നിയമവും കൊണ്ടുനടക്കുന്ന നമ്മൾക്കെങ്ങനെയാണ് നിത്യമായ ‘നോ ഹോൺ‘ സംസ്ക്കാരത്തിലേക്ക് പോകാൻ കഴിയുക? ആദ്യം നിയമത്തിലുള്ള അത്തരം ഭോഷ്ക്കുകളാണ് തൂത്തെറിയേണ്ടത്.
നിർമ്മിച്ച വാഹനത്തിനൊപ്പം വരുന്ന സാധാരണ തരം ഹോണുകൾ പരിഷ്‌ക്കരിക്കുന്നതും അല്ലെങ്കിൽ മാറ്റി സ്ഥാപിക്കുന്നതും പലർക്കും ഒരു വിനോദമാണ്.ഉയർന്ന ഡെസിബൽ ഹോണുകളുടെ ശല്യം സംബന്ധിച്ച് നിരവധി പരാതികളാണ് ഉള്ളത്.ഇതേപോലെ മറ്റൊന്നാണ് ബൈക്കുകളിലെ സൈലൻസർ.ഈ അടുത്ത കാലത്ത് ‘ഓപ്പറേഷൻ ഡെസിബെൽ’ പരിശോധനയുമായി രംഗത്തിറങ്ങിയ മോട്ടോർ വാഹനവകുപ്പ് കേവലം പത്തു ദിവസം കൊണ്ട് ഖജനാവിലെത്തിച്ചത് 86.64 ലക്ഷം രൂപയായിരുന്നു!!
ഏറ്റവും കൂടുതൽ പിഴ അടച്ചത് എറണാകുളം ജില്ലയിലാണ്. രണ്ടാം സ്ഥാനം തൃശൂരിനാണ്.അതേസമയം, ഉയർന്ന ഡെസിബൽ ഹോൺ മുഴക്കിയില്ലെങ്കിൽ പോലും സംശയാസ്പദമായ സാഹചര്യത്തിൽ ഹോൺ തരം പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുണ്ട്.ലംഘനത്തിനുള്ള പിഴ 2000 രൂപയായിരിക്കും.
ചില ഹോൺ ശബ്ദങ്ങൾ മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരിൽ പെട്ടെന്ന് ഞെട്ടൽ സൃഷ്‌ടിക്കാറുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് പലപ്പോഴും ഹോൺ മുഴക്കുന്നതിന്റെ ആഘാതം ഏൽക്കുന്നത്.ഇവർ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതിനാൽ അപകട സാധ്യത ഏറെയാണ്.മാത്രമല്ല, ഇത് മാനസിക പിരിമുറുക്കത്തിനും കാരണമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.അതിനു പുറമെയാണ് ആശുപത്രികൾക്ക് സമീപത്തെ ഹോണടികൾ.എന്തിനേറെ, ആശുപത്രി മുറ്റത്തെത്തിയാൽപ്പോലും ആംബുലൻസ് ഡ്രൈവർമാർ സൈറൺ ഓഫ് ചെയ്യാറുമില്ല !!
വിവിധ വിഭാഗത്തിലുള്ള വാഹനങ്ങളുടെ ശബ്ദ പരിധി ഇപ്രകാരമാണ്:

ഇരുചക്രവാഹനങ്ങൾ: 80 ഡെസിബെൽ

കാറുകളും ത്രീ വീലറുകളും (പെട്രോളിൽ ഓടുന്നവ): 82 ഡെസിബൽ

4,000 കിലോയിൽ താഴെ ഭാരമുള്ള വാഹനങ്ങൾ, പാസഞ്ചർ, ചെറുകിട വാണിജ്യ വാഹനങ്ങൾ: 85 ഡെസിബൽ

4,000 മുതൽ 12,000 കിലോ വരെ ഭാരമുള്ള, യാത്രയ്ക്കും വാണിജ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വാഹനങ്ങൾ: 89 ഡെസിബെൽ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: