CrimeNEWS

കുറ്റാന്വേഷണ കഥയെക്കാൾ ദുരൂഹമായ അബ്ദുൽ ജലീൽ കൊലപാതകം. പ്രവാസിയായ ജലീലിനെ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യഹിയ ഒടുവിൽ അറസ്റ്റിൽ

   മലപ്പുറം: മെയ് 15നാണ് അബ്ദുൽ ജലീലിൽ നെടുമ്പാശ്ശേരിയിൽ ഫ്ലൈറ്റിറങ്ങിയത് . അഗളി സ്വദേശിയായ അയാൾ പത്ത് വര്‍ഷത്തോളമായി ജിദ്ദയിലെ ഒരു അറബിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സർണക്കടത്ത് സംഘം നെടുമ്പാശ്ശേരിയിൽ നിന്നാണ് ജലീലിനെ തട്ടിക്കൊണ്ടു പോയത്.

തുടർന്ന് പതിനെട്ടാം തീയതി അർദ്ധരാത്രി, ബോധരഹിതനാകുന്നതു വരെ പല സ്ഥലങ്ങളിലായി കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു. ശരീരമാകെ ഇഞ്ചപോലെ തല്ലിച്ചതച്ചു. തുടർന്ന് 19 വ്യാഴാഴ്ച രാവിലെ 7 മണിയോടെ പദ്ധതിയുടെ ആസൂത്രകനായ യഹിയ, ജലീലിനെ കാറിൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിച്ചു. റോഡരുകിൽ കിടക്കുന്നത് കണ്ട് എടുത്തുകൊണ്ടു വന്നതാണെന്ന് പറഞ്ഞ് യഹിയ രക്ഷപെട്ടു. ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്ന ജലീൽ അന്ന് രാത്രി പന്ത്രണ്ടരയോടെ മരിച്ചു.

തട്ടിക്കൊണ്ടു പോയതിനും മർദ്ദനത്തിനും പങ്കാളികളായ അൽത്താഫ്, റഫീക്ക് മുഹമ്മദ്, മുസ്തഫാ എന്ന മുത്തു, അനസ് ബാബു എന്ന മണി, മുഹമ്മദ് അബ്ദുൽ അലി എന്ന അനിമോൻ, മണികണ്ഠൻ എന്ന ഉണ്ണി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

മുഖ്യപ്രതിയായ യഹിയയെ ഇന്നലെ അർദ്ധരാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. പാണ്ടിക്കാട്ടെ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. അബ്ദുൽജലീലിനെ ആശുപത്രിയിൽ എത്തിച്ച ശേഷം വിവരം അയാളുടെ വീട്ടിലും അറിയിച്ച ശേഷമാണ് യഹിയ മുങ്ങിയത്.

യഹിയക്കു രഹസ്യകേന്ദ്രത്തിൽ താമസ സൗകര്യം ഒരുക്കിക്കൊടുത്ത വരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരുവാരക്കുണ്ട് പുത്തൻപീടികയിൽ നബീൽ, പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരയ്ക്കാർ, അങ്ങാടിപ്പുറം പിലാക്കൽ അജ്മൽ എന്ന റോഷൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ യഹിയക്കു മൊബൈൽ ഫോണും സിം കാർഡും എടുത്തു കൊടുത്തിരുന്നു.
മെയ് 15നാണ് നെടുമ്പാശ്ശേരിയിൽ എത്തിയ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ മുബഷീറയും കുടുംബവും അഗളി പോലീസിൽ പരാതി നൽകിയത്. ഇടയ്ക്ക് കുടുംബവുമായി ബന്ധപ്പെട്ട ജലീൽ പരാതി പിൻവലിക്കാനും ആവശ്യപ്പെട്ടിരുന്നു. വീട്ടിൽ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വ്യാഴാഴ്ച രാവിലെ ഇയാളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് എന്നാണ് ആ കുടുംബത്തിന് ലഭിച്ച വിവരം.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നാലു പേരടക്കം ഒമ്പത് പേർ ഇപ്പോൾ പോലീസിനെ കസ്റ്റഡിയിലുണ്ട്. യഹിയയെ കോടതിയിൽ ഹാജരാക്കി ഉടൻ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിനെ തീരുമാനം. അതിനുശേഷമേ കേസിനെക്കുറിച്ചുള്ള സമ്പൂർണവിവരങ്ങൾ പുറത്തു വരികയുള്ളൂ

Back to top button
error: