NEWS

വീട്ടമ്മമാർക്ക് സ്വന്തമായി വരുമാനം കണ്ടെത്താൻ സഹായിക്കുന്ന ചില സർക്കാർ പദ്ധതികൾ 

സ്ത്രീകൾക്ക് സ്വന്തമായി ബിസിനസ്സ് ചെയ്യുവാനും വരുമാനം നേടാനും അനുകൂലമായ ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്.പുതിയതായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്കായി സർക്കാരിന്റെ ചില മികച്ച പദ്ധതികൾ ചുവടെ ചേർക്കുന്നു.
അന്നപൂർണ പദ്ധതി 
അടുക്കള നവീകരണം പോലുള്ള ആവശ്യങ്ങൾക്കായി ഫുഡ് കാറ്ററിംഗ് ബിസിനസ്സ് നടത്തുന്ന സ്ത്രീകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.അടുക്കളയിലേക്ക് പുതിയ വസ്തുക്കൾ വാങ്ങുന്നതും ആവശ്യമായ അടുക്കള ഉപകരണങ്ങൾ വാങ്ങുന്നതിനും തുക നൽകുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നു.അന്നപൂർണ പദ്ധതി പ്രകാരം അപേക്ഷിക്കുന്ന വനിതയ്‌ക്ക്‌ ബിസിനസ്സിനായി അനുവദിക്കുന്ന പരമാവധി തുക 50,000 രൂപയാണ്.മൂന്നു വർഷത്തിനുള്ളിൽ വായ്പ തിരിച്ചടച്ചാൽ മതിയാകും.
ഭാരതിയ മഹിള ബാങ്ക് ബിസിനസ് ലോൺ 
സ്വയം ജീവിതമാർഗ്ഗം കണ്ടെത്താൻ ആഗ്രഹിക്കുന്ന നിരാലംബരായ വനിതകളെ ശാക്തീകരിക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ഈ ബാങ്ക് പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ഈ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിപ്പിച്ചു. ഉയർന്ന കച്ചവട സാധ്യത ഉള്ള ബിസിനസ്സ് ആശയങ്ങൾക്കായി ബാങ്ക് സ്ത്രീകൾക്ക് ഇരുപത് കോടി വരെ നൽകും.ഈ വായ്പയുടെ പലിശ നിരക്ക് 10.25 ശതമാനം ആണ്.
മുദ്ര പദ്ധതി
ടെയ്‌ലർ ഷോപ്പുകൾ, ട്യൂഷൻ സെന്ററുകൾ, ചെറിയ തുണിക്കടകൾ, ബ്യൂട്ടി പാർലറുകൾ തുടങ്ങിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായാണ് ഈ പദ്ധതി.ഈ പദ്ധതിക്ക് വായ്പ വിതരണത്തിന് ഈട് കാണിക്കേണ്ടതില്ല.അൻപതിനായിരം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെയാണ് വായ്പ ലഭിക്കുക.
 സംരംഭത്തിന്റെ വളര്‍ച്ചാ ഘട്ടങ്ങള്‍ പരിഗണിച്ചാണിത്.
ഓറിയൻറ് മഹിള വികാസ് യോജന സ്കീം
മഹിളകളെ ശാക്തീകരിക്കുന്നതിനും അവർക്ക് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ഇനിഷ്യൽ തുകയ്ക്ക് വേണ്ടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.അതായത്, ഒരു സ്ത്രീ സംരംഭക പദ്ധതിയിൽ 51 ശതമാനം തുക മുടക്കിയിരിക്കണം.ബാക്കി തുക സർക്കാർ വായ്പയായി നൽകും. അനുവദിച്ച വായ്പകൾക്ക്, പലിശ നിരക്കിന് 2% കിഴിവ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു.ഏഴ് വർഷത്തിനുള്ളിൽ വായ്പ തിരിച്ചടച്ചാൽ മതിയാകും.
ഉദ്യോഗിനി പദ്ധതി
18 നും 45 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിന് ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈ പദ്ധതിയിൽ വേഗത്തിൽ ലഭിക്കും. അപേക്ഷകയുടെ കുടുംബത്തിന്റെ ഒരു വർഷത്തെ വരുമാന തുക 45,000 രൂപയിൽ താഴെയായിരിക്കണം. പക്ഷെ, നിരാലംബയായ സ്ത്രീ, അംഗവൈകല്യം ബാധിച്ച സ്ത്രീ, വിധവയായ സ്ത്രീ ഇവർക്ക് ഈ വരുമാന പരിധി ബാധകമായിരിക്കില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
വനിത മിത്ര

രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി നോക്കുകയോ താമസിക്കുകയോ ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയ വനിതകള്‍ക്ക് 30 ലക്ഷം രൂപവരെയുള്ള വായ്പകളാണ് ഇത് പ്രകാരം അനുവദിക്കുന്നത്.വനിതാ വികസന കോര്‍പ്പറേഷന്റെ ആറു ശതമാനം പലിശ നിരക്കിലുള്ള വായ്പക്ക് ആദ്യ നാലു വര്‍ഷം നോര്‍ക്ക റൂട്ട്‌സിന്റെ മൂന്നു ശതമാനം സബ്സിഡി അടക്കം മൂന്നു ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്.15 ശതമാനം പരമാവധി മൂന്നു ലക്ഷം വരെ മൂലധന സബ്‌സിഡിയും ലഭിക്കും.വനിതാ വികസന കോര്‍പ്പറേഷന്റെ www.kswdc.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

 

കഴിവും സ്ഥിരോത്സാഹവുമുള്ളവര്‍ക്കു സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാം. അതുവഴി സ്വയംതൊഴില്‍ നേടുകയും മറ്റുള്ളവര്‍ക്കു തൊഴില്‍ നല്കുകയും ചെയ്യാം.

 

 

കൂടുതൽ വിവരങ്ങൾക്ക്:

വെബ്സൈറ്റുകള്‍: www. startupindia.gov.in; www. startupmission.keral.gov.in; www. msme.goc.inwww.kvic.org.in.

Back to top button
error: