വയനാടൻ ചുരം എന്നറിയപ്പെടുന്ന താമരശ്ശേരി ചുരം റോഡ് ആരാണ് നിർമ്മിച്ചത്? ചുരവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. സമതലത്തിൽ നിന്ന് ചുരം കയറിയെത്തുന്നിടത്താണ് ബ്രിട്ടീഷ് രേഖകളിൽ ലക്കിടിക്കോട്ട എന്നറിയപ്പെടുന്ന പ്രദേശം. വയനാട്ടിലേക്കുള്ള ഈ കവാടത്തിൽ വൃദ്ധനായൊരു വൃക്ഷത്തിൽ ബന്ധിച്ച ഇരുമ്പ് ചങ്ങല ഇപ്പോഴും തൂങ്ങിക്കിടക്കുന്നുണ്ട്. ഈ വൃക്ഷത്തറയിൽ ഗോത്ര സമുദായങ്ങൾ വാർഷിക പൂജ നടത്താറുണ്ട്. കോഴിക്കോടുനിന്ന് വരികയായിരുന്ന ഒരു ബ്രിട്ടീഷുകാരന് വയനാട്ടിലേക്ക് വഴി കാണിച്ചുകൊടുത്ത പണിയന്റെ പ്രേതാത്മാവിനെയാണ് ഈ മരത്തിൽ തളച്ചിരിക്കുന്നതെന്നാണ് വയനാടൻ പഴമ. വയനാട്ടിലേക്കുള്ള വഴി കണ്ടുപിടിച്ചത് തങ്ങളാണെന്ന് സ്ഥാപിക്കുവാൻ , വഴി കാട്ടിയ കരിന്തണ്ടൻ എന്ന പണിയനെ ബ്രിട്ടീഷുകാരൻ വധിച്ചുവത്രെ. പിന്നീട് വഴിപോക്കരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന കരിന്തണ്ടനെന്ന പ്രേതത്തെ ദേശവാസികൾ മരത്തിൽ തളച്ചിടുകയായിരുന്നുവെന്നും ഐതിഹ്യം പറയുന്നു.
വയനാട്ടിൽ പ്രചാരത്തിലുള്ള ഈ ഐതിഹ്യത്തേക്കാൾ മറ്റൊരു കഥയാണ് വയനാടൻ മലകൾക്ക് താഴെയുള്ള താമരശ്ശേരി പ്രദേശങ്ങളിൽ നിലനിൽക്കുന്നത്. ലക്കിടിക്കോട്ട വാഴുന്ന ലക്കിടി എന്ന ഗോത്രത്തലവനാണ് ഇതിലെ കഥാപാത്രം. സാമൂതിരിയുടെ ഭരണകാലത്ത് സുഗന്ധവ്യഞ്ജനങ്ങൾ തേടി കോഴിക്കോടെത്തിയിരുന്ന വിദേശികൾക്ക് ലക്കിടി നിത്യ ഭീഷണിയായിരുന്നുവത്രെ. വയനാടൻ മലകളിലേക്ക് അന്യനാട്ടുകാരെ പ്രവേശിപ്പിക്കുവാൻ ലക്കിടി അനുവദിച്ചിരുന്നില്ല. സാമൂതിരിയുടെ അതിഥിയായെത്തിയ ഒരു ഇംഗ്ലീഷുകാരൻ ലക്കിടിയെ നേരിടാനുറച്ച് ചുരം കയറി. നാടുകാണാനെത്തിയ ഒരു സഞ്ചാരിയാണെന്ന വ്യാജേന നിരവധി ഉപഹാരങ്ങളുമായി ലക്കിടിയെ സന്ദർശിച്ച ഇംഗ്ലീഷുകാരൻ ലക്കിടിയെ ചതിയിൽ വധിക്കുകയാണുണ്ടായത്. ഉപഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പ്രത്യേകതരം കണ്ണട വച്ചതോടെ ലക്കിടി അന്ധനായെന്നും ആ പഴുതിലൂടെയാണ് ഇംഗ്ലീഷുകാരൻ അയാളെ വധിച്ചതെന്നുമാണ് കഥ. ലക്കിടിയുടെ അനുയായികളിൽ നിന്ന് രക്ഷപ്പെട്ടോടിയ ഇംഗ്ലീഷുകാരൻ പനമരത്തുവെച്ച് അവരുടെ അമ്പേറ്റ് മരിച്ചു. ദുർമന്ത്രവാദിയും പരാക്രമിയുമായ ലക്കിടിയെ മരണത്തിലും ആളുകൾ ഭയപ്പെട്ടു. ഇംഗ്ലീഷുകാരനെ താമരശ്ശേരിയിൽ നിന്ന് വയനാട്ടിലേക്ക് യാത്രയാക്കിയ ജന്മിഗൃഹങ്ങളിൽ ലക്കിടിയുടെ പ്രേതം പല അനർത്ഥങ്ങൾ ചെയ്തുവെന്നും അതിൽ നിന്നുള്ള മോചനത്തിനായി മന്ത്രവാദങ്ങളും ഹോമങ്ങളും നടന്നുവെന്നുമാണ് ഐതിഹ്യം. ഒടുവിൽ ലക്കിടിയുടെ പ്രേതത്തെ അയാളുടെ ആസ്ഥാനമായ ലക്കിടിക്കോട്ടയിൽ ഒരു കൂറ്റൻ വൃക്ഷത്തിൽ ബന്ധിക്കുകയായിരുന്നുവത്രെ.
ഇത്തരം കഥകൾക്ക് ചരിത്രവുമായി യാതൊരു ബന്ധവുമില്ല. ബ്രിട്ടീഷുകാർക്ക് മുമ്പുതന്നെ ചുരപ്പാതയുണ്ടായിരുന്നു. ടിപ്പുവിന് മുമ്പ് ഇത് നടപ്പാതയായി ഉപയോഗിച്ചിരുന്നു. ദുർഘടമായ ഈ വഴിയിലൂടെ കാളവണ്ടിയിൽ സാധനങ്ങൾ കയറ്റിക്കൊണ്ടുവരുമ്പോൾ കൊല്ലികളിൽ വീഴുന്നത് പതിവായിരുന്നു. എങ്കിലും തെക്കൻ വയനാട്ടിനെ എളുപ്പത്തിൽ താമരശ്ശേരി അങ്ങാടിയുമായും കോഴിക്കോട് തുറമുഖവുമായും ബന്ധിപ്പിക്കുന്ന പാതയെന്ന നിലയിൽ ഇതിന് വലിയ വ്യാപാര പ്രാധാന്യം ഉണ്ടായിരുന്നു. മലബാർ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായതോടെയാണ് ഈ പാത ഇന്ന് കാണുന്ന റോഡിന്റെ പൂർവ്വ രൂപമായത്.
കോഴിക്കോട് നിന്ന് തെക്കൻ വയനാട് വഴി മൈസൂരിലേക്കുള്ള ചുരം റോഡ് ടിപ്പു പണിത സൈനിക റോഡുകളിൽ ഒന്നാണ്. മലബാറിലെ എല്ലാ പ്രധാന സ്ഥലങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് നാടിന്റെ ഏറ്റവും ദുർഗ്ഗമമായ അകന്നൊഴിഞ്ഞു കിടക്കുന്ന കേന്ദ്രങ്ങളിൽ പോലും കടന്നെത്താൻ കഴിയുമാറ് അതിവിപുരമായ ഒരു നിരത്ത് ശൃഖംല ആവിഷ്ക്കരിച്ചതും അത് ഒട്ടുമിക്കവാറും പ്രാവർത്തകമാക്കിയതും ടിപ്പുസുൽത്താനാണ്. ഈ റോഡുകളെല്ലാം എത്തിച്ചേരുന്ന ആസ്ഥാനം ടിപ്പുവിന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്താണ്. മലബാറിൽ നിരത്തുകൾ ആദ്യം ഏർപ്പെടുത്തിയത് ടിപ്പു സുൽത്താനാണ്. അതിന് മുമ്പ് ചക്രമുള്ള വണ്ടികൾ ഉണ്ടായിരുന്നില്ല. പതിനാലാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച ഇബ്നുബത്തൂത്ത രേഖപ്പെടുത്തുന്നത് നോക്കുക: ” ചുമടെടുക്കുന്ന മൃഗങ്ങളിന്മേൽ ഈ രാജ്യത്ത് ആരും വഴിയാത്ര ചെയ്യുന്നില്ല.രാജാവല്ലാതെ ആരും കുതിരകളെ ഉപയോഗിച്ചുകാണുന്നില്ല. ഏതെങ്കിലും ഒരു വ്യാപാരിക്ക് ചരക്കുകൾ കൊള്ളുകയോ വിൽക്കുകയോ ചെയ്യേണ്ടതുണ്ടെങ്കിൽ അത് കൊണ്ടുപോയിരുന്നത് ആളുകളുടെ പുറത്താണ്. കൂലി കൊടുത്താൽ ചുമക്കാൻ അനവധി ആളുകൾ തയ്യാറുണ്ട് താനും. നടക്കുവാൻ സൗകര്യമില്ലാത്തതും വയലുകളിലൂടെ പോയിരുന്നതുമായ നടവഴികളിൽ കൂടിയായിരുന്നു ജനങ്ങൾ യാത്ര ചെയ്തിരുന്നത്.” ടിപ്പുവിന്റെ വലിയ പീരങ്കികൾ എത്തിയതിന് ശേഷമാണ് നിരത്തുകളുടെ ആവശ്യം കണ്ടു തുടങ്ങിയത്.
1788-ൽ ടിപ്പു വയനാട് ചുരം വഴിയാണ് കോഴിക്കോട്ടേക്ക് നീങ്ങിയത്. റോഡുകൾ പലെടത്തും പശ്ചിമഘട്ട മലനിരകൾ തരണം ചെയ്യുന്ന പീരങ്കിപ്പടയെ എളുപ്പം നീക്കുന്നതിന് പറ്റിയ റോഡുകൾ മലമുകളിലൂടെ പണിയുന്നതിന് അദ്ധ്വാനമോ പണച്ചെലവോ ടിപ്പു കാര്യമാക്കിയില്ലെന്ന് 1870 കളിലെ മലബാർ കളക്ടറായിരുന്ന വില്യം ലോഗൻ പറയുന്നുണ്ട്.
തന്റെ അധികാര ശക്തി നിലനിർത്തുന്നതിന് പൊതുനിരത്തുകൾ നിർമ്മിക്കേണ്ടത് അനുപേക്ഷണയീമാണെന്ന് കാണാനുള്ള ടിപ്പുവിന്റെ ദൂരക്കാഴ്ചയാണ് ചുരം റോഡിന് വഴിവെച്ചത്. മുമ്പേയുണ്ടായിരുന്ന നാട്ടുപാത ടിപ്പു റോഡാക്കി മാറ്റി. ഒരാൾക്ക് നടന്നുപോകാൻ പറ്റുന്ന നാട്ടുപാതയെ പീരങ്കികൾ കൊണ്ടുവരാനുള്ള ഇരട്ടവരി പാതയാക്കിയത് ടിപ്പുവാണ്. ഈ വഴിയുടെ പ്രാധാന്യം ടിപ്പു മനസ്സിലാക്കിയെന്നുവേണം പറയാൻ. അദ്ധേഹത്തിന്റെ പിതാവ് ഹൈദരാലി മൈസൂരിൽ നിന്ന് പാലക്കാട് ചുരം വഴിയാണ് മലബാറിലെത്തിയത്(1766). മൈസൂരിൽ നിന്ന് മലബാറിലേക്ക് ചുരം വഴിയുള്ള ദൂരക്കുറവ് തിരിച്ചറിഞ്ഞതും അത് കൃത്യമായി ഉപയോഗിച്ചതും ടിപ്പുവാണ്.
മൂന്നാം മൈസൂർ യുദ്ധത്തിൽ ടിപ്പു തോറ്റതിനെ തുടർന്ന് 1792 മാർച്ച് 18-ആം തിയ്യതി ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിൽ ഒപ്പുവെച്ച ശ്രീരംഗ പട്ടണം ഉടമ്പടി പ്രകാരം മലബാർ പ്രദേശം മുഴുവൻ ടിപ്പു ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തു. അവർ ഈ വഴിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് അതിന്റെ സൈനിക പ്രാധാന്യം മനസ്സിലാക്കി അത് വികസിപ്പിച്ചു. ആദ്യകാല ബ്രിട്ടീഷ് രേഖകളിൽ ചുരം റോഡിനെ സൈനിക റോഡായിട്ടാണ് വിശേഷിപ്പിക്കുന്നത്. പഴശ്ശി കലാപ കാലത്ത് ചുരം റോഡ് ഉപയോഗിച്ചുവെങ്കിലും അത് കൃത്യമായി വികസിപ്പിച്ചത് 1823-ലാണ്. കമ്പനി ചുരം റോഡ് നിർമ്മാണം ഘട്ടം ഘട്ടമായാണ് നടത്തിയത്. ഇത് പ്രധാനമായും പട്ടാളക്കാരെ ഉപയോഗിച്ച് സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് നടന്നത്. കണ്ണൂർ ആസ്ഥാനമായ വെസ്റ്റേൺ എൻഞ്ചിനീയറിംഗ് ഡിവിഷന്റെ സിവിൽ എഞ്ചിനീയർക്കായിരുന്നു ചുരം പണിയുടെ ചുമതല. എൻഞ്ചിനീയറിംഗ് വിഭാഗമായ സാപ്പേഴ്സ് ആന്റ് മൈനേഴ്സുമായി സഹകരിച്ചാണ് ഇത് നടത്തിയത്. ഇവരെ കൂടാതെ നാട്ടുകാരെയും റോഡുപണിക്കായി ഉപയോഗപ്പെടുത്തി.
1824-ൽ മിലിട്ടറി എഞ്ചിനീയറായ ക്യാപ്റ്റൻ റിച്ചാർഡ്സിന്റെ നേതൃത്വത്തിലാണ് നിർമ്മാണം ആരംഭിച്ചത്. വലിയ പാറകളാണ് റോഡ് പണിക്ക് വിഘാതം സൃഷ്ടിച്ചത്. കിണർ പണിക്കാരെ ഉപയോഗിച്ചാണ് ഇവ നീക്കം ചെയ്തത്. വെടിമരുന്ന് ഉപയോഗിച്ച് പാറകൾ പൊട്ടിച്ചു. ഇതിനായി നാട്ടുകാരായ കൊല്ലപ്പണിക്കാരുടെ സേവനം തേടി. 1831-ൽ ചുരം റോഡ് നിർമ്മാണം നടന്നതായി രേഖകളുണ്ട്. 1856-ൽ തുടർച്ചയായി ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ റോഡ് പണി നടന്നിരുന്നു.
ആദ്യകാലത്ത് ഒരു കാള വണ്ടിക്ക് കടന്നുപോകാനുള്ള റോഡാണ് നിർമ്മിച്ചത്. 1861-ൽ 7438 ഉറുപ്പിക ചുരം റോഡിന് വേണ്ടി വകയിരുത്തിയിരുന്നു. അഞ്ചര മൈൽ നീളത്തിൽ കാളകൾക്ക് പോകാനുള്ള പാതയും ഒന്നര മൈൽ നീളത്തിൽ നടപ്പാതയും നിർമ്മിച്ചു. ദുർഘടമായ പാറകൾ പൊട്ടിച്ച് നീക്കം ചെയ്യാൻ കണ്ണൂരിൽ നിന്ന് സാപ്പർമാരെ കൊണ്ടുവന്നു. 1861-62-ൽ 9439 ഉറുപ്പിക വകയിരുത്തി. 1863-ഓടെ പൂർത്തിയാക്കാനുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. എന്നാൽ ദുർഘടമായ പാറകൾ എപ്പോഴും പണിക്ക് തടസ്സം ഉണ്ടാക്കി. 1862-63-ൽ 83258 ഉറുപ്പിക വകയിരുത്തി. പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്തു. എങ്കിലും ഓവുപാലം, പാറപൊട്ടിക്കൽ തുടങ്ങിയ പണികൾ ബാക്കിയായി.
1860-ൽ ഏഴ് മൈൽ നീളത്തിലുള്ള റോഡാണ് നിർമ്മിച്ചത്. 1864-ൽ റോഡിന്റെ വീതി പന്ത്രണ്ട് അടിയായി വർദ്ധിച്ചു. 1865 -ൽ ചുരത്തിന് താഴെയുള്ള ഏഴ് മൈൽ നീളത്തിലുള്ള റോഡുകൾ കാളവണ്ടികൾക്കായി തുറന്നുകൊടുത്തു. 1864-65 ൽ റോഡിന് വേണ്ടി 34553 ഉറുപ്പിക ചെലവഴിച്ചു. 1870-ൽ റോഡിന് വീതികൂട്ടി മെറ്റലിട്ടു. ലക്കിടിയിൽ 20 അടിയുള്ള കമാനാകൃതിയിലുള്ള പാലം നിർമ്മിച്ചു. ചുരം റോഡിന്റെ ഔദ്യോഗികമായ ഉദ്ഘാടനം അന്നത്തെ മദ്രാസ് ഗവർണ്ണർ എം ഇ ഗ്രാൻഡഫ് നിർവ്വഹിച്ചു.
കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ് താമരശ്ശേരി ചുരം. ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണെങ്കിലും വയനാട് ചുരം എന്നും ഇത് അറിയപ്പെടുന്നു.ഇന്നിത് ദേശീയപാ ത 212-ന്റെ ഭാഗമാണ്. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു. ജില്ലയിൽനിന്നും വയനാട് ജില്ലയിലേക്കും മൈസൂരിലേക്കുമുള്ള ഏകപാത.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ കഠിനമായ ഒമ്പത് ഹെയർപിൻ വളവുകളാണുള്ളത്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴെക്ക് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,625 അടി മുകളിൽ എത്തുന്നു. ഒമ്പതാമത്തെ ഹെയർപിൻ വളവിലെ വ്യൂ പോയന്റിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ മൊത്തത്തിലുള്ള ആകാശദൃശ്യം കാണാനാകും. അസ്തമയവും 55 കിലോമീറ്റർ അകലെയുള്ള കടൽപ്പരപ്പും അപൂർവ്വമായി കാണാം. മേഘങ്ങളും കോടമഞ്ഞും ചിലപ്പോൾ കാഴ്ചയെ മറക്കാറുണ്ട്. മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള അന്തർസംസ്ഥാന പാതയായും ചുരം അറിയപ്പെടുന്നു