മലപ്പുറത്ത് മദ്രസ്സ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെയാണ് വിവാദങ്ങള്‍ക്ക് കാരണമായ സംഭവം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വേദിയിലേക്ക് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ഷണിച്ചതിന് സമസ്ത സംസ്ഥാന ഉപാധ്യക്ഷന്‍ എംടി അബ്ദുള്ള മുസ്ലിയാര്‍ സംഘാടകരെ ശകാരിക്കുകയായിരുന്നു. ‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്‌റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ.’ എന്നായിരുന്നു മതപണ്ഡിതന്റെ പ്രതികരണം.
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.പിന്നാലെ മതപണ്ഡിതന്റെ ലിംഗ വിവേചനത്തിനെതിരെ പ്രതിഷേധം ഉയരുകയായിരുന്നു.മുസ്ലിം പെണ്‍കുട്ടികളെ വേദികളില്‍ കയറ്റാതെ മാറ്റിനിര്‍ത്താതെ അവരെ ചേര്‍ത്തി നിര്‍ത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായം ചെയ്യേണ്ടതെന്നായിരുന്നു ഫാത്തിമയുടെ പ്രതികരണം. വേദികളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.ഇതിനു പിന്നാലെയായിരുന്നു ഫാത്തിമയ്ക്കെതിരെ സംഘടിത സൈബർ ആക്രമണം.