അലബാമ: യുഎസിലെ അലബാമയിൽ ലോഡർഡേൽ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽനിന്ന് വനിതാ ഓഫിസർ തടവുകാരനുമൊത്ത് സ്ഥലം വിട്ടിട്ട് ദിവസങ്ങളായെങ്കിലും, ഇപ്പോഴും ഇരുട്ടിൽത്തപ്പി പൊലീസ്. ഏപ്രിൽ 29നാണ് ഡിറ്റൻഷൻ സെന്ററിലെ വനിതാ കറക്‌ഷൻ ഓഫിസറായ വിക്കി വൈറ്റ് (56), കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ടു തടവിൽ കഴിയുന്ന കാസി വൈറ്റ് (36) എന്നിവർ ഡിറ്റൻഷൻ സെന്ററിൽനിന്നു കടന്നുകളഞ്ഞത്. കാസിയുടെ മാനസികാരോഗ്യത്തെക്കുറിച്ച് അറിയിക്കുന്നതിനായി കോടതിയിലേക്കു കൊണ്ടുപോകുകയാണെന്നു പറഞ്ഞാണ് ഇരുവരും പോയത്. സുഖമില്ലാത്തതിനാൽ ഇതിനുശേഷം താനും ആശുപത്രിയിൽ പോകുമെന്ന് വിക്കി സഹപ്രവർത്തകരോടു പറഞ്ഞിരുന്നു.
എന്നാൽ ഇതിനുശേഷം ഇരുവരെക്കുറിച്ചും യാതൊരു വിവരവുമില്ല. ഇവർ കോടതിയിലോ, ആശുപത്രിയിലോ എത്തിയിട്ടില്ല. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും രക്ഷപ്പെടാൻ ഉപയോഗിച്ച എസ്‌യുവി വാഹനം കണ്ടെത്തിയെങ്കിലും പ്രത്യേകിച്ചു തെളിവുകളൊന്നും ലഭിച്ചില്ല. ടെന്നസി ടൗ ലോട്ടിൽ ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്.
‘ജയിലിനുള്ളിൽ കാസിക്കു പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മറ്റു തടവുകാർ ഞങ്ങളോട് പറഞ്ഞു. അവന്റെ ട്രേകളിൽ അധിക ഭക്ഷണം നൽകുമായിരുന്നു. മറ്റാർക്കും ലഭിക്കാത്ത പ്രത്യേകാവകാശങ്ങൾ ലഭിച്ചു. ഇതെല്ലാം വിക്കിയുടെ ഇടപെടൽ മൂലമാണ്’– ഉദ്യോഗസ്ഥൻ പറഞ്ഞു.
2020ലാണ് കാസി വൈറ്റിനെ ലോഡർഡേൽ കൗണ്ടി ഡിറ്റൻഷൻ സെന്ററിലേക്ക് കൊണ്ടുവരുന്നത്. കാസിയും വിക്കിയും ആദ്യം കണ്ടുമുട്ടുന്നത് അപ്പോഴാണെന്നാണ് കരുതുന്നത്. കുറച്ചു നാളുകൾക്കുശേഷം കാസിയെ മറ്റൊരു ജയിലിലേക്ക് മാറ്റി. എന്നാൽ വിക്കിയും കാസിയും ഫോൺവഴി ആശയവിനിമയം തുടർന്നു. ഈ വർഷം ഫെബ്രുവരിയിലാണ് കാസിയെ വീണ്ടും ലോഡർഡേൽ കൗണ്ടി ഡിറ്റൻഷൻ സെന്ററിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇതിനു ശേഷമാണ് ജയിൽ ചാടുന്നതിനുള്ള പദ്ധതികൾ ഇവർ ആസൂത്രണം ചെയ്തതെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.
ഡിറ്റൻഷൻ സെന്ററിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ഏപ്രിൽ 29ന് രാവിലെ പൊലീസ് പട്രോളിങ് കാറിലാണ് വിക്കി, കാസിയെ കൊണ്ടുപോയത്. കാസിയുടെ കയ്യിൽ വിലങ്ങ് അണിയിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് ജയിലിനു സമീപമുള്ള ഷോപ്പിങ് സെന്ററിന്റെ പാർക്കിങ് ഏരിയയിൽ എത്തിയ ഇരുവരും ഒരു എസ്‌യുവി വാഹനത്തിൽ കയറി പോകുന്നതും കാണാം. തലേദിവസം വിക്കി ഈ വാഹനം ഇവിടെ പാർക്ക് ചെയ്യുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ജയിലിന്റെ താക്കോൽ, റേഡിയോ, കൈവിലങ്ങുകൾ എന്നിവയും പട്രോളിങ് കാറിൽ ഉപേക്ഷിച്ചാണ് വിക്കി പോയത്.
വെള്ളിയാഴ്ചയാണ് ടെന്നസി ടൗ ലോട്ടിൽ ഉപേക്ഷിച്ച നിലയിൽ എസ്‌യുവി വാഹനം കണ്ടെത്തിയത്. ഏകദേശം ഒരാഴ്ചയോളം വാഹനം ഇവിടെ കിടന്നെന്നാണ് അനുമാനം. വാഹനം തകരാറിലായതിനെത്തുടർന്നാണ് ഉപേക്ഷിച്ചതെന്നു കരുതുന്നു. ജയിലിൽനിന്ന് അപ്രത്യക്ഷരായ വിക്കിയും കാസിയും ടെന്നസിയിലെ വില്യംസൻ കൗണ്ടിയിലേക്ക് പോയെന്നാണ് അനുമാനം. ‘അവർ ഏതു ദിശയിലേക്കാണ് പോയതെന്ന് ഏകദേശ രൂപമുണ്ട്. ഇവർ പോയ സമയത്ത് ആ പ്രദേശത്ത് ഏതെങ്കിലും വാഹനം മോഷണം പോയിട്ടുണ്ടോ, അതോ മറ്റാരുടെയെങ്കിലും വാഹനത്തിൽ കയറിപ്പോയോ എന്നിവയുൾപ്പെടെ പരിശോധിക്കുന്നുണ്ട്.’– പൊലീസ് പറഞ്ഞു.
ഏറെ നാളത്തെ സർവീസ് പരിചയമുള്ള വിക്കി വൈറ്റ്, ഏറ്റവും കഴിവുള്ള ഓഫിസർമാരിൽ ഒരാളായിരുന്നു. അതുകൊണ്ടു തന്നെ വിക്കിയുടെ ഈ നീക്കം എല്ലാവരേയും ഞെട്ടിച്ചു. പൊലീസിന്റെ നടപടിക്രമങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള വിക്കി, ഒരുമുഴം മുൻപേയാണ് സഞ്ചരിക്കുന്നത്. ഒരാഴ്ചയിലേറെയായിട്ടും ഇരുവരെയും കുറിച്ച് പൊലീസിനു സൂചനകളില്ലാത്തതും വിക്കിയുടെ കൃത്യമായ നീക്കം കാരണമാണ്.
തടവുകാരനൊപ്പം കടന്നുകളയുന്നതിനു മുൻപ് വിക്കി വിരമിക്കൽ അപേക്ഷ സമർപ്പിച്ചിരുന്നു. രക്ഷപ്പെട്ട അന്ന് അവരുടെ ജോലിയിലെ അവസാന ദിവസമായിരുന്നു. എന്നാൽ വിക്കിയെ സർവീസിൽനിന്നു പുറത്താക്കിയതായും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായും പൊലീസ് അറിയിച്ചു. രക്ഷപ്പെടുന്ന സമയത്ത് വിക്കിയുടെ കൈവശം ഏറെ പണമുണ്ടായിരുന്നെന്നും എസ്‌യുവി വാഹനം വാങ്ങുന്നതിനും മറ്റുമായി വ്യാജ പേര് സ്വീകരിച്ചിരിക്കാമെന്നും പൊലീസ് പറഞ്ഞു. ഏആർ–15 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളും ഇവരുടെ കൈവശമുണ്ട്.
കാസി വൈറ്റിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 ഡോളറും വിക്കിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5000 ഡോളറും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റിലേക്കു നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 5000 ഡോളർ വീതം അധിക പാരിതോഷികം നൽകുമെന്നും അലബാമ ഗവർണർ കെയ് ഐവി അറിയിച്ചു.