IndiaNEWS

പെഗാസസ് ഇടപാടില്‍ സംസ്ഥാന ഡിജിപിമാരോട്  വിവരങ്ങള്‍ തേടി സുപ്രീംകോടതി   നിയോഗിച്ച സമിതി

പെഗാസസ് ഇടപാടില്‍ സംസ്ഥാന ഡിജിപിമാരോട്  വിവരങ്ങള്‍ തേടി സുപ്രീംകോടതി   നിയോഗിച്ച സമിതി. സംസ്ഥാനങ്ങള്‍ക്കും പെഗാസസ് ലഭ്യമായിട്ടുണ്ടോ എന്ന വിഷയത്തില്‍ ആണ് പരിശോധന. വാങ്ങിയിട്ടുണ്ടെങ്കില്‍ തീയതി, ലൈസന്‍സ്, തരം എന്നിവ വെളിപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബറില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിരുന്നു. നവീന്‍കുമാര്‍ ചൗധരി, പ്രഭാരന്‍ പി, അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍.

Signature-ad

ഏപ്രിൽ മൂന്നാം വാരമാണ് സംസ്ഥാന പോലീസ് മേധാവിമാർക്ക് കത്ത് നൽകിയത്. ഇന്റലിജൻസ് ഏജൻസികളോ, മറ്റ് ഏതേങ്കിലും ഏജൻസികളോ പൗരന്മാരിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതിന് പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയിക്കണം.

പെഗാസസ് സോഫ്റ്റ്‌വെയർ സർക്കാരോ സർക്കാർ ഏജൻസികളോ വാങ്ങിയിട്ടുണ്ടെങ്കിൽ എന്നാണ് വാങ്ങിയതെന്ന് അറിയിക്കണം. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആര് അനുമതി നൽകിയെന്ന് അറിയിക്കാനും കത്തിൽ നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇതേ സമിതി ഇടക്കാല റിപ്പോർട്ടും സുപ്രീംകോടതിയിൽ നൽകിയിരുന്നു. ഫോൺ ചോർത്തപ്പെട്ടു എന്ന് ആരോപിച്ച് മുന്നോട്ട് വന്ന ഒരു ഡസനോളം ആളുകളുടെ ഫോൺ വിവരങ്ങളും സമിതിക്ക് മുന്നിലുണ്ട്.

പെഗാസസ് നിർമാതാക്കളായ എൻഎസ്ഒ കമ്പനി തങ്ങളുടെ ഉത്പന്നങ്ങൾ രാഷ്ട്രങ്ങൾക്ക് മാത്രമേ വിൽക്കാറുള്ളു എന്ന് വ്യക്തമാക്കിയിരുന്നു. പെഗാസസ് വാങ്ങിയിട്ടുണ്ടോ എന്ന വിഷയത്തിൽ രാജ്യസുരക്ഷ മുൻനിർത്തി പുറത്തുപറയാൻ കഴിയില്ല എന്നായിരുന്നു കേന്ദ്രസർക്കാർ വാദം.

ലോകത്തിലെ 17 മാധ്യമ സ്ഥാപനങ്ങൾ അടങ്ങുന്ന ടീമാണ് പെഗാസസിൻ്റെ ചാരക്കണ്ണ് പുറത്ത് കൊണ്ടുവന്നത്. ഇന്ത്യയിൽ നിന്ന് സിദ്ധാർഥ് വരദരാജൻ എഡിറ്ററായ ദ വയറും സംഘത്തിലുണ്ട്. വിഷയം ഇന്ത്യക്ക് പുറമെ ഫ്രാൻസും അമേരിക്കയും അടക്കം 37 രാജ്യങ്ങളിൽ ചർച്ചയായിരുന്നു.

Back to top button
error: