പട്‌ന: എല്ലാ വാരാന്ത്യങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് ഗംഗാതീരത്തെത്തുന്നത്. കാരണം മറ്റൊന്നുമല്ല, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠനകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ നദീതീരം. എസ് കെ ഝാ എന്ന മത്സരപരീക്ഷ പരിശീലകനാണ് ബാങ്കിംഗ്, റെയിൽവേ സേവനങ്ങൾ, മറ്റ് സർക്കാർ ജോലികൾ എന്നിവയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് രാവിലെ 6 നും 7.30 നും ഇടയിൽ സൗജന്യ ക്ലാസുകൾ നടത്തുന്നത്. പഠനോപകരണങ്ങൾ, മോക്ക് ടെസ്റ്റ്, ഒഎംആർ ഷീറ്റുകൾ, ഉത്തരസൂചികകൾ എന്നിവ തയ്യാറാക്കാൻ 15-16 അധ്യാപകരും 150 മറ്റ് സ്റ്റാഫുകളും അടങ്ങുന്ന ഒരു ടീം ഉണ്ടെന്ന് ഝാ വ്യക്തമാക്കി.
ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾ കാളി ഘട്ടിലും പട്‌ന കോളേജ് ഘട്ടിലും കദം ഘട്ടിലും ഗ്രൂപ്പുകളായി പഠിക്കാനും പരീക്ഷ എഴുതാനും പഠനോപകരണങ്ങൾ ശേഖരിക്കാനും എല്ലാ വാരാന്ത്യങ്ങളിലും ഒത്തുകൂടുന്നു. പ്രമുഖ വ്യവസായി ഹർഷ് ഗോയങ്ക തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തതോടെ ചിത്രങ്ങൾ വൈറലായി. “ബീഹാറിലെ പട്‌നയിലുള്ള കുട്ടികൾ ഗംഗാനദിയുടെ തീരത്ത് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയാണ്. ഇത് പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും ചിത്രമാണ്.’ അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.
റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ (ആർആർബി) നോൺ ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി (എൻടിപിസി) പരീക്ഷയുടെ പ്രാഥമിക പരീക്ഷ പാസായ യുവാക്കൾക്കുള്ളതാണ് ശനിയാഴ്ചകൾ. അതിനാൽ, മെയിൻ പരീക്ഷകൾക്ക് ഞാൻ അവർക്കായി ചോദ്യങ്ങളും പഠന സാമഗ്രികളും തയ്യാറാക്കുന്നു. ശനിയാഴ്ചകളിൽ 3,500 ഓളം വിദ്യാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കുന്നു. ഞായറാഴ്ചകളിൽ, ആർആർബി ഗ്രൂപ്പ് ഡി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 8,000-ത്തിലധികം ഉദ്യോഗാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കുന്നു, ”പറ്റ്നയിൽ കോച്ചിംഗ് സെന്റർ നടത്തുന്ന ഝാ പറഞ്ഞു.
‘ശനിയാഴ്ച രാവിലെ 6 മണിക്ക് വിദ്യാർത്ഥികൾക്കിടയിൽ ചോദ്യ ബുക്ക്‌ലെറ്റുകളും OMR ഷീറ്റുകളും വിതരണം ചെയ്യും. അവരിൽ നിന്ന് 7.30 ന് OMR ഷീറ്റുകൾ ശേഖരിക്കുകയും ഉത്തരസൂചികകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. വാരാന്ത്യങ്ങളിൽ, യൂട്യൂബ് ചാനലിൽ രാവിലെ 10 മണിക്ക് ചർച്ചാ ക്ലാസുകളും നടത്തുന്നു, അതിൽ 6 ലക്ഷത്തിലധികം കുട്ടികൾ ചേർന്നിട്ടുണ്ട്.’ ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേ ഝാ പറഞ്ഞു. അതുപോലെ തന്നെ പരീക്ഷയുടെ സ്കോർ കാർഡ് ടെലിഗ്രാമിൽ റിലീസ് ചെയ്യുന്നു. ഏതൊക്കെ ചോദ്യങ്ങളാണ് ഉദ്യോഗാർത്ഥികൾക്ക് വെല്ലുവിളി ഉയർത്തുന്നതെന്ന് തനിക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് ഗംഗാനദിയുടെ തീരത്ത് ക്ലാസുകൾ ആരംഭിച്ചതെന്ന് ചോദിച്ചപ്പോൾ, തന്റെ കോച്ചിംഗ് സെന്ററിലെ സ്ഥലപരിമിതി മൂലമാണെന്ന് ഝാ പറഞ്ഞു. “ഞാൻ ഒരു വലിയ സ്ഥലം അന്വേഷിക്കുകയായിരുന്നു. ഒരു പ്രഭാതത്തിൽ ഘട്ടിലൂടെ നടക്കുന്ന സമയത്താണ് ഇത്തരമൊരു ആശയം എനിക്ക് തോന്നിയത്. ”ഝാ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ഛപ്ര, ഹാജിപൂർ, ബക്‌സർ, റോഹ്താസ്, ഗയ തുടങ്ങിയ വിദൂര പ്രദേശങ്ങളിലുള്ളവരുമായ നിരവധി വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്ത് അന്നുതന്നെ മടങ്ങുന്നു. ഝാ സാർ പ്രശ്നവും അതിന്റെ പരിഹാരവും വിശദീകരിക്കുന്ന രീതി തനിക്ക് ഇഷ്‌ടമാണെന്ന് സുപോളിൽ നിന്നുള്ള ഉദ്യോഗാർത്ഥിയായ മനോജ് കുമാർ പറഞ്ഞു. എല്ലാ വിദ്യാർത്ഥികളോടും ഒരുപോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.