NEWS

ഇംഗ്ലീഷിലെ ” ഗുഡ് ഫ്രൈഡേ ” മലയാളത്തിൽ എങ്ങനെ “ദു:ഖവെള്ളി ” ആയി ?

കാല്‍വരിക്കുന്നിനു മുകളില്‍ കുരിശില്‍ തറക്കപ്പെട്ട് സ്വന്തം ജീവന്‍ ബലി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ക്രൈസ്തവര്‍ ദുഖവെളളി ആചരിക്കുന്നത്. പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്തമല വരെ കുരിശും വഹിച്ചുള്ള യേശുദേവന്റെ യാത്ര അനുസ്മരിച്ച് വിശ്വാസികള്‍ ദുഃഖ വെള്ളി ദിവസം കുരിശിന്റെ വഴി നടത്തി വരുന്നു.യേശുവിന്റെ 12 അനുയായികളിലൊരാളായ യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തു, അങ്ങനെ അദ്ദേഹത്തിന് മതപുരോഹിതന്മാര്‍ കുരിശുമരണം വിധിച്ചു. അക്കാലത്ത് നിലനിന്നിരുന്ന ഏറ്റവും മോശമായ വധശിക്ഷാ രീതിയായിരുന്നു കുരിശുമരണം.
 പീലാത്തോസിന്റെ ഭവനം മുതല്‍ കുരിശില്‍ തറയ്ക്കാന്‍ നിശ്ചയിച്ചിരുന്ന ഗാഗുല്‍ത്താമല വരെ മരക്കുരിശും വഹിച്ച് തലയില്‍ മുള്‍ക്കിരീടവും ചൂടി, വഴിയില്‍ ചാട്ടവാറടിയും , പരിഹാസവും ഏറ്റുവാങ്ങിയായിരുന്നു യേശുദേവന്റെ യാത്ര. ഭാരവും വഹിച്ചുള്ള യാത്രയില്‍ ക്ഷീണിതനായ യേശു മൂന്നു തവണ വഴിയില്‍ വീഴുന്നുമുണ്ട്. എന്നാല്‍ വീണ്ടും ശക്തി സംഭരിച്ച് കുരിശേന്തുന്നു. യാത്രാമദ്ധ്യേ തന്റെ മാതാവായ മറിയത്തെയും യേശു കാണുന്നുണ്ട്. ഒടുവില്‍ മൂന്ന് ആണിയില്‍ തറച്ച് ദൈവപുത്രനെ ക്രൂശിലേറ്റി. അദ്ദേഹത്തിന്റെ ഇരു ഭാഗങ്ങളിലുമായി ഓരോ കള്ളന്‍മാരെയും കുരിശിലേറ്റിയിരുന്നു.136 കിലോയോളം തൂക്കമുണ്ടായിരുന്ന കുരിശ് സ്വയം തോളിലേറ്റി ഗാഗുല്‍ത്താ മലയില്‍ നിന്നു തുടങ്ങിയ യാതനകളുടെ ഭാരം വഹിച്ചതും എല്ലാം മാനവർക്കുവേണ്ടിയായിരുന്നു.
‘യഹൂദന്മാരുടെ രാജാവായ നസ്രായനായ യേശു'(INRI) എന്ന് പടയാളികള്‍ കളിയാക്കി എഴുതി യേശുവിന്റെ കുരിശിന് മുകളില്‍ തൂക്കിയപ്പോഴും , ദാഹിച്ച് തൊണ്ട വറ്റിയപ്പോള്‍ കുടിക്കാന്‍ കയ്പ് നീര് കൊടുത്തപ്പോഴും , കൂടെയുണ്ടായിരുന്ന ശിഷ്യന്‍ തന്നെ മുപ്പത് വെളളിക്കാശിന് ഒറ്റിയപ്പോഴും ഒന്നും പറയാതെ സഹനത്തിന്റെയും ‘ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല, ദൈവമേ ഇവരോട് പൊറുക്കണമേ’ എന്ന പ്രാര്‍ഥന ഉരുവിട്ട്  ഒരു വെളളിയാഴ്ച മനുഷ്യപുത്രന്‍ ഈ ലോകത്തിന്റെ പാപങ്ങള്‍ക്കു വേണ്ടി കുരിശു മരണം വരിച്ചു.
ദുഃഖവെള്ളി ദിനത്തില്‍ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനകള്‍ ഉണ്ടാവാറില്ല. പകരം യേശുവിന്റെ പീഡാനുഭവം അനുസ്മരിച്ചുള്ള ‘കുരിശിന്റെ വഴി’ ആചരിക്കലാണ്.പരിഹാര പ്രദക്ഷിണമെന്നും കുരിശിന്റെ വഴിയെ വിളിക്കുന്നു. പ്രദക്ഷിണത്തിനു ശേഷം പാവയ്ക്കാ നീര് നല്‍കുന്ന പതിവും ചിലയിടങ്ങളിലുണ്ട്. ദുഃഖവെള്ളിയാഴ്ച പൊതുവെ ക്രൈസ്തവ ഭവനങ്ങളില്‍ ശോക പ്രതീതിയായിരിക്കും. ചിലര്‍ നോമ്പും അനുഷ്ഠിക്കുന്നു. ഒരു നേരം മാത്രം സസ്യാഹാര ഭക്ഷണമായിരിക്കും കഴിക്കുക.
യേശുവിനെ ക്രൂശിതനാക്കിയ നാള്‍ നമുക്ക് ദുഃഖ വെളളിയാണ്. പാശ്ചാത്യര്‍ക്ക് ഗുഡ് ഫ്രൈഡേയും.  ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം പാശ്ചാത്യ രാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ചു തുടങ്ങിയത്. ഗോഡ്‌സ് ഫ്രൈഡേ(ദൈവത്തിന്റെ ദിനം) മാറി ഗുഡ് ഫ്രൈഡേ ആയതാണന്നും പറയപ്പെടുന്നു. ഹോളി ഫ്രൈഡേ(വിശുദ്ധ വെളളി), ഗ്രേറ്റ് ഫ്രൈഡേ(വലിയ വെളളി), ഈസ്റ്റര്‍ ഫ്രൈഡേ(ഈസ്റ്റര്‍ വെളളി) എന്നിങ്ങനെയും നമ്മുടെ ദു:ഖവെള്ളി പല രാജ്യങ്ങളിലും അറിയപ്പെടുന്നു. എന്നാല്‍ മിക്ക രാജ്യങ്ങളിലും ഗുഡ് ഫ്രൈഡേ എന്നു തന്നെയാണ് അറിയപ്പെടുന്നത്.ജര്‍മ്മനിയില്‍ ഗുഡ് ഫ്രൈഡേയെ പൊതുവെ കാര്‍ഫ്രീറ്റാഗ് എന്നാണ് വിളിക്കുന്നത്.
ഏതു പേരില്‍ വിളിച്ചാലും ദൈവപുത്രന്‍ വിണ്ണില്‍ നിന്ന് മണ്ണിലിറങ്ങി സാധാരണക്കാരനായി ജീവിച്ച്, തന്റേതല്ലാത്ത പാപങ്ങള്‍ക്ക് മരണം വരിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ദുഖവെള്ളി.ഒറ്റ വാക്യത്തിൽ പറഞ്ഞാൽ വലിയൊരു നന്മയ്ക്കു വേണ്ടിയായിരുന്നു യേശുവിന്റെ കുരിശുമരണം എന്നതിനാലാണ് ഗുഡ് ഫ്രൈഡേ എന്ന പേര് വന്നത്.അല്ലെങ്കിൽ പാപത്തിനു മേല്‍ നന്മ വിജയിച്ച ദിവസം!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: