സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. എല്ലാ കളക്ടർമാർക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന്റേയും മറ്റ് അവശ്യ സാധനങ്ങളുടേയും വില വർധന തടയുന്നതിന് കളക്ടർമാരുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസിന്റേയും ലീഗൽ മെട്രോളജി വകുപ്പിന്റേയും സംയുക്ത സ്പെഷൽ സ്ക്വാഡ് ഓരോ ജില്ലയിലേയും കടകൾ പരിശോധിക്കും. വ്യാപാരി സംഘടനകളുടെ ജില്ലാതല യോഗം ചേരുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള കൂടിയാലോചന നടത്താനും മന്ത്രി നിർദേശിച്ചു.
വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അവശ്യ സാധന വിലനിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും.
തീയേറ്ററുകളിൽ കുപ്പി വെള്ളത്തിനും ഭക്ഷണ സാധനങ്ങൾക്കും അമിത വില ഈടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ക്വാഡ് ശക്തമാക്കുന്നതിനും ഹോട്ടലുകൾ, തീയേറ്ററുകൾ എന്നിവ ഉൾപ്പെടെ പരിശോധിക്കുന്നതിനും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി നിർദ്ദേശം നൽകി.