NEWS

ഭൂമുഖത്തു നിന്നും എന്നേക്കുമായി തുടച്ചുമാറ്റപ്പെട്ട ചില ജീവജാലങ്ങളെ പരിചയപ്പെടാം

ഭൂമിയിൽ  ജീവവർഗ്ഗങ്ങൾ ഉരുത്തിരിഞ്ഞിട്ട് കോടിക്കണക്കിന് വർഷങ്ങളായി. പരിണാമത്തിന്റെ ഫലമായി ധാരാളം പുതിയ വർഗ്ഗങ്ങളും പിറവിയെടുത്തു. എന്നാൽ ഈ കാലസഞ്ചാരത്തിനിടയ്ക്ക് ധാരാളം ജീവജാലങ്ങൾ ഭൂമുഖത്തു നിന്നും എന്നേക്കുമായി തുടച്ചുമാറ്റപ്പെടുകയും ചെയ്തു. ഇതിന് ഒട്ടനവധി കാരണങ്ങളുണ്ട്. പ്രകൃതിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ പല വർഗ്ഗങ്ങൾക്കും കഴിഞ്ഞില്ല. ഇതു കൂടാതെ പലപ്പോഴായി സംഭവിച്ച വൻ പ്രകൃതി ദുരന്തങ്ങളും ഈ വംശീയമായ തുടച്ചുനീക്കലിന് നിദാനമായിട്ടുണ്ട്. അങ്ങനെ ഭൂമുഖത്തു നിന്നും തുടച്ചുമാറ്റപ്പെട്ട പ്രധാനപ്പെട്ട ഒരു ജീവവർഗ്ഗമാണ് ദിനോസാറുകൾ.
എന്നാൽ പ്രകൃത്യാ അല്ലാത്ത കാരണങ്ങളാലും ഇതു സംഭവിച്ചിട്ടുണ്ട്. അതിന് മനുഷ്യ പ്രവർത്തനങ്ങളും പലപ്പോഴും കാരണഭൂതമായി തീർന്നിട്ടുണ്ട്. ഏതാണ്ട് മൂന്ന് നാല് നൂറ്റാണ്ടു മുൻപ് വരെ മൗറീഷ്യസിൽ കണ്ടു വന്ന ഒരു പക്ഷിയാണ് ഡോഡോ ബേർഡ് . എഡി 1500 റാം ആണ്ടു വരെ ഇവിടെ ഇതിന്റെ എണ്ണം വളരെ അധികമായിരുന്നു. ഡോഡോയുടെ ആഹാരമായിരുന്ന പഴങ്ങളും ധാന്യ വിത്തുകളും മൗറീഷ്യസിൽ ധാരാളമായുണ്ടായിരുന്നു. മാത്രമല്ല ഇതിന് ശത്രുക്കളും അവിടെ നന്നേ കുറവായിരുന്നു. എന്നാൽ ഡച്ച് നാവികർ ഇവിടെ എത്തിച്ചേരുന്നത് 1500 കളിലാണ്. അവർ അതിനെ വൻ തോതിൽ വേട്ടയാടി. ഒരു മീറ്റർ നീളവും ഏകദേശം 10 – 18 കിലോഗ്രാം ഭാരവുമുള്ള ഇവയെ വേട്ടയാടുക വളരെ എളുപ്പമായിരുന്നു. ഭക്ഷണത്തിനു പുറമേ വിനോദത്തിനും വേട്ട തുടർന്നതോടെ അടുത്ത ഒരു നൂറ്റാണ്ടിനുള്ളിൽ ഈ ജീവിവർഗ്ഗത്തിന് വംശനാശം സംഭവിച്ചു.
ടാസ്മേനിയൻ ടൈഗർ …
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ ആസ്ട്രേലിയയിൽ ധാരാളമായി കാണപ്പെട്ടിരുന്ന ഒരു ജീവിയാണ് ടാസ്മേനിയൻ ടൈഗർ . പേര് സൂചിപ്പിക്കുന്നതു പോലെ ഇത് കടുവ വർഗ്ഗത്തിൽപ്പെട്ട ഒരു ജീവി ആയിരുന്നില്ല. ഏകദേശം 30 കിലോഗ്രാം ഭാരം വരുന്ന നായ വർഗ്ഗത്തിൽപ്പെട്ട ഒരു ജീവിയായിരുന്നു ഇത്. എന്നാൽ നീളമറിയ വാലും പിൻ ഭാഗത്തുള്ള കടുവയ്ക്കു സമാനമായ വരകളുമാണ് ഇതിന് ഇത്തരമൊരു പേര് നേടിക്കൊടുത്തത്. മനുഷ്യ അധിനിവേശത്തിന് ശേഷമുണ്ടായ വൻതോതിലുളള വേട്ടയാടലാണ് ഇതിന് അന്ത്യം കുറിച്ചത്. അവസാനത്തെ ടാസ്മേനിയൻ ടൈഗർ 1910 – 20 കാലഘട്ടത്തിൽ വേട്ടയാടപ്പെട്ടു എന്നു കണക്കാക്കുന്നു. മൃഗശാലയിൽ ഇത് 1936 വരെ ജീവിച്ചിരുന്നു.
 സഞ്ചാരി പ്രാവ് ……
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ വടക്കേ അമേരിക്കയിൽ ധാരാളമായി കണ്ടു വന്നിരുന്ന ഒരു ജീവിവർഗ്ഗമാണ്  പാസഞ്ചർ പെയ്ഗൻ . ഇതിന്റെ സംഖ്യ 300 മുതൽ 500 കോടിവരെയാണന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ യൂറോപ്പിൽ നിന്നുള്ള കുടിയേറ്റം ഇവയുടെ ആവാസ വ്യവസ്ഥ വൻതോതിൽ നശിപ്പിക്കപ്പെടുന്നതിന് കാരണമായി. ധാരാളമായി ലഭിച്ചിരുന്ന ഇതിന്റെ ഇറച്ചി വൻതോതിൽ കച്ചവടത്തിനുപയോഗിക്കാൻ തുടങ്ങി. ഫലമോ മനുഷ്യ ജനസംഖ്യയുടെ എത്രയോ മടങ്ങുണ്ടായിരുന്ന ഒരു ജീവി വർഗ്ഗം ഉന്മൂലനം ചെയ്യപ്പെട്ടു.!!!.
അവസാനത്തെ സഞ്ചാരിപ്രാവ് 1914 ൽ കൊല്ലപ്പെട്ടതായി കരുതുന്നു.
വെള്ള ഡോൾഫിൻ …
ചൈനയിലെ നദികളിൽ കണ്ടു വന്നിരുന്ന ശുദ്ധജല ജീവിയായിരുന്നു വൈറ്റ് ഡോൾഫിൻ .. എന്നാൽ ചൈനയിൽ വൻ തോതിലുണ്ടായ വ്യവസായ വൽക്കരണവും ജലസഞ്ചാരവും വൈദ്യത പദ്ധതികളും വേട്ടയും  ഇരുപത് ദശലക്ഷം വർഷങ്ങളായി അവിടെ തുടർന്നിരുന്ന ഒരു ജീവി വർഗ്ഗത്തിന് അന്ത്യം കുറിച്ചു.!! 1950 തുകളിൽ ഇതിന് വംശനാശം സംഭവിച്ചു…
ഇതു കൂടാതെ ധാരാളം ജീവജാലങ്ങൾക്കും അടുത്ത കാലത്ത് വംശനാശം സംഭവിച്ചിട്ടുണ്ട്. 2006 ൽ വംശനാശം സംഭവിച്ച ഒരു ജീവിയാണ് വെസ്റ്റാഫ്രിക്കൻ റൈനോസിറസ് …
മനുഷ്യൻ മൂലം മറ്റ് ജീവവർഗ്ഗങ്ങൾക്ക് വിനാശമുണ്ടാകുന്നത് ആധുനികാലത്ത് മാത്രമല്ല. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മുതൽ ഭൂമിയിൽ ജീവിച്ചിരുന്ന സിംഹത്തിന്റേയും കടുവയുടേയും ബന്ധുവായ ഒരു ജീവിയായിരുന്നു സാബർ ക്യാറ്റ് . വളരെ നീളമേറിയ കോമ്പല്ലുകളും ഏതാണ്ട് 120 ഡിഗ്രി വരെ വായ് വികസിപ്പിക്കാനുള്ള കഴിവും ഇവയുടെ പ്രത്യേകതയായിരുന്നു. വളരെ ശക്തരായ മാംസഭോജികളായ വേട്ടക്കാരായിരുന്നു ഇവർ. വലിയ ആനകളായ മാമത്തിനെ വരെ ഇവർ വേട്ടയാടി ഭക്ഷിക്കുമായിരുന്നു. മനുഷ്യന്റെ ഇടപെടലും ഇവയുടെ നാശത്തിന് കാരണമായതായി കരുതപ്പെടുന്നു. ഇരയെ തേടിയുള്ള മത്സരത്തിൽ ഇവ മനുഷ്യനോട് പരാജയപ്പെട്ടതായി കരുതുന്നു. ഏതാണ്ട് പതിനോരായിരം വർഷങ്ങൾക്ക് മുമ്പ് ഈ വംശവും ഭൂമിയോട് വിട പറഞ്ഞു.
മാമത്ത് ……
ദശലക്ഷക്കണക്കിന് വർഷങ്ങൾ ജീവിച്ചിരുന്ന ഒരു ജീവിയാണിത്. വലിയ ആനയേക്കാൾ വലിപ്പവും ഏതാണ് ആറു ടൺ ഭാരവും വരുമായിരുന്നു. രോമാവൃതമായ ശരീരവും നീണ്ട കൊമ്പും ഇതിന്റെ പ്രത്യേകതയായിരുന്നു. കാലാവസ്ഥാ വ്യതിയാനത്താൽ ആവാസ വ്യവസ്ഥയ്ക്ക്  വന്ന നാശവും രോമത്തിനും കൊമ്പിനും മാംസത്തിനും വേണ്ടിയുള്ള വേട്ടയാടലും മൂലം പതിനായിരം വർഷങ്ങൾക്ക് മുമ്പ് അവയും വംശനാശത്തിന് വിധേയമായി..
നമ്മുടെ സഹജീവികളെ സംരക്ഷിക്കേണ്ട ബാധ്യതയും ആധുനിക മനുഷ്യനുണ്ട്. ഇതിൽ വീഴ്ച വന്നാൽ കടുവയും മലമുഴക്കി വേഴാമ്പലും അടക്കമുള്ള  നമ്മുടെ ധാരാളം സഹജീവികളും അടുത്ത കാലത്ത് തന്നെ മൺ മറഞ്ഞ് പോകാൻ ഇടവരുത്തിയേക്കും. ഈ പ്രകൃതി എല്ലാ ജീവികൾക്കുമായുള്ളതാണ്. അവിടെ ഉണ്ടാകുന്ന വിനാശങ്ങൾ പ്രകൃതിയുടെ ചാക്രിക സംതുലനാവസ്ഥയ്ക്ക് ഭംഗം വരുത്തും. ഓരോ ജീവിക്കും പ്രകൃതി  വ്യക്തമായ ഒരു വേഷം ഇവിടെ എഴുതി വെച്ചിട്ടുണ്ട്. അതിൽ വരുന്ന മാറ്റം മനുഷ്യനെത്തന്നെ ഭാവിയിൽ ഗുരു തരമായി ബാധിക്കും. സഹജീവികളോടുള്ള ചിന്തയും കരുണയും വസുധൈവ കുടുംബകം എന്ന ചിന്താഗതിയും കുട്ടികളെ പഠിപ്പിക്കാൻ നാം ഒട്ടും അമാന്തിച്ചു കൂടാ..

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: