KeralaNEWS

മലയാള സിനിമയെ കവിത തുളുമ്പുന്ന വരികൾ കൊണ്ട് ധന്യമാക്കിയ കാവ്യഗന്ധർവ്വൻ ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 82-ാം പിറന്നാള്‍

ജയൻ മൺറോ

സിനിമാഗാനങ്ങൾക്ക് കവിതയുടെ പാദുകമണിയിച്ച്, കഴിഞ്ഞ 50 വര്‍ഷങ്ങളായി മലയാളിയെ വിസ്മയിപ്പിച്ച ഈ അത്ഭുത പ്രതിഭയെ നാം വേണ്ടവിധം ആദരിച്ചിട്ടുണ്ടോ ? പ്രണയം, വിരഹം, സന്തോഷം, തത്വചിന്ത എന്നിവ കലര്‍ന്ന സിനിമാഗാനങ്ങള്‍ക്കപ്പുറം ഓണപ്പാട്ടുകളുടെ ഒരു വസന്തകാലം തന്നെ ശ്രീകുമാരന്‍ തമ്പി തീര്‍ത്തു.
“ഉത്രാടപ്പൂനിലാവേ നീ വാ….” “ചേര്‍ത്തലയില്‍ പണ്ടൊരിക്കല്‍ പൂരം കാണാന്‍ പോയി”
“ചെട്ടിക്കുളങ്ങര ഭരണിനാളില്‍… ” “ആറാട്ടിനാനകള്‍ എഴുന്നള്ളി…” എത്രയെത്ര ഗൃഹാതുരത്വമുണര്‍ത്തുന്ന കവിത തുളുമ്പുന്ന ഉത്സവ ഗാനങ്ങള്‍…

ജീവിതത്തിലെ ഓരോ വികാരങ്ങളെയും തന്റേതായ രീതിയിൽ ധന്യമാക്കാൻ സ്വന്തം രചനയിലൂടെ അദ്ദേഹത്തിന് സാധിച്ചു.

‘പാടാത്ത വീണയും പാടും,’ ‘കസ്തൂരി മണക്കുന്നല്ലോ,’ ‘സ്വര്‍ണ്ണ ഗോപുര നര്‍ത്തകി,’ ‘നിന്‍മണിയറയിലെ,’ ‘കരിനീലക്കണ്ണുള്ള പെണ്ണേ,’ ‘ഉത്തരാസ്വയംവരം കഥകളി കാണുവാൻ,’ ‘ഹൃദയസരസ്സിലെ,’ ‘ചെമ്പകതൈകള്‍ പൂത്ത,’ ‘പൊന്‍വെയില്‍ മണിക്കച്ച,’ ‘ചന്ദ്രികയിലലിയും ചന്ദ്രകാന്തം,’ ‘എന്‍ മന്ദഹാസം,’ ‘എത്ര ചിരിച്ചാലും,’ ‘ഒന്നാം രാഗം പാടി,’ ‘അകലെ അകലെ നീലാകാശം,’ ‘ഏഴിലം പാലപൂത്തൂ,’ ‘ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍,’ ‘പാതിരമായക്കത്തില്‍,’ ‘ഇന്നുമെന്‍റെ കണ്ണുനീരില്‍,’ ‘യദുകുല രതിദേവനെവിടെ,’ ‘ആ നിമിഷത്തിന്‍റെ,’ ‘അയല വറുത്തതുണ്ട്,’  ‘ചാല കമ്പോളത്തില്‍ വച്ച്,’  ‘ജില്‍ ജില്‍ ജില്‍ ചിലമ്പനങ്ങി,’ ‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു,’ ‘വരുമല്ലോ രാവില്‍,’ ‘വാല്‍ക്കണ്ണെഴുതി,’ ‘അശോക പൂര്‍ണ്ണിമ,’ ‘എത്ര സുന്ദരി,’ ‘മുത്തു കിലുങ്ങി മണിമുത്തു കിലുങ്ങി,’ ‘ഉത്സവബലിദര്‍ശനം,’ ‘നീലനിശീധിനി,’ ‘താരകരൂപിണി,’ ‘ചന്ദ്രബിംബം നെഞ്ചിലേറ്റും,’ ‘ഈശ്വരനൊരിക്കല്‍ വിരുന്നിന് പോയി,’ ‘ചുമ്പന പൂ കൊണ്ടു മൂടി,’ ‘തോണിക്കാരനും അവന്‍റെ പാട്ടും,’ ‘മനോഹരി നിന്‍….’
ഇനിയുമെത്ര പാട്ടുകള്‍ ……നമുക്ക് മറക്കാനാകുമോ ഈ പ്രതിഭയെ….

കവി, ഗാന രചയിതാവ്, സംഗീത സംവിധായകൻ, സിനിമാ സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ തലമുറകളായി മലയാളിയ്ക്ക് പ്രിയപ്പെട്ടവനാണദ്ദേഹം.

മലയാള ചലച്ചിത്ര ഗാനാസ്വാദകരെ നിർവൃതിയുടെ ആവണിത്തെന്നലായി മാറ്റുന്ന വരികളുടെ ഉടമയാണ് ശ്രീകുമാരൻ തമ്പി. അക്ഷരങ്ങളുടെ ഇന്ദ്രജാലം കൊണ്ട് മലയാള സിനിമയുടെ ഹൃദയസരസ്സിലെ പ്രണയപുഷ്പമായി കഥകൾ പറയുകയാണദ്ദേഹം. ശ്രീകുമാരൻ തമ്പി എഴുതിയ പല സിനിമാഗാനങ്ങളും വയലാറിന്റേതെന്ന് തെറ്റിദ്ധരിക്കാറുണ്ട് പലരും.

56 വർഷങ്ങളായി മൂവായിരത്തിലധികം മലയാള ചലച്ചിത്ര ഗാനങ്ങൾ, അതിലധികവും ഹൃദയ ഗീതികളായ പ്രണയഗാനങ്ങൾ. മലയാളികളെ വീണ്ടും വീണ്ടും പ്രണയ ഗാനങ്ങൾ പാടുവാൻ അദ്ദേഹം പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

കവിയായും ഗാനരചിയാതാവായും മാത്രമല്ല സംഗീത സംവിധായകനായും സിനിമാ സംവിധായകനായും നിർമ്മാതാവായും തിരക്കഥാക്കൃത്തായും ഇന്നും സർവതല സ്പർശിയായി ശോഭിക്കുകയാണ് ശ്രീകുമാരൻ തമ്പി.

വയലാറും പി. ഭാസ്കരനും ഒ.എൻ.വി യും മലയാള ചലച്ചിത്ര ഗാന ശാഖയെ സമ്പുഷ്ടമാക്കുമ്പോൾ അവർക്കൊപ്പം പിടിച്ചു നിന്ന് തന്റേതായ വ്യക്തിമുദ്ര പതിപ്പിയ്ക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.

ഈ കവിയെ പരിചയപ്പെടുത്തുന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നാണ് ശ്രീകുമാരൻ തമ്പിയുടെ’ കവിയും കുറെ മാലാഖമാരും’ എന്ന കൃതിയുടെ അവതാരികയിൽ വയലാർ രാമവർമ എഴുതിയത്.
സിനിമയുള്ള കാലത്തോളം ഓരോ മലയാളിക്കും വയലാറിനെ പോലെ ശ്രീകുമാരൻതമ്പിയെ അഭിമാനത്തോടെ പരിചയപ്പെടുത്താം. ഹൃദയഗീതങ്ങളുടെ കവിയായി, ഗാനരചയിതാവായി.

ഈ പ്രതിഭയെ കൈരളി വേണ്ടപോലെ ആദരിച്ചിട്ടില്ല. 2018 ൽ സംസ്ഥാന സര്‍ക്കാരിന്‍റെ ജെ.സി.ഡാനിയേല്‍ പുരസ്കാരം നൽകി ആദരിച്ചു.
വൈകിയെങ്കിലും ഉചിതമായ തീരുമാനമായിരുന്നു അത്.

മലയാളത്തിന്‍റെ ‘ശ്രീത്വം’ ശ്രീകുമാരന്‍ തമ്പിക്ക് ജന്മദിനാശംസകൾ ❤

Back to top button
error: