KeralaNEWS

കമ്മ്യൂണിസത്തില്‍ നിന്ന് കാവിയിലേക്ക്;യോഗി ആദിത്യനാഥിന്റെ ആരും അറിയാത്ത കഥകൾ

ത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപിയിലെ തീവ്രഹിന്ദുത്വ മുഖവുമായ യോഗി ആദിത്യനാഥിനെ സഖാവെന്നു വിളിക്കുന്നത് ആലോചിക്കാന്‍ പോലുമാകില്ല.എന്നാല്‍ ആദിത്യനാഥ് എസ്‌എഫ്‌ഐക്കാരനായിരുന്നു.
1972 ജൂണ്‍ 5 ന് ഉത്തര്‍പ്രദേശിലെ പൗരി ഗര്‍വാളിലെ (ഇപ്പോള്‍ ഉത്തരാഖണ്ഡില്‍) പഞ്ചൂര്‍ ഗ്രാമത്തിലാണ് യോഗി ആദിത്യനാഥ് ജനിച്ചത്.അജയ് മോഹന്‍ ബിഷ്ത് എന്നായിരുന്നു പേര്.യോഗി ആദിത്യനാഥ് എന്ന പേര് സന്യാസത്തിനുശേഷം അദ്ദേഹം സ്വീകരിച്ചതാണ്.പിതാവ് ആനന്ദ് സിങ് ബിഷ്ത് ഒരു ഫോറസ്റ്റ് റേഞ്ചറായിരുന്നു. നാല് സഹോദരന്മാര്‍ക്കും മൂന്ന് സഹോദരിമാര്‍ക്കും ഇടയില്‍ കുടുംബത്തില്‍ രണ്ടാമനായി ജനിച്ചു. ഉത്തരാഖണ്ഡിലെ ഹേംവതി നന്ദന്‍ ബാഹുഗുണ ഗഡ് വാൾ സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി.ഇവിടെ എസ്എഫ്ഐ പ്രവർത്തകനായിരുന്നു അദ്ദേഹം.

അടുത്ത ബന്ധുവും കേളേജില്‍ സീനിയറുമായിരുന്ന ജയ് പ്രകാശ് എസ്‌എഫ്‌ഐ നേതാവായിരുന്നുവെന്നതും ആ ഇഷ്ടത്തിന് ഒരു കാരണമായി.എന്നാല്‍ അജയ് ബിഷ്ടിനെ ഒരു നേതാവായി വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന് മനസിലാക്കി പ്രമോദ് തിവാരിയെന്ന എബിവിപി പ്രവര്‍ത്തകന്‍ നടത്തിയ ഇടപെടലുകള്‍ കമ്മ്യൂണിസത്തില്‍ നിന്ന് കാവിയിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തിന് കാരണമായി.അതേസമയം, കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപി നേതൃത്വം സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച്‌ തോറ്റ ചരിത്രവും ആദിത്യനാഥിനുണ്ട്.

 

Signature-ad

 

1993 ല്‍ 21ാം വയസ്സില്‍ ആദിത്യനാഥ് തന്റെ കുടുംബത്തെ ത്യജിച്ചു. അയോധരാമക്ഷേത്ര പ്രസ്ഥാനത്തില്‍ ചേരാന്‍ വീട് വിട്ടു. കുറച്ചകാലം കറങ്ങിത്തിരിഞ്ഞാണ് പില്‍ക്കാലത്തെ അദ്ദേഹത്തിന്റെ ജീവിതം തിരുത്തിക്കുറിച്ച ഗോരഖ്നാഥ് മഠത്തിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം അന്ന് മഠത്തിന്റെ തലവനായ മഹാന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി. നാഥ് പാരമ്ബര്യത്തിന്റെ സന്യാസിയായി ദീക്ഷയെ സ്വീകരിച്ചശേഷം അദ്ദേഹത്തിന് ‘യോഗി ആദിത്യനാഥ്’ എന്ന പേര് നല്‍കുകയും മഹാന്ത് അവൈദ്യനാഥിന്റെ പിന്‍ഗാമിയായി നിയമിക്കുകയും ചെയ്തു.മഹാന്ത് അവൈദ്യനാഥിന്റെ മരണശേഷം 2014 സെപ്റ്റംബര്‍ 12 ന് മഹാന്ത് അല്ലെങ്കില്‍ ഗോരഖ്നാഥ് മഠത്തിലെ മഹാപുരോഹിതനായി. മുഖ്യമന്ത്രിയായിട്ടും അദ്ദേഹം ആ പദവി ഒഴിഞ്ഞിട്ടില്ല.അതിന് കാരണം വേറെയാണ്.

 

 

ഗോരാഖ് ക്ഷേത്ര മേധാവികൂടിയായ മഹന്ത് ആണ് കാലങ്ങളായി ഗോരാഖ്പുരിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നത്.ബിജെപിക്ക് ഉത്തര്‍ പ്രദേശില്‍ വേരോട്ടം നല്‍കിയ രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ ഉയിര്‍പ്പുണ്ടായതും ഗോരഖ്നാഥ് ക്ഷേത്രത്തില്‍ നിന്നുമാണ്.ഇക്കാരണത്താലാണ് 1998 ൽ യോഗി ആദിത്യനാഥിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി സീറ്റ് നല്‍കിയത്. ഗോരഖ്്പൂരില്‍ നിന്നു പാര്‍ലമെന്റിലേക്ക് മല്‍സരിച്ച്‌ വിജയിച്ചപ്പോള്‍ വയസ് 26.പിന്നീട് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ചു.

 

 

 

എങ്കിലും അദ്ദേഹം ഇന്നത്തെ നിലയിലേക്ക് പ്രശസ്തിയാർജ്ജിച്ചത് 2007 ലായിരുന്നു.2007 ജനുവരിയില്‍ ഗോരാഖ് പൂരില്‍ മുഖറം ആഘോഷത്തിനിടയില്‍  ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി.പോലീസിന്റെ വിലക്ക് ലംഘിച്ച് അനുയായികള്‍ക്കൊപ്പം സ്ഥലത്തെത്തിയ ആദിത്യനാഥ് ധര്‍ണ്ണ തുടങ്ങി.തുടർന്ന് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി.ഇതോടെ ഹിന്ദുത്വ ശക്തികൾ ഒരു മുസ്ലിം സ്മാരകത്തിന് തീയിട്ടു. നിരോധനാജ്ഞ ലംഘിച്ച ആദിത്യനാഥ് അറസ്റ്റിലായി.അതോടെ ഹിന്ദു പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. മുംബൈ ഗോരാഖ്പൂര്‍ ഗോദാന്‍ എക്സ്‌പ്രസ്സിന്റെ നിരവധി ബോഗികള്‍ അവര്‍ തീയിട്ടു.അന്നവിടെ മുലായം സിംഗിന്റെ ഭരണമായിരുന്നിട്ടുകൂടി ആദിത്യനാഥിനെ അറസ്റ്റ് ചെയ്ത പൊലീസ് ഓഫീസറെയും ജില്ലാ മജിസ്ട്രേറ്റിനെയും സ്ഥലം മാറ്റിക്കാൻ യോഗിക്കായി.ഈ സംഭവത്തോടെയാണ് അദ്ദേഹം പ്രശസ്തനാവുന്നത്.

 

 

2016ല്‍ യു.പിയിലെ സന്യാസി വിഭാഗങ്ങളുടെ വലിയൊരു യോഗം ഗോരഖ്പൂരില്‍ നടന്നിരുന്നു.ഈ മീറ്റിങ്ങില്‍ ഒരു പ്രമേയം പാസാക്കി. യോഗി ആദിത്യനാഥിനെ മത്സരിപ്പിക്കുകയും മുഖ്യമന്ത്രിയാക്കുകയും ചെയ്യണമെന്നായിരുന്നു ആ പ്രമേയം.യോഗിയെ ഫോക്കസ് ചെയ്തുകൊണ്ടുള്ള കൃത്യമായ അജണ്ട പ്ലാന്‍ ചെയ്യണമെന്നുള്ളത് അവിടുത്തെ സന്യാസിവിഭാഗങ്ങളുടെ വലിയ ആഗ്രമായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു സന്യാസി പറയുന്നുണ്ട്, യോഗി മുഖ്യമന്ത്രിയായി വരണം, ഒന്ന് യോഗി ചെറുപ്പക്കാരനാണ്. രണ്ടാമത് രാമജന്മഭൂമി പ്രശ്നം അവതരിപ്പിക്കാനും ക്ഷേത്രം പണിയാനും യോഗി വന്നാല്‍ മാത്രമേ നടക്കൂ.

 

2017ലെ യു.പി തിരഞ്ഞെടുപ്പിന് ശേഷം 312 എംഎല്‍എമാർ സഭയില്‍ എത്തിയിട്ടും ബിജെപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് പാര്‍ലമെന്റംഗമായ ആദിത്യനാഥിനെയാണ്.പാര്‍ട്ടിയുടെ തീരുമാനം എല്ലാ നിയസഭാംഗങ്ങളും അംഗീകരിക്കുകയായിരുന്നു. എന്നാല്‍ 2022ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി യോഗി മത്സരിച്ചു. യുപിയെ കീഴടക്കുകയും ചെയ്തു.മോദിക്ക് ശേഷം യോഗി എന്ന ചര്‍ച്ചയിലൂടെ യുപിയില്‍ ഒരു വികാരമായി ഇതിനകം യോഗി മാറിക്കഴിഞ്ഞിരുന്നു. ഇതു തന്നെയാണ് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകാൻ പോകുന്നത്.പ്രധാനമന്ത്രി കസേരയിൽ അദ്ദേഹത്തെ കൊണ്ടിരുത്താതെ യുപി രാഷ്ട്രീയം നിയന്ത്രിക്കുന്ന ഗോരഖ്പൂരിലെ സന്യാസി സമൂഹത്തിന് വിശ്രമം ഉണ്ടാകുകയില്ല.

Back to top button
error: