NEWSWorld

ആറ് വർഷം നീളുന്ന ലോക സഞ്ചാരത്തിന് തൃശൂർ സ്വദേശി ഇ.പി ജോസ് പുറപ്പെട്ടു

ലോകത്തിലെ ആറ് ഭൂഖണ്ഡങ്ങളിലായി പരന്നു ‘കിടക്കുന്ന 192 രാജ്യങ്ങളിലൂടെ, മൂന്ന് ലക്ഷത്തിലധികം കിലോ മീറ്റർ ദൂരം, ആറ് വർഷത്തിലധികം സമയമെടുത്ത് തൻ്റെ കെ.ടി.എം 390 അഡ്വെഞ്ചർ ബൈക്കിൽ ഒറ്റയ്ക്ക് യാത്രചെയ്യാൻ ഇ.പി ജോസ് ഇന്ന് പുറപ്പെടുന്നു.

മോട്ടോർ സൈക്കിൾ കപ്പൽ മാർഗ്ഗം ആദ്യം യൂറോപ്പിലേയ്ക്ക് കയറ്റി അയക്കും. കൊച്ചി തുറമുഖത്ത് നിന്നാണ് മോട്ടോർ സൈക്കിൾ അയക്കുന്നത്. തുടർന്ന് യൂറോപ്പിൽ ലോകസഞ്ചാരം ആരംഭിയ്ക്കും.
തൃശൂർ ഗവ. എഞ്ചിനിയറിങ്ങ് കോളജിലെ പൂർവ്വ വിദ്യാർത്ഥിയായ ജോസിന് ഇന്നലെ വൈകീട്ട് ആറിന് കോളജ് അങ്കണത്തിൽ സഹപാഠികളും സുഹൃത്തുക്കളും സ്വീകരണം നൽകി. കോളജ് പ്രിൻസിപ്പൽ ഡോ. രഞ്ജിനി ഭട്ടതിരിപ്പാട്, പൂർവ്വ വിദ്യാർത്ഥികളായ ചലച്ചിത്ര താരം ടി.ജി രവി, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ്, പൂർവ്വ വിദ്യാർത്ഥി സംഘടന തൃശ്ശൂർ ചാപ്റ്റർ പ്രസിഡണ്ട് കെ രാമകൃഷ്ണൻ, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി ഡോ. പി ടി നൗഷജ തുടങ്ങിയവർ പങ്കെടുത്തു.
യാത്രയ്ക്കിടയിൽ ലോകത്തിലെ വിവിധ നഗരങ്ങളിൽ തൃശൂർ എഞ്ചിനീയറിംഗ് കോളജ് പൂർവ്വ വിദ്യാർത്ഥികൾ ജോസിന് വരവേൽപ്പ് നൽകും.
അമേരിക്കയിൽ ഐ.ടി വിദഗ്ദ്ധനായി പ്രവർത്തിച്ചിരുന്ന ജോസ് ഇപ്പോൾ ചെമ്പുക്കാവ് എടക്കളത്തൂർ അഞ്ജനം വീട്ടിലാണ് താമസം. 2017ൽ വിജയകരമായി ഭാരതപര്യടനം പൂർത്തിയാക്കിയിട്ടുള്ള ജോസ് മോട്ടോർ സൈക്കിളിൽ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് നിരവധി ദീർഘസഞ്ചാരങ്ങൾ നടത്തിയിട്ടുണ്ട്. ആ അനുഭവസമ്പത്തുമായാണ് ഇപ്പോൾ ലോകയാത്രയ്ക്ക് പുറപ്പെടുന്നത്.

Back to top button
error: