NEWSSportsWorld

‘പാക്കിസ്ഥാനില്‍നിന്നു ഭര്‍ത്താവ് ജീവനോടെ മടങ്ങില്ല’; ആഷ്ടന്‍ അഗറിനെ വധിക്കുമെന്ന് പങ്കാളിക്ക് ഭീഷണി സന്ദേശം

മെല്‍ബണ്‍: ഓസീസ് ഓള്‍റൗണ്ടര്‍ ആഷ്ടന്‍ അഗറിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി ജീവിതപങ്കാളിയുടെ സമൂഹിക മാധ്യമ അക്കൗണ്ടിലേക്ക് അജ്ഞാത അക്കൗണ്ടില്‍നിന്നു ഭീഷണി സന്ദേശം. ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ പാക്കിസ്ഥാനിലെ ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് ഭീഷണി. ‘ഇതു നിങ്ങളുടെ ഭര്‍ത്താവിനുള്ള മുന്നറിയിപ്പാണ്. നിങ്ങളുടെ ഭര്‍ത്താവ് പാക്കിസ്ഥാനിലേക്കു വരികയാണെങ്കില്‍ ജീവനോടെ തിരിച്ചുപോകില്ല. നിങ്ങളുടെ കുട്ടികള്‍ക്ക് അച്ഛനെ നഷ്ടമാകും’ താലിബാന്റെ പേരിലുള്ള ഭീഷണി സന്ദേശത്തിലെ വരികള്‍ ഇങ്ങനെയാണ്.

Signature-ad

ഓസ്‌ട്രേലിയന്‍ ദിനപത്രമായ ‘ദ് സിഡ്‌നി മോണിങ് ഹെറാള്‍ഡി’ലെ റിപ്പോര്‍ട്ട് പ്രകാരം ഓസീസ് ടീം വക്താവ്, അഗറിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കു ഭീഷണി സന്ദേശം എത്തിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, വിശ്വസനീയ വൃത്തത്തില്‍നിന്നല്ല സന്ദേശം എത്തിയതെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായും ടീം വക്താവ് വെളിപ്പെടുത്തി. ആഷ്ടന്‍ അഗറിന്റെ പങ്കാളി മഡെലൈന്റെ അക്കൗണ്ടിലേക്കു സന്ദേശം എത്തിയ കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്രിക്കറ്റ് പാക്കിസ്ഥാന്‍ എന്നിവയെ ധരിപ്പിച്ചിട്ടുണ്ട്. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണു ഭീഷണി സന്ദേശം എന്നാണു വിലയിരുത്തല്‍.

1998നു ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ പാക്കിസ്ഥാനില്‍ പര്യടനം നടത്തുന്നത്. മാര്‍ച്ച് 4 മുതല്‍ 8 വരെയുള്ള ആദ്യ ടെസ്റ്റ് പരമ്പര റാവല്‍പിണ്ടിയിലാണ്. ഭീഷണി സന്ദേശം ലഭിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത്തരക്കാരെ പിടികൂടാന്‍ അത്യാധുനിക സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതികരിച്ചു. ഭീഷണി തല്‍ക്കാലം കാര്യമായെടുക്കുന്നില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിട്ടുണ്ട്. 3 വീതം ടെസ്റ്റ് ഏകദിന മത്സരങ്ങള്‍ക്കു പുറമേ, ഒരു ട്വന്റി20യും പാക്കിസ്ഥാനില്‍ ഓസ്‌ട്രേലിയ കളിക്കും.

കഴിഞ്ഞ സെപ്റ്റംബറില്‍ പാക്കിസ്ഥാനില്‍ നടക്കാനിരുന്ന പരമ്പര, സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ന്യൂസീലന്‍ഡ് ഉപേക്ഷിച്ച സംഭവം വലിയ വിവാദങ്ങള്‍ക്കു വഴി തെളിച്ചിരുന്നു. പാക്കിസ്ഥിനില്‍നിന്നു ന്യൂസീലന്‍ഡ് മടങ്ങിയതിനെതിരെ വ്യാപക പ്രതിഷേധവുമായി മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു.

 

Back to top button
error: