CrimeNEWS

മൂന്നാറിലെ എട്ടു വയസ്സുകാരിയുടെ ദുരൂഹമരണം കൊലപാതകം, ഞെട്ടിക്കുന്ന കണ്ടെത്തലുകൾ രണ്ടര വർഷത്തിനു ശേഷം പുറത്ത്

പെൺകുട്ടിയെ വീടിനുള്ളിൽ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് 2019 സെപ്റ്റംബർ 9നാണ്. പോസ്റ്റ്‌മോർട്ടത്തിൽ പലതവണ പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ട് എന്ന് വ്യക്തമായി. പക്ഷേ ആദ്യ അന്വേഷക സംഘത്തിന് കേസിൽ തുമ്പുണ്ടാക്കാൻ സാധിച്ചില്ല. പിന്നീടാണ് നർകോട്ടിക് സെൽ ഡിവൈ.എസ്.പി, എ.ജി ലാലിന്റെ നേതൃത്വത്തിൽ പുതിയ അന്വേഷകസംഘത്തെ കേസ് ഏല്പിച്ചത്. ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ ഈദുരൂഹ മരണം കൊലപാതകമാണെന്ന് വ്യക്തമായി

ടുക്കി: രണ്ടര വർഷം മുമ്പ് മൂന്നാറിലെ ഗുണ്ടുമലയിൽ 8 വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം നടത്തിയ ഡമ്മി പരീക്ഷണമാണ് മരണം കൊലപാതകമാണെന്ന വ്യക്തമായ സൂചന നൽകിയത്. പെൺകുട്ടി തൂങ്ങിമരിക്കാനായി ഉപയോഗിച്ച പ്ലാസ്റ്റിക് വള്ളി, കുട്ടിയുടെ ഭാരം താങ്ങില്ലെന്നും മരിച്ച ശേഷം ആരോ കഴുത്തിൽ വള്ളി ചുറ്റിയതാവാമെന്നും പൊലീസ് പറയുന്നു.

കണ്ണൻ ദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെൻമൂർ ഡിവിഷനിൽ 2019 സെപ്റ്റംബർ 9നാണ് പെൺകുട്ടിയെ വീടിനുള്ളിൽ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ, പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി. അതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്.

മൂന്നാർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്ന് പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചെങ്കിലും മരണത്തിൽ തുമ്പു കണ്ടെത്താനായില്ല. കഴിഞ്ഞ വർഷം ജില്ലാ നർകോട്ടിക് സെൽ ഡിവൈ.എസ്.പി, എ.ജി ലാലിന്റെ നേതൃത്വത്തിൽ പുതിയ അന്വേഷകസംഘത്തെ ഈ കേസ് ഏല്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്മാർ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനാണ് ആദ്യം മുതൽ ശ്രമിച്ചത്. സംഭവം നടന്ന വീട്ടിൽ ഡമ്മി പരീക്ഷണം നടത്തിയതും ഇതിനു വേണ്ടിയാണ്.
അന്വേഷകസംഘത്തലവൻ എ.ജി ലാൽ, കോട്ടയം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗത്തിലെ ഡോ. സന്തോഷ്‌ ജോയി, കാക്കനാട് റീജനൽ ഫൊറൻസിക് ലബോറട്ടറി അസി. ഡയറക്ടർ ഡോ. സൂസൻ ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് ഡമ്മിപരീക്ഷണം നടത്തിയത്.

മരണ സമയത്ത് കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയിരുന്ന പ്ലാസ്റ്റിക് വള്ളിയുടെ അതേ വലുപ്പത്തിലുള്ള വള്ളി ഇതിനുപയോഗിച്ചു. കുട്ടിയുടെ ഭാരം 28 കിലോയായിരുന്നു. 20 കിലോ ഉയർത്തിയപ്പോൾ തന്നെ വള്ളി പൊട്ടിവീണു. കുട്ടി മരിച്ചുകിടന്ന മുറിയുടെ മച്ചിൽ കയർ കുരുക്കണമെങ്കിൽ ഏണിയോ കസേരയോ വേണം. പക്ഷേ മരണ സമയത്ത് മുറിയിൽ ഇത്തരം സാധനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
പ്രധാനപ്പെട്ട ഈ നിഗമനങ്ങളിലൂടെയാണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാം എന്ന സംശയം ബലപ്പെട്ടത്. മരണസമയത്ത് കഴുത്തിൽ കുരുങ്ങിയ കയർ തനിയെ പൊട്ടി വീണതാണോ അതോ മുറിച്ചിട്ടതാണോ എന്ന് ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.

Back to top button
error: