LIFENewsthen Special

ഭയത്തെ ഭയപ്പെടേണ്ട; ഫോബിയ അങ്ങനെ അല്ല

ഭയം-പലപ്പോഴും അതൊരു രോഗമാണ്.പ്രത്യേകിച്ച്  മനക്കരുത്തില്ലാത്തവരിൽ.പാനിക് ഡിസോഡർ അല്ലെങ്കിൽ പാർട്ട് ഓഫ് സ്‌കീസോഫ്രാനിയ.മരണ ഭയം, പൊക്കത്തോടുള്ള ഭയം,ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുന്ന ഭയം, ഇരുട്ടിനോടുള്ള ഭയം, ജീവികളോടുള്ള ഭയം,കാറ്റിനോടുള്ള ഭയം, ഉച്ചത്തിലുള്ള ശബ്ദങ്ങളോടുള്ള ഭയം, വേഗതയോടുള്ള ഭയം.. അങ്ങിനെ ഒരുപാട് ഭയങ്ങൾ. ചിലത് ആത്മഹത്യയിലേക്കും മറ്റു ചിലത് ഭയം കൊണ്ടുള്ള കൊലപാതകങ്ങളിലേക്കും എത്തിക്കുന്നവ.സ്വയം നിയന്ത്രണങ്ങൾ നഷ്ടപ്പെടുമ്പോഴാണ് ഇവ കൈവിട്ടു പോകുന്നത്.പങ്കുവയ്ക്കുമ്പോൾ കുറയുന്ന ഒന്നാണ് ഇത്തരം ഭയരീതികൾ എന്നും മറക്കാതിരിക്കുക.
ഭയം മനസ്സിന്റെ സൃഷ്ടിയാണ്.പലപ്പോഴും നമ്മുടെ ചിന്തകളുടെ ഫലമായാണ് അത് ഉണ്ടാകുന്നത്. ആശങ്ക വിതയ്ക്കുന്ന കാര്യങ്ങളും സാഹചര്യങ്ങളും ജീവിതത്തിൽ ഉണ്ടാകാം. അത്തരം ചിന്തകളെ ഭയമായും ഭീതിയായും വളർത്തിയെടുക്കാൻ മനുഷ്യ മനസ്സിന് അപാരമായ കഴിവുണ്ട്.മനസ്സിന്റെ ഭയം മാറ്റാൻ ഇതാ ചില വഴികൾ
 • പൊതുവേ കാര്യങ്ങളെ ലഘുവാക്കി മാറ്റുന്നതിൽ നർമബോധത്തിന് വലിയ സ്ഥാനമുണ്ട്. ചിന്തിച്ചു കൂട്ടുമ്പോൾ ഉണ്ടാകുന്ന ഭീകരതയൊന്നും വാസ്തവത്തിൽ നേരിൽ ഉണ്ടാവില്ല എന്നതാണ് പൊതുവേയുള്ള അനുഭവം. ഓർക്കാൻ പോലും വയ്യ എന്നു പറഞ്ഞു ഭയത്തോടെ സമീപിച്ചിട്ടുള്ള പലതിനെയും നിസ്സാരമായി നമ്മൾ അതിജീവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയണം.
 • ആസന്നമായ ഭയത്തെ ഒഴിവാക്കുന്നതിന് പകരം നേരിടാൻ തയ്യാറെടുക്കുക. മനസ്സുകൊണ്ടും ശരീരം കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും സജ്ജമായിരിക്കുക.ഭയമുളവാക്കുന്ന വസ്തുവിനെ അഥവാ സന്ദർഭത്തെപ്പറ്റി വിശദമായി അറിയാൻ ശ്രമിക്കുക. ശ്വസനക്രമങ്ങൾ പഠിക്കുക, പരിശീലിക്കുക. വലിയൊരു പരിധി വരെ സ്വയം നിയന്ത്രണം നേടാൻ ഇത് സഹായിക്കും.
 • മനസ്സിനെ കാടുകയറി ചിന്തിക്കാൻ അനുവദിക്കാതിരിക്കുക.അതിനായി എപ്പോഴും കർമനിരതരായിരിക്കുക. സന്തോഷമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
 • സാന്ത്വനവും സഹായവും ലഭിക്കുന്ന വിശ്വസ്തമായ ഇടങ്ങളിൽ നിന്ന് അവ സ്വീകരിക്കാൻ മടിക്കരുത്. പങ്കുവയ്ക്കുമ്പോൾ കുറയുന്ന ഒന്നാണ് ഭയരീതികൾ.
 • ഭക്ഷണം, വ്യയാമം, ഉറക്കം എന്നിവ ഭയത്തിന് അടിമപ്പെടാതെ ശ്രദ്ധിക്കണം. ശാരീരികമായ ഊർജവും പ്രസരിപ്പും നഷ്ടമായാൽ ഭയത്തെ നേരിടാനുള്ള ആത്മവിശ്വാസവും തകരാറിലാകും.മദ്യം തുടങ്ങി മാനസികാരോഗ്യനില വഷളാക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഭയത്തെ കീഴ്പ്പെടുത്താൻ ശ്രമിക്കരുത്.അത് സാഹചര്യത്തെ കൂടുതൽ വഷളാക്കുക മാത്രമേ ചെയ്യുകയുള്ളൂ.
 
എല്ലാ ആളുകൾക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഭയമുണ്ടാവും.എന്നാൽ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ യുക്തിരഹിതമായി ഒരു പ്രത്യേക വാസ്തുവിനെയോ, ഒരു പ്രത്യേക സാഹചര്യത്തെയോ, പ്രത്യേക സ്ഥലത്തെയോ ഭയപ്പെടുക, ഇതാണ് ഫോബിയ.ഭയം ഒരു ഫോബിയ അല്ല.കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ “ഭയം” താൽക്കാലികമാണ്; ഫോബിയ അങ്ങനെ അല്ല.

ഭയം ജീവിതത്തിലെ ഒരു സാധാരണവും ആവശ്യകരവുമായ ഭാഗമാണ്. വാസ്തവത്തിൽ, ഭയാനകമായ സാഹചര്യങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നതിലും, അനിവാര്യമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് എപ്പോൾ രക്ഷപ്പെടണമെന്ന് തീരുമാനിക്കുന്നതിലും ഭയം ഒരു പ്രധാന പങ്ക് വഹിക്കുന്നു. സാധാരണ സാഹചര്യങ്ങളിൽ, യുക്തി ഉപയോഗിച്ച് ഭയം നിയന്ത്രിക്കാനാകും.അത് നമ്മുടെ ജീവിതത്തെ ബാധിക്കുകയോ യുക്തിഹീനരാക്കുകയോ ചെയ്യുന്നില്ല.

 

യം പലതിനോടും ഉണ്ടാവാം.സ്വാഭാവികം മാത്രം. എന്നാൽ അൽപ്പം പോലും ഭയമുണ്ടാക്കാൻ സാധ്യത ഇല്ലാത്ത കാര്യങ്ങളോട് അകാരണമായി തോന്നുന്ന ഭയമാണ് പൊതുവെ ഫോബിയ എന്നറിയപ്പെടുന്നത്.ഇത്തരം അകാരണമായ ഭയം എപ്പോൾ വേണമെങ്കിലും എന്തിനോട് പോലും തോന്നാം.ഫോബിയകൾക്ക് കാരണമെന്തെന്ന് വ്യക്തമല്ല.എന്നാൽ, ഇതിന് പാരമ്പര്യബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

 • സ്പെസിഫിക് ഫോബിയകൾ: ചില വസ്തുക്കളോടോ മൃഗങ്ങളോടോ അല്ലെങ്കിൽ സാഹചര്യങ്ങളോടോ അവ യഥാർത്ഥത്തിൽ സൃഷ്ടിച്ചേക്കാവുന്ന അപകടത്തിലും കൂടുതലായി തോന്നുന്ന അകാരണമായ ഭയമാണ് സ്പെസിഫിക് ഫോബിയ. അടച്ചുകെട്ടിയ സ്ഥലങ്ങൾ, ചിലന്തി, പാറ്റ തുടങ്ങിയ ജീവികൾ എന്നിവയോടുള്ള ഭയം തുടങ്ങിയവ ഉദാഹരണങ്ങളാണ്.
 • അക്രോഫോബിയ: ഉയരത്തോടു തോന്നുന്ന ഭയമാണ് അക്രോഫോബിയ. ഇത്തരം മാനസിക പ്രശ്നമുള്ളവർ ഉയരമുള്ള കെട്ടിടങ്ങൾ, പാലം, കുന്നുകൾ മുതലായ ഉയർന്ന സ്ഥലങ്ങളിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കും.
 • ഗ്ലോസോഫോബിയ: ഒരു സംഘം ആളുകളുടെ മുന്നിൽ സംസാരിക്കുന്നതിനോ എന്തെങ്കിലും അവതരിപ്പിക്കുന്നതിനോ കഴിയാതെ വരിക.
 • ക്ളോസ്ട്രോഫോബിയ: അടച്ചിട്ട സ്ഥലങ്ങളോടു തോന്നുന്ന ഭയമാണ് ക്ലോസ്ട്രോഫോബിയ.
 • ഹീമോഫോബിയ: പരിക്കിനെയും രക്തത്തെയും ഭയക്കുന്ന അവസ്ഥ.
 • സൈനോഫോബിയ: നായകളോടുള്ള അകാരണമായ ഭയമാണിത്.
 • എവിയാറ്റോഫോബിയ: വിമാനത്തിൽ സഞ്ചരിക്കാനുള്ള ഭയമാണിത്.
 • നെക്റ്റോഫോബിയ: ഇരുട്ടിനെ ഭയക്കുന്ന അവസ്ഥ. ഇത്തരക്കാർക്ക് ഇരുട്ടിനെ പ്രത്യേകിച്ച് രാത്രിയെ ഭയമായിരിക്കും.
 • ഒഫിഡിയൊഫോബിയ: പാമ്പുകളോടുള്ള അകാരണമായ ഭയമാണിത്.
 • ഫോബിയ: അമിതമായ ആത്മാഭിമാനവും പൊതുവേദികളെ അഭിമുഖീകരിക്കുമ്പോഴുള്ള സംഭ്രമവും കൂടിച്ചേർന്ന മാനസികാവസ്ഥയാണിത്.
 • അഗോറഫോബിയ: പൊതുസ്ഥലത്തോ തുറന്ന സ്ഥലങ്ങളിലോ ഒറ്റപ്പെട്ടുപോകും എന്ന ഭയം ഇതിൽ ഉൾപ്പെടുന്നു.
 
ഫോബിയ ഉണ്ടാക്കുന്ന കാരണങ്ങളെ കണ്ടുമുട്ടുമ്പോൾ പരിഭ്രമവും, ആശങ്കയും, സ്വാഭാവികമായി പ്രവർത്തിക്കുന്നതിനുള്ള കഴിവും നഷ്ടപ്പെട്ടു പോകുന്ന മാനസികനില ഉണ്ടായേക്കാം.കടുത്ത ഉത്കണ്ഠ, വേഗത്തിലുള്ള ശ്വാസഗതി, ശക്തിയേറിയ ഹൃദയമിടിപ്പ് തുടങ്ങിയ ശാരീരികവും മാനസികവുമായ പ്രതികരണങ്ങൾ ഇവയ്ക്കൊപ്പം ഉണ്ടാവും.ഒപ്പം അക്രമാസക്തവുമായേക്കാം.
 
നിങ്ങൾക്ക് ഒരു ഫോബിയ ഉണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഒരു സൈക്കോളജിസ്റ്റ്, അല്ലെങ്കിൽ സൈക്യാട്രിസ്റ്റ് എന്നിവരിൽ നിന്ന് ചികിത്സ തേടുക.കൊഗിനിറ്റീവ് ബിഹേവിയറൽ തെറാപ്പി അല്ലെങ്കിൽ എക്സ്പോഷർ തെറാപ്പി തുടങ്ങിയ മനോരോഗ ചികിത്സകളും ഫോബിയ ചികിത്സയിൽ ഉൾപ്പെടുത്തിയേക്കാം.
അകാരണമായ ഭയങ്ങൾ മൂലം നിങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നുവെങ്കിൽ മനശാസ്ത്രജ്ഞന്റെ സഹായം തേടുക തന്നെ വേണം. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നത് അവ നിങ്ങളുടെ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടാതിരിക്കാൻ സഹായിക്കും. ഫോബിയകളുമായി നിരന്തരം സമ്പർക്കമുണ്ടാവുന്നതും ജനിതക കാരണങ്ങളും ഇതിനു കാരണങ്ങളാവുമെന്നാണ് കരുതുന്നത്.
കേട്ടിട്ടില്ലേ…’അവൻ അല്ലെങ്കിലും ഒരു മുൻകോപിയാണ്’.അക്രമാസക്തനായ ഒരുവനെപ്പറ്റി സ്വന്തം മാതാപിതാക്കൾ പോലും പറയുന്നതാണിത്.അനിയന്ത്രിതമായ കോപത്തിന്റെ പൊട്ടിത്തെറിയാണ് ഇത്.ഇതിന് പാരമ്പര്യം ഉൾപ്പടെ പല ഘടകങ്ങളും കാരണമായി ഉണ്ടാകാം.മദ്യം, മയക്കുമരുന്ന്, രക്തസമ്മർദ്ദം..അങ്ങനെ പലതും.പക്ഷെ അയാൾ അല്ലെങ്കിൽ അവൾ ഏതെങ്കിലും ഒരു ഫോബിയയ്ക്ക് അടിമയാണ് എന്നതാണ് ഇവിടെ വാസ്തവം.
വീട്ടിൽത്തന്നെ സ്വീകരിക്കാവുന്ന ചില മാർഗ്ഗങ്ങൾ
 നല്ല രീതിയിൽ പ്രാർത്ഥനയുള്ള/ഈശ്വര ഭയമുള്ള വീട്ടിൽ ഇതൊക്കെ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായിരിക്കും.അതെ പലപ്പോഴും പ്രാർത്ഥന നല്ലൊരു മരുന്നാണ്.മനസ്സിനെ സംഘർഷങ്ങളുടെ ചുഴിയിൽ നിന്നും രക്ഷിച്ചുനിർത്താൻ പ്രാർത്ഥനയ്ക്ക് കഴിയും.
ദുർബലമായ വ്യക്തിത്വത്തിന്റെയും മാനസിക പിരിമുറുക്കത്തിന്റെയും ബഹിർസ്ഫുരണമാണ് കോപം.ഒരു വികാരജീവിയായി ക്ഷിപ്രകോപത്തിന് അടിമപ്പെടാതെ സ്വയം നിയന്ത്രിക്കാൻ കഴിയുന്നവർ ജീവിതവിജയം നേടും.വികാരത്തിന് അടിമപ്പെടുന്നവർ തലതിരിഞ്ഞു നിൽക്കുന്നവരെപ്പോലെയാണ്.എല്ലാം തലതിരിഞ്ഞു മാത്രമേ കാണുകയുള്ളൂ.
ശത്രുക്കളെ സ്നേഹിക്കുക,നിങ്ങളെ വെറുക്കുന്നവർക്ക് നിങ്ങൾ നൻമ ചെയ്യുക,നിങ്ങളെ ശപിക്കുന്നവരെ നിങ്ങൾ അനുഗ്രഹിക്കുക.നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കുക.ഒരിക്കലും പ്രാർത്ഥനയുടെ ശക്തിയെ അവശ്വസിക്കയുമരുത്.
പ്രാർത്ഥന പോലെ മറ്റൊന്നാണ് ചിരി. ശരീരത്തിന്റെ ഹാനികരമായ സംഘർഷങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിക്കാൻ ചിരിപ്രയോഗം വളരെ ഫലപ്രദമാണ്.നല്ല വ്യായാമം,നല്ല ഭക്ഷണം,നല്ല പുസ്തകം,നല്ല മനോഭാവം പ്രാർത്ഥന…ഇവ നമ്മളെ സമ്പന്നരാക്കും.
 സ്നേഹമാണ് അഖിലസാര മൂഴിയിൽ.. സ്നേഹമില്ലായെങ്കിൽ നമ്മൾ നമ്മൾ ഏതുമില്ല എന്നോർക്കണം (without love we are nothing).പരസ്പരം സ്നേഹിച്ചും സഹിച്ചും ക്ഷമിച്ചും പങ്ക് വച്ചും ചേർത്തുപിടിച്ചും നീളേണ്ട ഒരു യാത്രയാണ് ജീവിതം.സ്നേഹവും സമാധാനവും പ്രാർത്ഥനയുമുള്ള കുടുംബങ്ങളിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ല എന്നുമോർക്കുക.ഒരു വാക്കു കേട്ട് കുപിതനാകാൻ തക്കവണ്ണം നമ്മൾ നിസ്സാരരാകരുത്.കോപിക്കാൻ എല്ലാവർക്കും കഴിയും.എന്നാൽ ക്ഷമിക്കാൻ ചിലർക്കേ കഴിയുവെന്നതും മറക്കാതിരിക്കുക.പ്രാർത്ഥന, ചിരി,.. ഇത് ജീവിതത്തെ മാറ്റിമറിക്കുക തന്നെ ചെയ്യും, ആത്മാർത്ഥമായി ശ്രമിച്ചാൽ !

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: