ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ചൈനീസ് പതാക ഉയർത്തിയ ചിത്രം ചൈന പുറത്തുവിട്ടതിന് പിന്നാലെ അതിന് മറുപടിയായി ഗാൽവൻ താഴ്വരയിൽ ദേശീയ പതാക ഉയർത്തി ഇന്ത്യൻ സൈന്യം. ഇന്ത്യയും ചൈനയും തമ്മിൽ 2020 മേയ് മുതൽ സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് ഗാൽവൻ.
അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങളുടെ പേരുമാറ്റുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചൈനയുടെ ഭാഗത്തുനിന്ന് പുതിയ പ്രകോപനമുണ്ടായത്.ഇതിനുള്ള മറുപടിയായിരുന്നു ഇന്ത്യൻ സേനയുടെ ദേശീയ പതാക ഉയർത്തൽ.
ഇതിനിടെ, ഗാൽവനിലെ പാംഗോങ് തടാകത്തിനു കുറുകെ ചൈന പാലം പണിയുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നു. ചൈനീസ് ഭൂഭാഗത്തുവരുന്ന ഇടുങ്ങിയ ഭാഗത്താണ് പാലം പണിയുന്നത്. പാലം പൂർത്തിയായാൽ ചൈനീസ് പട്ടാളത്തിന് ആയുധങ്ങളും വെടിക്കോപ്പുകളും വേഗം അക്കരയിക്കരെ എത്തിക്കാം. മാത്രമല്ല, ഇന്ത്യയുമായി സംഘർഷമുള്ള പ്രദേശങ്ങളിലേക്കുള്ള സൈനികനീക്കവും എളുപ്പമാകും.