സുഗന്ധം ഇഷ്ടപ്പെടാത്തവർ ആരാണ് ഉള്ളത്.നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഇന്ന് വിവിധതരത്തിലുള്ള സുഗന്ധങ്ങൾ.പക്ഷെ ഇതൊരു അഡാർ ഐറ്റമാണ്. മൺസൂണിന്റെ ആദ്യമഴ വരണ്ടുണങ്ങിയ നിലത്ത് പെയ്തിറങ്ങുമ്പോൾ അന്തരീക്ഷത്തിൽ തുളച്ചുകയറുന്ന പുതുമയുള്ളതുമായ ഭൂമിയുടെ ഗന്ധം.. ഇത് ഒരു അത്തർ സുഗന്ധമായി ലേപനം ചെയ്യാൻ ഇഷ്ടമാണോ.. ഇന്ത്യയിലെ ഉത്തർപ്രദേശിലെ ഒരു ചെറിയ പട്ടണമായ കനൗജിൽ മാത്രം ലഭ്യമാകുന്ന ഒന്നാണ് ഈ അത്തർ. കനൗജിന്റെ ഏറ്റവും ശ്രദ്ധേയമായ ഉൽപ്പന്നം മിട്ടി അത്തർ അഥവാ “ഭൂമിയുടെ സുഗന്ധം” ആണ് ഇത്.
മഴ പോലെ മണക്കുന്ന ഈ അത്ഭുതകരമായ അത്തർ സുഗന്ധത്തിന്റെ പിന്നിലെ രസതന്ത്രം ഗവേഷകർ മനസ്സിലാക്കാൻ തുടങ്ങിയിട്ടേയുള്ളൂ.
ഇന്ത്യയുടെ പെര്‍ഫ്യൂം തലസ്ഥാനം എന്നറിയപ്പെടുന്ന കനൗജ് ഒരിക്കല്‍ കന്യാകുബ്ജ എന്നും മഹോദ്യ എന്നുമൊക്കെ അറിയപ്പെട്ടിരുന്നു. കനൗജ് സഞ്ചാരികള്‍ക്കിടയില്‍ അത്ര പോപ്പുലര്‍ അല്ലാത്ത ടൂറിസ്റ്റ് കേന്ദ്രമാണ്. ഉത്തര്‍പ്രദേശിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മഹാഭാരത കാലഘട്ടവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഈ പ്രദേശം ചരിത്രപ്രാധാന്യമുള്ള ഇടം കൂടിയാണ്. ആഗ്ര, ലഖ്‌നൗ നഗരങ്ങൾക്കിടയിൽ ഗംഗാ നദിയുടെ തീരത്താണ് കനൗജ് സ്ഥിതി ചെയ്യുന്നത്. ഏഴാം നൂറ്റാണ്ടിൽ ഉത്തരേന്ത്യ ഭരിച്ചിരുന്ന ഹർഷവർദ്ധനന്റെ കാലം മുതൽ ഈ പുരാതന നഗരം സുഗന്ധദ്രവ്യ വ്യവസായത്തിന്റെ കേന്ദ്രമാണ്. ഏകദേശം 300 വർഷത്തോളം ഇന്ത്യ ഭരിച്ച മുഗൾ ചക്രവർത്തിമാർക്കിടയിൽ കനൗജിന്റെ സുഗന്ധദ്രവ്യങ്ങൾ പ്രസിദ്ധമായിരുന്നു. ഏകദേശം 1,300 വർഷങ്ങൾക്ക് ശേഷം, കനൗജിലെ 1.5 ദശലക്ഷം നിവാസികളിൽ പകുതിയോളം ഇപ്പോഴും പരമ്പരാഗത രീതികൾ ഉപയോഗിച്ച് സുഗന്ധ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നു.
ഓരോ ദിവസവും രാവിലെ പ്രാദേശിക കർഷകർ റോസ്, ജാസ്മിൻ, , താമര, ഇഞ്ചി ലില്ലി, ഗാർഡനിയ തുടങ്ങി ഡസൻ കണക്കിന് പൂക്കൾ തിരഞ്ഞെടുത്ത് നഗരത്തിലെ ഇരുനൂറിലധികം പെർഫ്യൂം ഡിസ്റ്റിലറികളിൽ എത്തിക്കുന്നു. പൂക്കൾ വെള്ളത്തിൽ കലർത്തി ഡെഗ്സ് എന്നറിയപ്പെടുന്ന വലിയ ചെമ്പ് പാത്രങ്ങളിൽ ചൂടാക്കുന്നു . മിട്ടി അത്തറിന്റെ നിർമാണ പ്രക്രിയയിൽ പുഷ്പദളങ്ങൾക്ക് പകരം ദെഗ്സ് എന്ന ഉണക്കിയ ഇഷ്ടികകൾ നിറഞ്ഞിരിക്കുന്നു. ആവിയിൽ വേവിക്കാൻ ആറ് മുതൽ ഏഴ് മണിക്കൂർ വരെ ഇതിന് സമയമെടുക്കും.
സുഗന്ധമുള്ള നീരാവി മുള പൈപ്പുകൾ വഴി ചന്ദന എണ്ണ അടങ്ങിയ ഒരു പാത്രത്തിലേക്ക് പിന്നീട് ഇത് മാറ്റുന്നു, അത് അത്തറിന്റെ അല്ലെങ്കിൽ പെർഫ്യൂമിന്റെ അടിസ്ഥാനമായി വർത്തിക്കുന്നു . പെർഫ്യൂം പിന്നീട് ഒട്ടകത്തോൽ കുപ്പികളിലേക്ക് മാറ്റുകയും അതിന്റെ സുഷിരങ്ങൾ വഴി അധിക ജലം ബാഷ്പീകരിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.ഇതോടെ സുഗന്ധവും എണ്ണയും മാത്രം കുപ്പികളിൽ ശേഖരിക്കപ്പെടുന്നു.
എന്നാൽ ഇന്ന് ഈ സുഗന്ധ പാരമ്പര്യം നിലനിർത്താൻ കനൗജ് അനേകം വെല്ലുവിളികൾ നേരിടുന്നുണ്ട് പുതു തലമുറ കൃത്രിമ സുഗന്ധദ്രവ്യങ്ങളും ഡിയോഡറന്റുകളും കൂടുതൽ ഇഷ്ടപ്പെടുന്നതാണ് കാരണം. ഒരു നല്ല ഡിയോഡറന്റിന് അത്തറിൻ്റെ സുഗന്ധം നൽകാൻ കഴിയും. ഉദാഹരണത്തിന്, റൂഹ് ഗുലാബിന്റെ (റോസ് അത്തർ) 100 മില്ലി കുപ്പിയുടെ വില 1,000 രൂപ-ഏകദേശം $14, എന്നാൽ നിങ്ങൾക്ക് സിന്തറ്റിക് റോസ് സുഗന്ധം 100 രൂപയിൽ താഴെയോ $1.50-ൽ താഴെയോ ലഭിക്കും. അപ്പോൾ എന്തിനാണ് അത്തറിനായി ഇത്രയധികം പണം ചെലവഴിക്കുന്നത് എന്ന ചിന്തയാണ് ഇതിന് പിന്നിൽ.
അസംസ്കൃത വസ്തുക്കളുടെ വില, പ്രത്യേകിച്ച് ചന്ദന എണ്ണ, പ്രാദേശികമായി ഉത്പാദിപ്പിക്കാത്തതും നിർമ്മാതാക്കളുടെ ആശങ്കയ്ക്ക് കാരണമാകുന്നു. പൂക്കളുടെ നിലവാരമില്ലായ്മയാണ് മറ്റൊരു പ്രശ്നം. . നിർമ്മാണ പ്രക്രിയയിൽ കനൗജിലെ പെർഫ്യൂമറുകൾ ആധുനിക യന്ത്രങ്ങൾ ഉപയോഗിക്കുന്നില്ല. പല സുഗന്ധ നിർമ്മാതാക്കളും പരമ്പരാഗത രീതികളിൽ തന്നെയാണ് ഇപ്പോഴും നിർമ്മാണം നടത്തുന്നത്. ചില നിർമ്മാതാക്കൾ പരമ്പരാഗത രീതികൾക്ക് പകരം ചെമ്പ് വാറ്റുകൾക്ക് പകരം സ്റ്റീൽ സിലിണ്ടറുകൾ പോലുള്ള പുതിയ മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ട്.ലോകവിപണിയിൽ ഒരു സുഗന്ധം നിലനിൽക്കാൻ, ഗുണനിലവാര മാനദണ്ഡങ്ങൾ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഉൽപ്പന്നങ്ങളുടെ മൂന്നിൽ രണ്ട് ഭാഗവും അമേരിക്ക, യൂറോപ്പ്, ചൈന, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ വിൽക്കുന്നു.
അതെ, അനേകം വെല്ലുവിളികളെ അതിജീവിച്ചും കനൗജ് പാരമ്പര്യ തനിമയോടെ ഇന്നും ലോകത്തെങ്ങും സുഗന്ധം പരത്താൻ ശ്രമിക്കുകയാണ്.