NEWS

അവർ ക്രിമിനലുകളല്ലെന്നും ലഹരിക്കടിമപ്പെട്ടു ചെയ്തതാണെന്നും കിറ്റെക്സ് എം.ഡി സാബു ജേക്കബ്; അക്രമം യാദൃച്ഛികമെന്നും കുറ്റക്കാരെ താൻപൊലീസിനു കൈമാറാമെന്നും സാബു

ക്യാമ്പിൽ 1,100 പേരെങ്കിലും താമസിക്കുന്നുണ്ട്. ഇതിൽ മൂന്നു ക്വാർട്ടേഴ്സുകളിലെ മുഴുവൻ ഇതര സംസ്ഥാനക്കാരെയും പൊലീസ് പിടികൂടി കൊണ്ടുപോയി. പരമാവധി 50 പേരാണ് കുറ്റക്കാർ. ഇവർക്ക് എല്ലാവർക്കും ഒരേ മുഖമായതിനാലും ഭാഷ അറിയാത്തതുകൊണ്ടും പൊലീസിനു തിരിച്ചറിയാനാവില്ല. അതുകൊണ്ടുതന്നെ സൂപ്പർവൈസർമാരുടെ സഹായത്തോടെ ക്യാമറ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസിനു കൈമാറും

കൊച്ചി: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ചവരെ ക്യാമറ പരിശോധിച്ചു കണ്ടെത്തി പൊലീസിനു കൈമാറുമെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. സംഭവത്തിനു ശേഷം പൊലീസിനു പിടികൊടുക്കാതെ ഒളിച്ചുകഴിഞ്ഞ ഒരാളെ കണ്ടെത്തി പൊലീസിനു കൈമാറിയിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് കുറ്റം ആരോപിച്ച് 155 പേരെ പിടികൂടി കൊണ്ടുപോയിട്ടുണ്ട്.
ഇവർക്ക് എല്ലാവർക്കും സംഭവത്തിൽ പങ്കില്ല. പരമാവധി 50 പേരാണ് കുറ്റക്കാർ. ഇവർക്ക് എല്ലാവർക്കും ഒരേ മുഖമായതിനാലും ഭാഷ അറിയാത്തതുകൊണ്ടും പൊലീസിനു തിരിച്ചറിയാനാവില്ല. അതുകൊണ്ടുതന്നെ സൂപ്പർവൈസർമാരുടെ സഹായത്തോടെ ക്യാമറ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസിനു കൈമാറും.
തികച്ചും അപ്രതീക്ഷിതമായ സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നാഗാലാൻഡ്, മണിപ്പുർ ഭാഗത്തു നിന്നുള്ള തൊഴിലാളികളാണ് അക്രമങ്ങൾക്കു പിന്നിൽ.
ക്രിസ്മസ് കാരളുമായി ബന്ധപ്പെട്ട് ഓരോ മുറികളിലും പോയി മുട്ടി, പാട്ടകൊട്ടി ആഘോഷം നടത്തിയപ്പോൾ മറ്റു തൊഴിലാളികൾ എതിർത്തു. അവർ ഉറങ്ങണം എന്ന് പറഞ്ഞു. ഇതോടെ രണ്ടു ചേരിയായി തിരിഞ്ഞാണ് പ്രശ്നം തുടങ്ങിയത്.
നിയന്ത്രിക്കാൻ ഒന്നോ രണ്ടോ സെക്യൂരിറ്റിക്കാരാണ് ഉണ്ടായിരുന്നത്. സെക്യൂരിറ്റിക്കാരോ സൂപ്പർവൈസർമാരോ പറഞ്ഞിട്ട് ഇവർ കേട്ടില്ല. അതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. അക്രമം നടത്തിയവർ അമിതമായി ലഹരി ഉപയോഗിച്ചതായാണ് മനസ്സിലാകുന്നത്. എന്തോ ഡ്രഗ്സാണ് ഉപയോഗിച്ചിരിക്കുന്നത്.

Signature-ad

ഈ ക്യാമ്പിൽ 1,100 പേരെങ്കിലും താമസിക്കുന്നുണ്ട്. ഇതിൽ മൂന്നു ക്വാർട്ടേഴ്സുകളിലെ മുഴുവൻ ഇതര സംസ്ഥാനക്കാരെയും പൊലീസ് പിടികൂടി കൊണ്ടുപോയി. ഇവരിൽ അധികം പേരും ബഹളം കേട്ട് പുറത്തിറങ്ങി കാഴ്ചക്കാരായി നിന്നവരാണ്. എവിടെനിന്നാണ് തൊഴിലാളികൾക്ക് ലഹരി കിട്ടിയത് എന്നാണ് പരിശോധിക്കുന്നത്.

ഇവർ ക്രിമിനലുകളോ ക്രിമിനൽ സ്വഭാവമുള്ളവരോ അല്ല. ലഹരി ഉപയോഗിച്ചതുകൊണ്ടു മാത്രമാണ് ഇതുണ്ടായത്. കഴിഞ്ഞ ഒന്നര വർഷമായി ക്വാർട്ടേഴ്സിൽനിന്നു പുറത്തു പോകാത്തവരാണ് പലരും. അതുകൊണ്ടുതന്നെ എങ്ങനെ ലഹരി എത്തി എന്ന് മനസ്സിലാക്കണം.

കിഴക്കമ്പലത്ത് പോലീസിന് നേരെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക്. നിലവില്‍ പ്രദേശത്ത് സമാധാന അന്തരീക്ഷമാണുള്ളതെന്നും എസ് പി പറഞ്ഞു.
പോലീസിനെ ആക്രമിക്കുന്ന സംഭവം ഒരിക്കലും നീതീകരിക്കാന്‍ കഴിയില്ലെന് കുന്നത്തുനാട് എംഎല്‍എ, പി വി ശ്രീനിജൻ. തൊഴിലാളികള്‍ ക്യാമ്പില്‍ മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെ ഉപോഗിക്കുന്നുണ്ടെന്നാണ് വിവരമെന്നും എംഎല്‍എ വ്യക്തമാക്കി.

ഇന്നലെ രാത്രിയോടെയാണ് കിറ്റെക്സിലെ അഞ്ഞൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കിയത്. അക്രമികള്‍ രണ്ട് പൊലീസ് ജീപ്പുകള്‍ കത്തിച്ചു. ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ആക്രമണത്തിൽ മാരകായുധങ്ങൾ ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്നും ഡിഐജി നീരജ് ഗുപ്ത അറിയിച്ചു.

Back to top button
error: