കെ – റെയിലിനെ എതിർക്കാൻ വേണ്ടി ജനങ്ങളെ ഭയപ്പെടുത്തുവാൻ മാധ്യമങ്ങളും മേധ പട്കറും പരിഷത്തും പരിസ്ഥിതിക്കാരും ഉന്നയിക്കുന്ന ഓരോ വാദങ്ങളും പരിശോധിച്ചാൽ എത്ര അബദ്ധജഡിലമാണെന്ന് നമുക്ക് മനസ്സിലാകും.നമ്മുടെ മാധ്യമങ്ങൾ എന്തുകൊണ്ടാണ് അവരോട് അവർ പറയുന്നതിലെ പൊള്ളത്തരങ്ങളെ പറ്റി ചോദിക്കാത്തത്?
മില്യൻ ഡോളർ വാദങ്ങൾ ചിലത് ഇതാണ്
1. “ആർക്കാണ് കാസർഗോഡ് നിന്ന് ഇത്ര വേഗത്തിൽ തിരുവനന്തപുരത്ത് എത്തേണ്ടത്?”
ഇവരുടെ ലോജിക്ക് പ്രകാരം ജമ്മുതാവി – കന്യാകുമാരി എക്സ്പ്രസ് എന്ന് പറഞ്ഞാൽ കന്യാകുമാരിക്കാർക്ക് ജമ്മുവിൽ എത്താനുള്ള ട്രെയിനാണ്. K -റെയിലിന് 11 സ്റ്റോപ്പുണ്ട് അതിൽ കാസർഗോട്ട് കാർക്ക് തിരുവനന്തപുരം വരാൻ മാത്രമല്ല കണ്ണൂരുകാർക്ക് തിരൂര് പോവാനും കോഴിക്കോട്ടുകാരന് തൃശൂര് പോവാനും എറണാകുളംകാരന് കൊല്ലത്തു പോവാനും ഒക്കെ പറ്റും.
2 “. ഇന്ത്യയിലെ സാമ്പത്തികമായി ഉന്നതിയിലുള്ള സംസ്ഥാനങ്ങൾ പോലും ഭീമമായ അതിവേഗ റെയിലിനെ പറ്റി ആലോചിക്കുന്നില്ല. കേരളം പോലെ വലിയ വ്യവസായമൊന്നും ഇല്ലാത്ത സംസ്ഥാനം ഉത്സാഹം കാണിക്കുന്നതിന് പിന്നിൽ ദുരൂഹത. “
തെറ്റായ വാദം ഇന്ത്യയിൽ 18 – ഓളം അതിവേഗ റെയിൽ പദ്ധതികൾ വിവിധ ഘട്ടങ്ങളിലാണ്. അടുത്ത 10 കൊല്ലത്തിനുള്ളിൽ തന്നെ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ച് അതിവേഗ റെയിൽവരുമെന്നാണ് കണക്കുകൂട്ടുന്നത്.
3. ഏറ്റവും ഭയപ്പെടുത്തുന്ന വാദം നമ്മൾ മാത്രം സ്റ്റാൻഡേഡ് ഗേജ് ഉപയോഗിക്കുന്നു. രാജ്യത്തെ റെയിൽ സംവിധാനം ബ്രോഡ്ഗേജ്. നമ്മുടെ K -റെയിലിനെ രാജ്യത്തെ മറ്റു പാതകളുമായി കണക്ട് ചെയ്യാൻ പറ്റില്ല.
യാഥാർത്ഥ്യം – ഇന്ത്യയിൽ നിലവിൽ വിവിധ ഘട്ടങ്ങളിലുള്ള മുഴുവൻ അതിവേഗ പാതകളും വരുന്നത് സ്റ്റാന്റേഡ് ഗേജിൽ. ബ്രോഡ്ഗേജിൽ ചെയ്യാൻ പോയാൽ നമ്മൾ ഉണ്ടാക്കാൻ പോകുന്ന അതിവേഗ റെയിൽ രാജ്യത്തെ മറ്റ് അതിവേഗ റെയിലുമായി കണക്ട് ചെയ്യാനൊക്കില്ല.
4. “നിലവിലെ പാത ഡബിളിംഗ് ചെയ്ത് വേഗത വർധിപ്പിക്കണം. “
നിലവിലെ പാതകളിൽ 600 ഓളം കൊടുംവളവുകളാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഉള്ളത്. അതായത് ശരാശരി ഒരു കിലോമീറ്ററിൽ ഒരു വളവ്. എറണാകുളം പട്ടാമ്പി റൂട്ടിലൊക്കെ അനുവദിക്കപ്പെട്ട പരമാവതി വേഗത തന്നെ 90 Km/hr ഓ മറ്റോ ആണ്. 44 km/hr ഓ മറ്റോ ആണ് നിലവിലെ കേരളത്തിലെ ശരാശരി വേഗത.
5. ഇത്രയും ചിലവുള്ള റെയിലിന് പകരം നഗരങ്ങളുമായി കണക്ട് ചെയ്ത് വിമാന സർവീസുകൾ തുടങ്ങണം.
500-600 കിലോമീറ്റർ യാത്രക്ക് ഏറ്റവും അനുയോജ്യം ഹൈ സ്പീഡ് ട്രെയിനാണ്. ഓരോ മണിക്കൂർ വീതം ചെക്കിൻ ചെക്ക് ഔട്ട് സമയം പോകും വിമാനത്തിൽ. മാത്രമല്ല വിമാനം കോസ്റ്റ്ലി ആണ്. വിമാനം വലിയ തോതിൽ കാർബൺ എമിഷൻ ഉണ്ടാക്കുന്നു. എന്നാൽ ട്രെയിൻ ഉണ്ടാക്കുന്നില്ല.
6. വലിയ തോതിൽ കുടിയൊഴിപ്പിക്കൽ നടക്കും.
നിലവിൽ ദേശീയ പാതക്ക് വേണ്ടിയുള്ള കുടിയൊഴിപ്പിക്കൽ നോക്കിയാൽ വളരെ നിസാരമാണ് K- റെയിലിനു വേണ്ടിയുള്ളത്. കൃത്യമായ കോമ്പൻസേഷൻ കൊടുത്ത് മാത്രമേ ചെയ്യുകയുള്ളൂ. ദേശീയ പാതക്ക് വേണ്ടി വളരെ സ്മൂത്തായി സ്ഥലം എടുത്തത് നാട് കണ്ടതാണ്
7. മഹാപ്രളയങ്ങളുണ്ടാവും.
ഇപ്പോൾ ഇല്ലാത്തത്തുപോലെ !?
8. ഇത്രയധികം കോടി കടമെടുത്ത് ഇത് ചെയ്യേണ്ട ആവശ്യമെന്താണ്?
5 കൊല്ലം കഴിയുമ്പോൾ ഇതേ ആൾക്കാര് തന്നെ തിരിച്ചു ചോദിക്കും ഇന്ത്യയിൽ മറ്റിടങ്ങളിലെല്ലാം ഹൈ സ്പീഡ് റെയിൽ ഉള്ളപ്പോൾ ഇവിടെ മാത്രം ഇഴയുന്നു എന്ന് . ഒരു കാര്യം മനസിലാക്കുക നാടോടുമ്പോൾ നടുവേ ഓടിയേ പറ്റൂ. രാജ്യത്ത് മൊത്തത്തിൽ ഒരു രംഗത്ത് മുന്നേറ്റമുണ്ടാവുമ്പോൾ നമുക്ക് മാത്രം മാറി നിന്നാൽ നമ്മളെ അത് വലിയ തോതിൽ ബാധിക്കും. നമുക്ക് കിട്ടേണ്ട നിക്ഷേപങ്ങൾ കിട്ടാതെ വരും. ലോജിസ്റ്റിക്സിന് സൗകര്യങ്ങളുള്ളിടത്തേ ബിസിനസും നിക്ഷേപവും വരൂ. അവസാനം ഗതികെട്ട് നമുക്കിത് ചെയ്യേണ്ടിവരും. ആ സമയത്ത് ഇപ്പൊ ചിലവാക്കുന്നതിന്റെ 10 മടങ്ങ് ചിലവു വരും. അതുവരെ ലഭിക്കേണ്ടിയിരുന്ന പുരോഗതിയും വികസനവും സാമ്പത്തിക അഭിവൃദ്ധിയും നഷ്ടപ്പെടും. ദേശീയ പാത വികസനത്തിൽ നമ്മൾ അത് അനുഭവിച്ചവരാണ്. പണ്ടായിരുന്നെങ്കിൽ കേന്ദ്രം പൂർണ്ണമായി ചെയ്യേണ്ട ദേശീയ പാത വികസനത്തിന് നമ്മൾ ഇന്ന് 6000 കോടി മുടക്കുന്നു.
9. വേഗതയുള്ള ജീവിതമല്ല നമുക്ക് വേണ്ടത് – മേധ പട്കർ.
പക്ഷെ മേധ പട്കർവന്നത് വിമാനത്തിലാണ്. എപ്പോഴെങ്കിലും നമ്മുടെ മാധ്യമങ്ങൾ ഇവരോടൊക്കെ ചോദിക്കുമോ 6 ഹൈസ്പീഡ് റെയിൽ കോറിഡോർ വരുന്ന സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിൽ സമരം ചെയ്യാതെ നിങ്ങൾ എന്തിന് ഇവിടെ വരുന്നു എന്ന്? ആരാണ് ഇവർക്ക് ഇവിടെ വരാൻ കാശുമുടക്കുന്നത് എന്ന്? കേരളത്തിലെ ഓരോ വികസന പദ്ധതിക്കുമെതിരെ സമരം ചെയ്യാനും സുപ്രീം കോടതി വരെ കോടികൾ മുടക്കി കേസ് നടത്താനും ഒക്കെ പണം എവിടെ നിന്ന് കിട്ടുന്നുവെന്ന്??
മറ്റൊന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ ഭാര്യയെ ഇതിന്റെ എംഡിയായി നിയമിച്ചുവെന്നത്.സംഭവം ശരിയാണ്.31 വർഷമായി റെയിൽവേയിൽ ഉദ്യോഗസ്ഥയായ അവരെ നിയമിച്ചത് പക്ഷെ ബിജെപി സർക്കാർ ആണെന്നു മാത്രം.കേന്ദ്ര-സംസ്ഥാന പദ്ധതിയാണ് കെ-റയിൽ.അല്ലാതെ കേരളത്തിലെ റയിൽവെ കേരളത്തിന്റെ സ്വന്തമല്ല.
പിൻകുറിപ്പ്: ബ്രിട്ടീഷുകാർക്ക് ശേഷം
കേരളത്തിൽ റയിൽവെ വികസനം നടന്നപ്പോൾ ഉണ്ടായ പുകില് പഴമക്കാരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും.