വടക്കഞ്ചേരി:മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 55 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നീല പട്ടുസാരിയും ബ്ലൗസുമാണ് വേഷം.മൃതദേഹത്തിനു 3 ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.ഇന്നലെ ഉച്ചയോടെയാണ് ക്ഷേത്രം ജീവനക്കാർ കുളത്തിൽ പായലുകൾക്കുള്ളിൽ മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്.
വടക്കഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ മഹേന്ദ്രസിംഹന്റെ നേതൃത്വത്തിൽ പൊലീസെത്തി നടപടികൾ സ്വീകരിച്ചു. വടക്കഞ്ചേരി ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്കുകയറ്റി.പിന്നീട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശരീരത്തിൽ പരുക്കുകളേറ്റ ലക്ഷണമുണ്ട്. തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
മംഗലം–ഗോവിന്ദാപുരം സംസ്ഥാന പാതയിലാണ് മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രം.