അങ്ങനെ ജാക്കിയും സ്കൂളിൽ ചേർന്നു…!
രണ്ടാം ക്ലാസുകാരനായ ഹർഷരാജിന്റെ വളർത്തുനായയാണ് ജാക്കി. രാവിലെ ഹർഷ രാജിനെ പിന്തുടർന്ന് നായ സ്കൂളിൽ എത്തി. ആദ്യം പരിഭ്രമത്തിൽ ഒന്ന് നിന്നു. പിന്നെ നേരെ ക്ലാസിൽ കയറി ഹർഷരാജിന്റെ തൊട്ടടുത്ത് തറയിൽ ഇരിപ്പുറപ്പിച്ചു. മറ്റു കുട്ടികളും ടീച്ചറും ആദ്യമൊന്നു ഭയന്നെങ്കിലും ജാക്കി അനുസരണയുള്ള കുട്ടിയേപ്പോലെ യാതൊരു ബഹളവും ഇല്ലാതെ അടങ്ങി ഒതുങ്ങി ക്ലാസ്സിൽ ഇരുന്നു; സ്കൂൾ വിടുവോളം.
‘എൽദോ നിന്നെയും സിൽമേലെടുത്തടാ..’ എന്നു പറഞ്ഞതുപോലെയല്ല ഇത്.
ജാക്കി എന്ന നായ ഇന്നു സ്കൂൾ തുറന്നപ്പോൾ ക്ലാസ്സിലെത്തുകയും കൃത്യമായി ടീച്ചറിനെ ശ്രദ്ധിക്കുകയും അനുസരിക്കുകയും അലമ്പുണ്ടാക്കാതിരിക്കയും ചെയ്ത സംഭവമാണിത്.
കാസർകോട് ജില്ലയിലെ പെരിയ ആയംപാറ സ്കൂളിലാണ് കൗതുകകരായ ഈ രംഗം അരങ്ങേറിയത്.
സ്കൂളിലെ രണ്ടാം ക്ലാസുകാരൻ ഹർഷരാജിന്റെ വളർത്തുനായ ജാക്കിയാണ് കൂട്ടുകാരനെ ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയാതെ സ്കൂളിലെത്തി ക്ലാസ് അറ്റൻഡ് ചെയ്തത്.
രാവിലെ ഹർഷരാജ് സ്കൂളിൽ പോകാൻ ഒരുങ്ങുമ്പോഴേ ജാക്കി ബഹളം തുടങ്ങിയിരുന്നു. ബാഗുമെടുത്ത് ഹർഷരാജ് വീടിന് പുറത്തിറങ്ങിയപ്പോഴേക്കും അവൻ ചങ്ങല കടിച്ചു പൊട്ടിക്കാൻ തുടങ്ങി. ഇതുകണ്ട വീട്ടുകാർ ജാക്കിയേയും തുറന്നു വിടുകയായിരുന്നു.അവർ കരുതി റോഡ് വരെ ഹർഷരാജിനെ അനുഗമിച്ചിട്ട് ജാക്കി പെട്ടെന്നു തന്നെ തിരിച്ചുവരുമെന്ന്.
പക്ഷെ ജാക്കി ഹർഷരാജിനെ പിന്തുടർന്ന് സ്കൂൾ ഗേറ്റ് വരെ എത്തി, ആദ്യമായി സ്കൂളിൽ ചേരാനെത്തിയവന്റെ പരിഭ്രമത്തിൽ അൽപനേരം ഒന്ന് നിന്നു. പിന്നെ നേരെ അകത്തു കയറി ഹർഷരാജിന്റെ ക്ലാസ്സ് കണ്ടുപിടിച്ച് അവന്റെ തൊട്ടടുത്ത് തറയിൽ ഇരിപ്പുറപ്പിച്ചു. മറ്റു കുട്ടികളും ടീച്ചറും ആദ്യമൊന്നു ഭയന്നെങ്കിലും ജാക്കി അനുസരണയുള്ള കുട്ടിയേപ്പോലെ യാതൊരു ബഹളവും ഇല്ലാതെ അടങ്ങി ഒതുങ്ങി ക്ലാസ്സിൽ ഇരുന്നു;സ്കൂൾ വിടുവോളം.
വിവരം അറിഞ്ഞ് നാട്ടുകാരും മറ്റു കുട്ടികളുടെ രക്ഷിതാക്കളുമൊക്കെ ഈ കാഴ്ച കാണാൻ ക്ലാസ്സിന് പുറത്തെത്തി എത്തിനോക്കിയങ്കിലും
അതൊന്നും ശ്രദ്ധിക്കാതെ ടീച്ചറുമാർ പറയുന്നതും ശ്രദ്ധിച്ച് ജാക്കി ഹർഷരാജിനു സമീപംതന്നെ ഇരുന്നു; യൂണിഫോമും പുസ്തകവുമൊന്നും ഇല്ലാതെ!
അതെ, ജാക്കിയുമിന്ന് നേരിട്ട് രണ്ടാം ക്ലാസ്സിൽ ‘പ്രവേശനോത്സവം’നടത്തി ആയംപാറ സ്കൂളിലെ ഒരു വിദ്യാർഥിയായി മാറി…!