NEWS

ലോഹിയുടെ തുലികയിൽ പിറന്ന അനശ്വരരായ അച്ഛന്മാർ- ജിതേഷ് മംഗലത്ത്

‘അമ്മക്കുട്ടി’യായി കാണപ്പെടുമ്പോഴും അച്ഛന്റെ മകനാകുന്ന സേതു ലോഹിയുടെ പിതൃ-പുത്ര സങ്കൽപ്പങ്ങളുടെ നേർക്കാഴ്ച്ചയാണ്.

“ഞാൻ മരിച്ചു പോയാൽ എന്റെ അച്ഛനോടു നീ പറയണം ലോകത്ത് ഞാനിത്ര മാത്രം മറ്റൊരാളേയും സ്നേഹിച്ചിട്ടില്ലെന്ന്. എല്ലാ മോഹങ്ങളും ഞാൻ തകർത്തു. മാപ്പ് പറഞ്ഞൂന്നു പറയണം…“

സേതു സുഹൃത്തിനോട് ഇങ്ങനെ പറയുന്നുണ്ട്. ആദ്യമായും, ആത്യന്തികമായും അയാൾ അച്ഛന്റെ പിന്തുടർച്ച തന്നെയായിരുന്നു

ലോഹിയുടെ തൂലികയിൽ പിറന്ന അച്ഛന്മാർ അനശ്വരരാണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്. പിതൃബിംബകൽപ്പനയിൽ അസൂയാവഹമായ കയ്യടക്കമായിരുന്നു ലോഹിതദാസിനുണ്ടായിരുന്നത്.
‘കിരീട’ത്തിലെ അച്യുതൻ നായരെ നോക്കൂ.
എത്ര താളനിബദ്ധമായാണ് ലോഹി, സിനിമയ്ക്കൊപ്പം അച്യുതൻ നായരെയും ദുരന്തമുഖത്തേയ്ക്ക് നയിക്കുന്നത്. കവിയൂർ പൊന്നമ്മയുടെ മടിയിൽ കിടന്ന് മുടിയിഴകളിൽ തലോടപ്പെടുന്ന മോഹൻലാലിൽനിന്ന്, ‘ജീവിതം എനിക്ക് നഷ്ടപ്പെടുകയാണമ്മേ’ എന്ന് വിഹ്വലപ്പെടുന്ന മോഹൻലാലിലേക്കുള്ളതിനേക്കാൾ കൂടുതൽ വേവുന്ന പാഥേയമാണ് അച്ഛനിലേക്കയാൾക്കുള്ളത്.
‘നിന്റെ അച്ഛനാടാ പറയുന്നത്’ എന്ന് തിലകൻ ശബ്ദഗാംഭീര്യത്തിനിടയിലും കേഴുമ്പോൾ തോന്നാറുണ്ട് ‘ആയിരം കൈ നീട്ടി നിന്നു സൂര്യതാപമായ് താതന്റെ ശോകം’ എന്ന് കൈതപ്രം എഴുതുന്നിടത്ത് ‘കിരീടം’ അതിന്റെ സമസ്താർത്ഥത്തിലും ജ്വലിക്കുന്നുണ്ടെന്ന്.
‘അമ്മക്കുട്ടി’യായി കാണപ്പെടുമ്പോഴും അച്ഛന്റെ മകനാകുന്ന സേതു ലോഹിയുടെ പിതൃ-പുത്ര സങ്കൽപ്പങ്ങളുടെ നേർക്കാഴ്ച്ചയാണ്.
“ഞാൻ മരിച്ചു പോയാൽ എന്റെ അച്ഛനോടു നീ പറയണം ലോകത്ത് ഞാനിത്ര മാത്രം മറ്റൊരാളേയും സ്നേഹിച്ചിട്ടില്ലെന്ന്. എല്ലാ മോഹങ്ങളും ഞാൻ തകർത്തു. മാപ്പ് പറഞ്ഞൂന്നു പറയണം…“
ചിത്രത്തിലൊരിടത്ത് സേതു സുഹൃത്തിനോട് പറയുന്നുണ്ട്. ആദ്യമായും, ആത്യന്തികമായും അയാൾ അച്ഛന്റെ പിന്തുടർച്ച തന്നെയായിരുന്നു. അച്യുതൻ നായരാകട്ടെ, വ്യക്തിജീവിതത്തിനുമപ്പുറം മകന്റെ ഔദ്യോഗികജീവിതം പോലും തന്റേതിനു പിന്തുടർച്ചയാകണം എന്ന സ്വപ്നം കണ്ടയാളുമായിരുന്നു. എപ്പോഴെങ്കിലും അയാൾക്ക് സേതു കീരിക്കാടനിൽ നിന്നും തന്നെ രക്ഷിക്കുന്നതോർത്ത് അഭിമാനമോ, സന്തോഷമോ തോന്നിയിട്ടുണ്ടാകില്ലേ എന്ന് ഇടയ്ക്ക് തോന്നിയിട്ടുണ്ട്. കാരണം അയാൾ അത്രയധികം സ്നേഹം ആ ബന്ധത്തിൽ നിക്ഷേപിച്ചിട്ടുണ്ടായിരുന്നല്ലോ. പിന്നീടാണ് മനസ്സിലായത് ആ സ്നേഹം തന്നെയായിരിക്കണം അത്തരമൊരഭിമാനം തോന്നുന്നതിൽ നിന്ന് അയാളെ തടഞ്ഞതെന്ന്.
എത്ര തവണ വായിക്കുമ്പോഴും മുഴുവനായും പിടി തരാത്ത എന്തോ അവ്യാഖ്യേയമായ സങ്കീർണ്ണതയുണ്ട് അയാൾക്കും സേതുവിനുമിടയിലെ ബന്ധത്തിനെന്ന്, ചെങ്കോലിലെ ലാലിന്റെ ചുമരിലൂടെയുള്ള ഊർന്നിറങ്ങലിലും, പരമത്തകർച്ചയിലും, തിലകന്റെ ആ നോട്ടത്തിലും തോന്നും.
അവർ മുഴുവനായും പെയ്തുതീരാത്ത ഒരച്ഛനും,മകനുമായിരുന്നു.

അമരത്തിലെ അച്ചൂട്ടിയിലേക്കെത്തുമ്പോൾ പിതാവെന്ന സങ്കല്പത്തിന്റെ ഏറ്റവും ആമാദിമമായ ചില രേഖാചിത്രങ്ങൾ മമ്മൂട്ടിയുടെ പാത്രസൃഷ്ടിയിൽ കാണാം. കിരീടത്തിൽ(ചെങ്കോലിലും)മകന്റേതാണ് പെർസ്പെക്ടീവെങ്കിൽ ‘അമര’ത്തിലത് അച്ഛന്റേതാണ്. അയാളോട് നിങ്ങളുടെ മകൾ ആരാകണമെന്നാണാഗ്രഹം എന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ചോദിക്കുമ്പോൾ ‘ഡോക്കിട്ടറാക്കണം, കളക്ടറുമാക്കണം, എഞ്ചിനീയറുമാക്കണം, ടീച്ചറുമാക്കണം. ഇതെല്ലാമാക്കണം. എന്നാലും ഡോക്കിട്ടറായാൽ മതി’ എന്നു പറയുന്നിടത്ത് മറ്റൊരച്യുതൻ നായരെത്തന്നെ അഭവപ്പെടാറുണ്ട്.
ഓർമ്മകൾ കൊണ്ടുകൂടിയാണയാൾ മകളെയൂട്ടുന്നത്:
“പെറ്റ് കണ്ണ് തുറക്കും നിന്നെ എന്റെ കയ്യിൽ തന്ന് പോയതാണ് അമ്മ. മകൾക്ക് അറിയാവോ, ചോര പോയാണ് അമ്മ മരിച്ചത്. മുണ്ടും പായയും ഒക്കെ ചോര!”
ആ ഓർമ്മകളിൽ നിന്നും മുക്തനാകാൻ കഴിയാത്തതുകൊണ്ടു കൂടിയാവണം മുത്തിന്റെ തീരുമാനങ്ങൾ അയാൾക്ക് പ്രഹരമായനുഭവപ്പെടുന്നതും.
ഒരർത്ഥത്തിൽ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നത്തെ ചതച്ചരയ്ക്കുന്ന മക്കളെയാണ് ‘കിരീട’ത്തിലും, ‘അമര’ത്തിലും ലോഹിയുടെ അച്ഛന്മാർ സ്നേഹിക്കുന്നത്.

‘പാഥേയ’ത്തിലെ ചന്ദ്രദാസ് സത്യത്തിൽ ‘ദശരഥ’ത്തിലെ രാജീവ് മേനോന്റെ ഒരു ലോജിക്കൽ എക്സ്റ്റൻഷൻ തന്നെയാണ്.
‘ദശരഥ’ത്തിന്റെ ക്ലൈമാക്സിൽ നിറഞ്ഞ മനസ്സോടെ തന്റെ കൂടി കുഞ്ഞിനെ ആനിയ്ക്കൊപ്പം പറഞ്ഞയയ്ക്കുന്ന രാജീവ് ഒരുപക്ഷേ ആ കുഞ്ഞിനെത്തേടി തിരിച്ചുവന്നിരുന്നെങ്കിൽ അന്നയാളെ വേണമെങ്കിൽ ചന്ദ്രദാസെന്നു വിളിക്കാവുന്നതേയുള്ളൂ.
അത്രമേൽ നേർത്തതാണ് അവർക്ക് ഇരുവർക്കുമിടയിലെ വ്യത്യാസം. ചന്ദ്രദാസിനെപ്പോലെ രാജീവും പക്ഷേ തോറ്റുപോകുന്നൊരച്ഛനാണ്, അയാളാ കുഞ്ഞിനായി തിരിച്ചു വന്നിരുന്നെങ്കിൽ!
കൗരവരിലെ ആന്റണിയും വളരെ സങ്കീർണ്ണമായ ഒരു പാരന്റൽ ട്രെയിറ്റ് ഉള്ള കഥാപാത്രമാണ്. പക്ഷേ ലോഹിതദാസെന്ന തിരക്കഥാകൃത്ത് നമ്മെ വിസ്മയിപ്പിക്കുന്നത് ആന്റണിക്കൊപ്പം തന്നെ തലയുയർത്തി നിൽക്കുന്ന മറ്റൊരു പിതൃബിംബത്തെക്കൂടി തിരക്കഥയിൽ പ്ലേസ് ചെയ്തുകൊണ്ടാണ്; വിഷ്ണുവർദ്ധന്റെ ഹരിദാസ്. സിനിമയുടെ ഏറ്റവും പിവട്ടലായ പോയന്റുകളിലൊന്നിൽ ഒരു പ്രതികാരകഥയെ അച്ഛന്റെ സ്നേഹമെന്ന ആശയത്തിൽ അത്രമേൽ മനോഹരമായി ചേർത്തുബന്ധിക്കുന്നുമുണ്ട് അയാൾ.

ഭൂതക്കണ്ണാടിയിലെ വിദ്യാധരനും, വളയത്തിലെ ഗോവിന്ദനാശാനുമൊക്കെ തൊങ്ങൽ ചാർത്തുന്ന ആ ലിസ്റ്റിലെ മറ്റൊരു ഐക്കണിക് കാരക്ടറാണ് വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമ.
ടിപ്പിക്കൽ ലോഹി പിതൃ-പുത്ര ബന്ധങ്ങളിൽ നിന്ന് വ്യത്യസ്തമായി കണ്ണീരിഴിലാഴ്ത്താതെ അവസാനിക്കുന്നുണ്ടെങ്കിലും,’ജീവിതത്തിന്റെ ഫീസില്ലാക്കോഴ്സ് ‘ പഠിപ്പിക്കുന്ന ആ അച്ഛൻ ലോഹിയുടെ മറ്റൊരു ഈടുറ്റ പെഴ്സ്പെക്ടീവായിരുന്നു.
കാരുണ്യത്തിലെ ഗോപിമാഷും സതീശനും നെരിപ്പോടായി കത്തുന്ന മറ്റൊരച്ഛനും മകനുമാണ്. സേതുവിന് ലോഹി കൊടുത്ത ദൗർഭാഗ്യത്തിന്റെ മറ്റൊരു കിരീടാവകാശിയാണ് സത്യത്തിൽ സതീശൻ. ബന്ധങ്ങൾക്കിടയിലെ ഏറ്റവും ഗ്രേയായ ഷേഡുകളെ ലോഹിയിലെ എഴുത്തുകാരൻ ആറ്റിക്കുറുക്കിയ വാക്കുകളാൽ സംഗ്രഹിക്കുന്നത് വല്ലാത്തൊരു കാഴ്ച്ചയാണ്.
“അച്ഛന് നടുവേദനയൊന്നുമില്ലല്ലോ” എന്ന് സതീശന്റെ ചോദ്യത്തിന് ഭാര്യ “ഇല്ല” എന്നു പറയുന്നുണ്ട്.
അപ്പോൾ അയാൾ ഭാഗ്യമെന്ന് പറയും.
ആ സമയം കത്തിയേക്കാൾ മൂർച്ചയോടെ ദിവ്യാ ഉണ്ണി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
“ആരുടെ?”എന്ന്.
ഒരു മകനെന്ന നിലയിൽ സതീശൻ ആത്മവേദനയുടെ പാതാളങ്ങളിലേക്ക് തകർന്നു വീഴുകയാണവിടെ. ക്ലൈമാക്സിനു തൊട്ടുമുമ്പെ അച്ഛനോടയാൾ മാപ്പു ചോദിക്കുന്നുണ്ട്.
പെട്ടെന്നൊരു മഴ പെയ്തു തുടങ്ങുമ്പോൾ കുട നിവർത്തുന്ന മാഷ് ആദ്യം നനയാതെ നിർത്തുന്നത് മകനെയാണ്.
ലോഹിയുടെ അച്ഛന്മാരോളം മക്കളെ ചേർത്തുപിടിച്ചവർ(പിന്നീടെങ്ങനെയൊക്കെയോ നോവിച്ചവരും) കുറവാണ്. ആത്മനിന്ദയുടെ ചെങ്കോലുകൾ പരസ്പരം വെച്ചു മാറി കാഴ്ച്ചക്കാരനെ വേദനയുടെ നിലയ്ക്കാത്ത പെരുമഴപ്പെയ്ത്തിലേക്ക് വലിച്ചിടുന്നവരാണ് അവർ. ലോഹിയുടെ അമ്മമാരേക്കാൾ കൂടുതൽ മക്കളെ സ്നേഹിച്ചതും, അവരെച്ചൊല്ലി വേദനിച്ചതും അയാളുടെ അച്ഛന്മാർ തന്നെയാവണം.
‘നിന്റെ ആയുസ്സിനു വേണ്ടി ഞാനവളെ കൊന്നു ‘എന്നു മകനോട് പറയുമ്പോൾ ജാതകത്തിലെ തിലകന്റെ കണ്ണുകളിൽ കുറ്റബോധത്തിനൊപ്പം തന്നെ ഉറവിടുന്ന അടങ്ങാത്ത സ്നേഹത്തിന്റെ ഒരുരുൾപൊട്ടലുണ്ട്.
സ്നേഹ വഴികളിലെ ഉന്മാദം എത്രത്തോളം അപകടകാരിയാകാമെന്ന് അതിൽ വായിക്കാം. മക്കളുടെ നന്മ എന്ന ഏകധ്രുവത്തിൽ നിന്ന് കണ്ണെടുക്കാതെ യാത്ര ചെയ്യുന്നവരായിരുന്നു ലോഹിയുടെ അച്ഛന്മാരൊക്കെയും തന്നെ.

ലോഹിതദാസിന്റെ അച്ഛന്മാരെക്കുറിച്ചോർക്കുമ്പോൾ എപ്പോഴും മനസ്സിലേക്കോടിയെത്തുന്നത് ആ വാചകമാണ്; നിന്നനിൽപ്പിൽ ഒരു പെരുമഴയത്തേക്കെടുത്തെറിയുന്ന ഈച്ചരവാര്യരുടെ ആ വാചകം.

“പക്ഷെ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്…?”
ലോഹിയുടെ അച്ഛന്മാരും, മക്കളും മഴ നനഞ്ഞ്, ഈർപ്പത്തിൽ കുതിർന്ന്, സ്വയമേവ അലിഞ്ഞില്ലിതാവുന്നവരാണ്; അത്രമേൽ നമ്മോട് ചേർന്നു നിന്നവർ.

Back to top button
error: