NEWS

തങ്ങൾ പറഞ്ഞ ആൾക്ക് നിയമനം നൽകിയില്ലെങ്കിൽ നിയമനം നടത്തുന്ന സർവകലാശാലയെയും, നിയമനം ലഭിച്ച ഉദ്യോഗാർഥിയെയും അവരുടെ കുടുംബത്തെയും അപകീർത്തിപ്പെടുത്തിക്കളയും എന്ന ദാർഷ്ട്യം അക്കാദമികമല്ല, ഗുണ്ടായിസമാണ് -ഡോ: മുഹമ്മദ്‌ സഗീർ

കാലടി സംസ്കൃത സർവകലാശലയെപ്പറ്റി ഇപ്പോൾ കേരളത്തിൽ നടക്കുന്നത് വിഷയ ദരിദ്രരുടെ ഉപജാപമല്ലാതെ മറ്റെന്താണ്.
കേരളത്തിലെ ഇതര സർവകലാശാലകളെ അപേക്ഷിച്ച് നിയമനകാര്യങ്ങളിൽ ഏറ്റവും നല്ല ട്രാക് റെക്കോർഡാണ് സംസ്കൃത സർവകലാശാലക്ക്. അധ്യാപക, അനധ്യാപക നിയമനങ്ങൾ പൊതുവെ കുറ്റമറ്റ രീതിയിലാണ് ഇതേവരെ സർവകലാശാല നടത്തിയിട്ടുള്ളത്. അൻപതിലധികം അധ്യാപക തസ്തികകളിലേക്കാണ് ഇത്തവണ നിയമനനടപടി.പൊതുവെ ആക്ഷേപമില്ലാതെയാണ് നിയമനപ്രക്രിയ പുരോഗമിക്കുന്നത്. എന്നാൽ മലയാളവിഭാഗത്തിലെ അസിസ്റ്റന്റ് ലക്ച്ചറർ നിയമനമാണ് – അതിലെ മുസ്ലിം റിസർവേഷൻ- ഇപ്പോൾ ചിലർ വിവാദമാക്കിയിരിക്കുന്നത്. അത് വളരെ യാദൃശ്ചികം ആണ് എന്ന് ഒരുതരത്തിലും കരുതാനാവില്ല. വിവാദമുണ്ടാക്കിയവർക്ക് മത, രാഷ്ട്രീയ താത്പര്യങ്ങളോടൊപ്പം സർവകലാശാലയുടെ ഇപ്പോഴത്തെ ഭരണത്തെ അപകീർത്തിപ്പെടുത്തുക എന്നത് കൂടിയുണ്ടായിരുന്നെന്ന് വേണം കരുതാൻ.. വരുന്ന നിയസഭാ തിരഞ്ഞെടുപ്പിന് മുൻപായി സംസ്കൃത സർവകലാശാലക്കെതിരെ വലിയ വാർത്തകൾ സൃഷ്ടിക്കാൻ അങ്കമാലി കേന്ദ്രീകരിച്ച് പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം ചില ശ്രമങ്ങൾ നടത്തിവരുന്നതിനിടയിലാണ് മലയാളവിഭാഗത്തിലെ അധ്യാപക നിയമനം ചിലർ വിവാദമാക്കുന്നത്.

ഇരുപത്തിയെട്ടാം തീയതിയിലെ സിന്റിക്കേറ്റ് യോഗത്തോടെ നിയമനം സംബന്ധിച്ച ചില സുപ്രധാന രേഖകൾ ചോർന്ന് ലഭിക്കും എന്നും അതിനെ വിവാദമാക്കാം എന്നും കരുതിയിരുന്ന ചില ആളുകൾക്ക് കടുത്ത നിരാശയായിരുന്നു ഫലം. എന്നാൽ മലയാള വിഭാഗത്തിന്റെ ഇന്റർവ്യൂ ബോർഡിലെ മൂന്ന് ആളുകൾ തങ്ങൾ നേരത്തെ തീരുമാനിച്ചുറപ്പിച്ച് ഏത് വിധേനയും ഒന്നാം സ്ഥാനത്ത് എത്തിക്കണം എന്ന് കരുതിയ ആൾ റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇല്ല എന്നറിഞ്ഞതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ ഒന്നാം റാങ്ക് കാരിയായ ആളെ ജോയിൻ ചെയ്യിപ്പിക്കാതെ ഏത് വിധേനെയും ഒഴിവാക്കിക്കുക എന്ന ലക്ഷ്യത്തോടെ കൂലിക്കെഴുത്തുകാരെയും, അന്തിച്ചർച്ചക്കാരെയും രംഗത്തിറക്കി. ആദ്യം ഇറക്കിയത് കെ. എം. ഷാജഹാനെയായിരുന്നു. ഇരുപത്തിയൊൻപതാം തീയതി വൈകീട്ടോടെ സഖാവ് എം. ബി. രാജേഷിനെ അധിക്ഷേപിച്ചുകൊണ്ടുള്ള ഷാജഹാന്റെ വീഡിയോ ഓൺലൈൻ ആയി പുറത്ത് വന്നിരുന്നു. എം ബി രാജേഷിനെയും, ഭാര്യയെയും സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തും എന്നതിന്റെ ആദ്യ സൂചനയായിരുന്നു ഷാജഹാന്റെ വീഡിയോ. “ഇനി സഖാവ് രാജേഷിന് മനസ്സ:മാധാനത്തോടെ രാഷ്ട്രീയപ്രവർത്തനം നടത്താം, ഭാര്യക്ക് സംസ്കൃത സർവകലാശാലയിൽ ഏതാണ്ട് ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി” എന്നായിരുന്നു ഷാജഹാന്റെ വീഡിയോ തുടങ്ങുന്നത് തന്നെ. ഡോ. നിനിതക്ക് ഗവർമെന്റ് ഹയർ സെക്കണ്ടറിയിൽ ഇപ്പോൾ തന്നെ സാമാന്യം നല്ലൊരു തുക ശമ്പളം ഉണ്ടെന്നതും രാജേഷ്‌ സഖാവിന് സ്വന്തം ചിലവിന് പാർലമെന്റ് മെമ്പറായിരുന്നതിന്റെ പെൻഷൻ ഉണ്ട് എന്നതും മറച്ചുവച്ചായിരുന്നു ഷാജഹാന്റെ അപവാദ വീഡിയോ. തൊട്ട് പിന്നാലെ അഡ്വക്കറ്റ് ജയശങ്കറും സമാന രീതിയിൽ വീഡിയോ പുറത്തിറക്കി .

തൊട്ടടുത്ത ദിവസം തന്നെ ഡോ: ഉമർ തറമേൽ തന്റെ ഫേസ് ബുക്ക്‌ പേജിലൂടെ സംസ്കൃത സർവകലാശാലയിൽ താൻ കൂടി വിദഗ്ധനായി പങ്കെടുത്ത മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്ഥികയിലേക്കുള്ള റാങ്ക് ലിസ്റ്റിൽ അട്ടിമറി ആരോപിച്ചു. തുടർന്ന് മുപ്പത്തിയൊന്നാം തീയതി രാത്രിയോടെ അനധികൃതമായ ഈ നിയമനം മരവിപ്പിച്ച് നിലവിലെ ഒന്നാം റാങ്ക് കാരിയെ ഒഴിവാക്കണം എന്ന് ഇന്റർവ്യൂ ബോർഡിലെ മൂന്ന് അംഗങ്ങൾ വൈസ് ചാൻസലർക്ക് ഒരു കത്തെഴുതി. അതിന്റെ കോപ്പി മറ്റൊരാൾ ഒന്നാം റാങ്കുകാരിയായ ആൾക്ക് എത്തിക്കുന്നു. മാത്രമല്ല ഈ നിയമനത്തിൽ നിന്നും പിൻവാങ്ങിയില്ലെങ്കിൽ ഒരുപാട് അപമാനം നേരിടേണ്ടി വരുമെന്ന ഭീഷണിയും ഉപദേശവും ഒന്നാം റാങ്ക് കാരിക്ക് നൽകുന്നു. ഇതോടെയാണ് ഏത് വിധേനെയും നിനിത കണിച്ചേരി എന്ന ഒന്നാം റാങ്കുകാരിയെ പുറത്താക്കുക എന്നുള്ള ഉമ്മർ തറമേൽ എന്ന അക്കാദമിക് വിദഗ്ദന്റെ യഥാർത്ഥ ഉദ്ദേശം പുറത്തായത്. താൻ അണിയുന്ന റിലിജിയസ് ഫാബ്രിക്കിൽ കൊരുക്കാവുന്ന ഒരു മുത്തല്ല നിനിത കാണിച്ചേരിയെന്നത് അതിൽ ഏറ്റവും അവസാനത്തേത് മാത്രം. യഥാർത്ഥത്തിൽ ഉമർ തറമേൽ, കെ എം ഭരതൻ എന്നീ പാനലിസ്റ്റുകളുടെ ഇഷ്ട ഉദ്യോഗാർഥിയും ഒന്നാം സ്ഥാനത്ത് വരുത്താൻ ശ്രമിച്ചതും ഇപ്പോഴത്തെ മൂന്നാം റാങ്കുകാരനെയാണ് എന്നാണ് മനസ്സിലാകുന്നത്. എന്നാൽ Dr. ടി. പവിത്രൻ എന്ന വിദഗ്ദൻ ഇപ്പോഴത്തെ രണ്ടാം റാങ്കുകാരിയെയും. ഇക്കാര്യത്തെ ച്ചൊല്ലി മൂന്ന് അംഗങ്ങളും തമ്മിൽ ഭിന്നത ഉണ്ടായിരുന്നതായും അറിയുന്നു. അതിന് പ്രത്യേക കാരണങ്ങളും ഉണ്ട്. അവസാനം മൂന്ന് പേരും തമ്മിൽ കൂടിയാലോചിച്ച് നിനിത മൂന്നാമത് വരുന്ന രീതിയിൽ മാർക്കിട്ട് നൽകി എന്നതും ഉമർ തറമേലിന്റെ തന്നെ കത്തിൽ നിന്ന് വ്യക്തമാണല്ലോ. തങ്ങൾ ഒന്നാം റാങ്ക് നൽകുന്ന ആൾ വടക്കൻ കേരളത്തിലെ ഒരു എയ്ഡഡ് കോളേജിൽ അധ്യാപികയായി സമീപഭാവിയിൽ തന്നെ നിയമിക്കപ്പെടും എന്നും അപ്പോൾ ഉണ്ടാകുന്ന ഒഴിവിൽ രണ്ടാമത്തെ റാങ്ക് കാരന് നിയമനം ലഭിക്കണം എന്നുമുള്ള വളരെ കൃത്യമായ കണക്ക് കൂട്ടലിലല്ലേ മൂന്ന് പേരും ചർച്ച ചെയ്ത് മാർക്ക് നൽകിയത്. എന്നാൽ ഇവർ നൽകിയ മാർക്കിന്റെ കൂടെ ഇന്റർവ്യൂ ബോർഡിലെ മറ്റ് പാനലിസ്റ്റുകളുടെ മാർക്ക്‌ കൂടി ചേർത്ത് റാങ്ക് ലിസ്റ്റ് തയാറാക്കിയപ്പോൾ തങ്ങൾ നൽകിയ ലിസ്റ്റ് തലകീഴ് മറിഞ്ഞു. അതാണ് ഉമർ തറമേൽ എഴുതിയ എഫ് ബി പോസ്റ്റിൽ റാങ്ക് ലിസ്റ്റിനെ ശീർഷാസനം നടത്തി എന്ന് പറഞ്ഞത്.

കോഴിക്കോട് സർവകലാശാലയിലെ മലയാളവിഭാഗത്തിൽ ഉമർ തറമേൽ എന്ന പാനലിസ്റ്റിനോടൊപ്പം ഗസ്റ്റ് ലക്ച്ചറർ ആയ ആളെ മൂവർ സംഘം നന്നായിത്തന്നെ സഹായിച്ചു എങ്കിലും അതിലെല്ലാമുപരിയായ താത്പര്യമായിരുന്നു മൂന്നാമത്തെയാളോട് ഉമർ തറമേലിന് എന്നത് കൂടി അറിയണം. അതിൽ മതമുണ്ട് രാഷ്ട്രീയവുമുണ്ട്. മതമെന്നത് ഇദ്ദേഹം അറിയപ്പെടുന്ന ഒരു മൗദൂദിസ്റ്റ് (ജമാഅത്തെ ഇസ്ലാമി) എന്നത് തന്നെ. അതായത് ഉമ്മർ തറമേൽ പ്രതിനിധാനം ചെയ്യുന്ന മതവാദത്തിന്റെ അതി ശക്തനായ പ്രതിനിധി. രാഷ്ട്രീയം എന്നത് നല്ല വെടിപ്പായ ഇടതുപക്ഷ (സി പി എം ) വിരുദ്ധത. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ വടക്കൻ കേരളത്തിൽ കണ്ടു വരുന്ന കുലം കുത്തി രാഷ്ട്രീയം. ഇതിലെല്ലാമുപരി തന്റെ അരുമ ശിഷ്യനും, സ്വഹാബിയും, ഉറ്റ ഹബീബുമായ ആൾക്ക് ഇനിയുമൊരു സ്ഥിരാദ്ധ്യാപക തസ്തികക്ക് അപേക്ഷിക്കാൻ കഴിയാത്തവിധം പ്രായപരിധി കഴിഞ്ഞിരിക്കെ തനിക്ക് ലഭിച്ച എറ്റവും വലിയതും എന്നാൽ അവസാനത്തേതുമായ അവസരം ഉപയോഗപ്പെടുത്തി ഏത് വിധേനെയും ഒരു സ്ഥിരാദ്ധ്യാപക തസ്തിക തരപ്പെടുത്തി കൊടുക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഉമർ തറമേൽ ഇത്തരം തറവേലകൾ കാട്ടിക്കൂട്ടിയത്. സർവകലാശാലയിലെ മലയാള വിഭാഗത്തിൽ ഇയാളെ കയറ്റുക എന്നത് മറ്റു ചിലരുടെയും വ്യക്തമായ അജണ്ടയായിരുന്നു. അതിന് കാർമികത്വം വഹിച്ച പ്രധാനികളിൽ ഇദ്ദേഹത്തിന്റെ റിസർച് ഗൈഡ് അടക്കം കേരളത്തിലെ സർക്കാർ, പ്രൈവറ്റ് കോളേജ് അദ്ധ്യാപക സംഘടനയിലെ ചില ആളുകളും ശക്തമായി തന്നെ ഇടപെട്ടീട്ടുണ്ടത്രേ. ഉമർ തറമേൽ തന്റെ ഏറ്റവും പുതിയ എഫ്. ബി. പോസ്റ്റിലും താൻ ഉണ്ട്കൊണ്ടിരുന്നപ്പോൾ ഉൾവിളിയുണ്ടായിട്ടാണ് ഇന്റർവ്യൂ ബോർഡിൽ അംഗമായതെന്ന മട്ടിലാണല്ലോ പറഞ്ഞിരിക്കുന്നത്. അങ്ങനെ വളരെ അവിചാരിതമായി, തനിക്ക് മുൻകൂട്ടി അറിവില്ലാതെയാണ് ഇന്റർവ്യൂ ബോർഡിൽ അംഗമായതെന്നും ഇതിൽ യാതൊരു ഉപജാപവും നടന്നീട്ടില്ലെന്നും ഉമർ തറമേലിന് തറപ്പിച്ച് പറയാമോ. ഉമർ തറമേൽ സഖാവ് എം. ബി. രാജേഷിനെ ഇക്കാര്യത്തിൽ കൂടുതൽ വെല്ലുവിളിക്കാതെയിരിക്കുന്നതാണ് ഉചിതം. താൻ ഒരിക്കൽ ജോലിക്ക് ശ്രമിച്ച് പരാജയപ്പെട്ട സംസ്കൃത സർവകലാശലയെ കിട്ടിയ അവസരത്തിൽ ഇകഴ്ത്തുക, അവിടെ പൊതുവെ ശക്തിയുള്ള ഇടതുപക്ഷ ചേരിയെ ദുർബലപ്പെടുത്തുക എന്നതോടൊപ്പം കേരളത്തിലെ പരിണത പ്രജ്ഞരായ രാഷ്ട്രീയ പ്രവർത്തകരെ അപമാനിക്കുക എന്നതും ഇക്കൂട്ടർ ലക്ഷ്യം വയ്ക്കുന്നുണ്ടല്ലോ. ഒരർത്ഥത്തിൽ സഖാവ് എം. ബി. രാജേഷിനെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ച് അദ്ദേഹത്തെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യം മറ്റാർക്കൊക്കെയോ വേണ്ടി ഈ സംഘം നിറവേറ്റി എന്നും കരുതാം. ഞാൻ നേരത്തെ സൂചിപ്പിച്ച ആളുകളുടെ ഈ വിഷയത്തിലുള്ള ശക്തമായ ഇടപെടൽ ഇക്കാര്യം ശരിവയ്ക്കുന്നു. ഫ്രട്ടേർണിറ്റി മൂവ്മെന്റ് സഖാവ് എം. ബി. രാജേഷിന്റെ പാലക്കാട്ടുള്ള വീട്ടിലേക്ക് മാർച്ച്‌ ചെയ്തത് എന്തിനെയാണ് സൂചിപ്പിക്കുന്നത്. സർവകലാശാലയിൽ പ്രതിഷേധിച്ച കെ എസ് യു ക്കാർ മുഖ്യമന്ത്രി പിണറായി വിജയനെയാണ് തെറി വിളിച്ചത്.
കേരളത്തിലെ ഇതര സർവകലാശാലകളെ അപേക്ഷിച്ച് ഏറ്റവും നല്ല മലയാളവിഭാഗം പ്രവർത്തിക്കുന്നത് സംസ്കൃത സർവകലാശാലയിൽ തന്നെയാണ്. ഈ സർവകലാശാലയുടെ തുടക്കം മുതൽ അങ്ങനെതന്നെയാണെന്ന് പറയാം. മൂന്ന് പതിറ്റാണ്ടിലേറെ അക്കാദമിക് പ്രവർത്തന പാരമ്പര്യമുള്ള ഡോ: ധർമരാജ് അടാട്ട് വൈസ് ചാൻസലർ ആയി പ്രവർത്തിക്കുന്ന ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ അക്കാദമിക് പ്രവർത്തനത്തിന് നിയോഗിക്കപ്പെടുന്ന ആളുകൾ ഏത് നിലവാരത്തിലുള്ളവരാകണം എന്നതിനെ പറ്റി അദ്ദേഹത്തിന് ഒരു സാമാന്യ ധാരണ ഉണ്ടാകുമല്ലോ.

ഒരു സർവകലാശലയിലെ അധ്യാപകർ മറ്റൊരു സർവകലാശാലയിലെ നിയമന പ്രക്രിയയിൽ പാനലിസ്റ്റുകളായി പങ്കെടുത്ത ശേഷം ടി പ്രക്രിയ മുഴുവൻ തട്ടിപ്പാണെന്ന് പ്രചരണം നടത്തി രംഗത്ത് വരുന്നത് ഒരു പക്ഷെ കേരളത്തിൽ ആദ്യമായിട്ടായിരിക്കും. തങ്ങൾ പറഞ്ഞ ആൾക്ക് നിയമനം നൽകിയില്ലെങ്കിൽ നിയമനം നടത്തുന്ന സർവകലാശാലയെയും, നിയമനം ലഭിച്ച ഉദ്യോഗാർഥിയെയും അവരുടെ കുടുംബത്തെയും അപകീർത്തിപ്പെടുത്തിക്കളയും എന്ന ദാർഷ്ട്യം അക്കാദമികമല്ല, ഗുണ്ടായിസമാണ്. ഫ്രട്ടേർണിറ്റി മൂവ്മെന്റ് മുതൽ മൂത്ത കോൺഗ്രസ്സ്കാർ വരെ, കെ. എം. ഷാജഹാൻ മുതൽ, ജയശങ്കർ വരെയുള്ളവരെ ഉപയോഗപ്പെടുത്തി അഭിമാനത്തോടെ തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയെ, അന്തസ്സോടെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന അവരുടെ ഭർത്താവിനെ, അവരുടെ കുടുംബത്തെ അപമാനിച്ചു എന്നതാണ് നിങ്ങൾ നടത്തിയ ഉപജാപത്തിന്റെ ഫലം. അത് തന്നെയായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യവും.

ഉമർ തറമേൽ എന്ന മൗദൂദിസ്റ്റ് ഇപ്പോഴും തന്റെ സ്വത്വ രാഷ്ട്രീയം പുതു തലങ്ങളിലേക്ക് ആഴത്തിൽ പതിപ്പിക്കാനും പ്രചരിപ്പിക്കാനും ഏതെങ്കിലും ഇടതുപക്ഷ പ്ലാറ്റ്ഫോം തന്ത്രപൂർവം ഉപയോഗപ്പെടുത്തുന്നു എങ്കിൽ ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ ഇനിയെങ്കിലും വേണ്ടത്ര ജാഗ്രത കാണിക്കും എന്ന് ആശിക്കാം. നിയമപരമായി കോൺസ്റ്റിറ്റുട്ട് ചെയ്യപ്പെട്ട ഒരു അക്കാദമിക് ബോഡിയിൽ അംഗമായിരുന്ന് അതിന്റെ ഔദ്യോഗിക രഹസ്യം ലംഘിച്ച ഉമർ തറമേൽ, ടി. പവിത്രൻ, കെ. എം. ഭരതൻ എന്നീ അധ്യാപകർക്കെതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട ചാൻസാലറെ സമീപിക്കാൻ സംസ്കൃത സർവകലാശാല അധികാരികൾ തയ്യാറാകും എന്നും നമുക്കാശിക്കാം.

വാൽകഷ്ണം: “ചെത്തുകാരന്റെ മകൻ മുഖ്യമന്ത്രി ആയാലും ഹെലികോപ്റ്ററിലൊക്കെ യാത്ര ചെയ്യാമോ” എന്ന കോണ്ഗ്രസ് നേതാവ് കെ. സുധാകരന്റെ മില്യൺ ഡോളർ മാടമ്പി ചോദ്യം പ്രബുദ്ധ രാഷ്ട്രീയ കേരളം ചർച്ച ചെയ്താലുണ്ടാകാവുന്ന അപകടം മനസ്സിലാക്കിയ കേരളത്തിലെ പ്രതിപക്ഷ സംഘപരിവാരം ചാനൽ ചർച്ചകളിൽ നിന്നും അതിനെ മുക്കിക്കളയാൻ മേൽ വിവാദത്തെ ഉപയോഗപ്പെടുത്താൻ സാധിച്ചതിൽ അവരെന്നും ഉമർ തറമേലിനോടും സംഘത്തോടും കടപ്പെട്ടിരിക്കും. ഉമർ തറമേൽ ഇനിമേൽ റിക്രൂട്ട്മെന്റ് പണി നിർത്തീത്രെ…ഹൌ!!!! ഇത്ര കടുത്ത തീരുമാനം വേണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: