ലക്നൗ വിമാനത്താവളത്തിൽ ധർണ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹോദരൻ പ്രഹ്ലാദ് മോഡി. തന്നെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ അനുയായികളെ അറസ്റ്റ് ചെയ്തതാണ് പ്രഹ്ലാദ് മോഡിയെ ചൊടിപ്പിച്ചത്.
” ഞാൻ പ്രയാഗ്രാജിലേക്ക് പോകുകയായിരുന്നു. എന്റെ അനുയായികളെ ജയിലിൽ ഇട്ടാൽ ഞാനെങ്ങനെ അവരെ ഉപേക്ഷിച്ചു പുറത്തേക്ക് പോകും. അതുകൊണ്ട് ഞാൻ ഇവിടെ ഇരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഭക്ഷണവും വെള്ളവും വേണ്ടെന്നുവച്ചു. മരിച്ചാലും അനുയായികളെ പുറത്തിറക്കാതെ പോകില്ല. ” പ്രഹ്ലാദ് മോഡി പറഞ്ഞു.
” എന്താണ് സംഭവിച്ചത് എന്ന് ഞാൻ പൊലീസിനോടു ചോദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവ് ഉണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടി. എന്നാൽ അത് കാണിക്കാൻ ആവശ്യപ്പെട്ടു. അവർ ഉത്തരവിന്റെ കോപ്പി കാണിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസിനെ അപമാനിക്കാൻ ചെയ്യുന്നതാവും അവർ. ” പ്രഹ്ലാദ് മോഡി പറഞ്ഞു.
വിമാനത്താവളത്തിലെ അതിജാഗ്രത മേഖലയിൽ സെക്ഷൻ 144 ലംഘിച്ച് ഒത്തുകൂടിയതിനാണ് പ്രഹ്ലാദ് മോഡിയുടെ അനുയായികളെ അറസ്റ്റ് ചെയ്തതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. നൂറോളം അനുയായികളാണ് പ്രഹ്ലാദ് മോഡിയെ സ്വീകരിക്കാൻ എത്തിയിരുന്നത്. എന്തായാലും അനുയായികളെ വിട്ടയച്ചതിനെ തുടർന്ന് പ്രഹ്ലാദ് മോഡി ധർണ അവസാനിപ്പിച്ച് സ്ഥലംവിട്ടു.